Quantcast

നവകേരള സദസ്സിൽ ഉയർത്തപ്പെടുന്ന ജനാധിപത്യപരമായ ഒരു കാര്യവും ശ്രദ്ധിക്കപ്പെടാതെ പോകില്ല: മുഖ്യമന്ത്രി

ജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പ്രശ്‌നങ്ങളും അറിഞ്ഞുകൊണ്ടുള്ള ഭരണ നിർവഹണമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-11-19 13:33:39.0

Published:

19 Nov 2023 1:30 PM GMT

No democratic issue raised in Nava Kerala sadas will go unnoticed: Chief Minister
X

കാസർകോട്: നവകേരള സദസിൽ ഉയർത്തപ്പെടുന്ന ജനാധിപത്യപരമായ ഒരു കാര്യവും ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്ന് മുഖ്യമന്ത്രി. നവകേരള സദസ്സിൽ ഉയർത്തപ്പെടുന്ന നിർദ്ദേശങ്ങൾ വിലപ്പെട്ടതാണ്. നേരിട്ടെത്തി സംസാരിക്കാൻ കഴിയാത്തവർക്ക് അഭിപ്രായങ്ങൾ എഴുതി നൽകാം. ജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പ്രശ്‌നങ്ങളും അറിഞ്ഞുകൊണ്ടുള്ള ഭരണ നിർവഹണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഞ്ചേശ്വരത്ത് നിന്ന് നവംബർ 18 ന് ആരംഭിച്ച നവകേരള സദസ്സുകളും അതിൽ പങ്കെടുക്കാനുള്ള മന്ത്രിസഭയുടെ യാത്രയും ജനാധിപത്യത്തിന്റെയും ഭരണ നിർവ്വഹണത്തിന്റെയും ചരിത്രത്തിൽ പുതിയ അദ്ധ്യായം രചിക്കുന്നതാണ്. നവകേരള സദസ്സ് എന്ന ആശയവും അതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളും ഒരു തുടർപ്രക്രിയയുടെ ഭാഗമാണ്. ജനാധിപത്യം എന്നത് യാന്ത്രികമായോ ഏകപക്ഷീയമായോ നടപ്പിലാക്കേണ്ട ഒന്നല്ല. ജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പ്രശ്‌നങ്ങളും അറിഞ്ഞുകൊണ്ടുള്ള ഭരണ നിർവ്വഹണം സുപ്രധാനമാണ്.

ജങ്ങളുമായി ബന്ധപ്പെടുന്ന ഓരോ വിഷയങ്ങളും സസൂക്ഷ്മം പഠിച്ചു ഭരണ നേതൃത്വം ഇടപെടണം എന്നതാണ് ഈ സർക്കാരിന്റെ സുദൃഢമായ നിലപാട്. തീരദേശങ്ങളിലെ പ്രശ്‌നങ്ങൾ പഠിച്ചു പരിഹരിക്കാൻ ഫിഷറീസ് മന്ത്രിയുടെ നേതൃത്വത്തിൽ തീരദേശ സദസ്സുകളും വനങ്ങളോടടുത്ത മേഖലകളിലൂടെ വനം മന്ത്രി നേതൃത്വം നൽകി നടത്തിയ വനസൗഹൃദ സദസ്സുകളും ഇതിന്റെ ഭാഗമാണ്. ഇതിന് ശേഷം മന്ത്രിമാർ നേതൃത്വം നൽകിയ താലൂക്ക്തല പരാതി പരിഹാര അദാലത്തുകൾ നടന്നു. ജില്ലാ തലത്തിൽ അവയുടെ പരിശോധനയും അവലോകനവും നടന്നു. പിന്നീട് നാല് മേഖലാ അവലോകന യോഗങ്ങൾ മന്ത്രിസഭയാകെ പങ്കെടുത്ത് നടത്തി. മന്ത്രിമാർ മാത്രമല്ല ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥനിരയും ഇവയിൽ പങ്കെടുക്കുകയും ഓരോ വിഷയവും സമഗ്രമായി അവലോകനം ചെയ്ത് തീരുമാനമെടുക്കുകയും ചെയ്തുവെന്ന് മുഖ്യ മന്ത്രി പറഞ്ഞു.

ഈ പ്രക്രിയയുടെ അടുത്ത ഘട്ടമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സുകൾ. ആദ്യ ദിവസം മഞ്ചേശ്വരത്ത് 1908 പരാതികൾ ലഭിച്ചു. കാസർകോട് ജില്ലയിലെ ടൂറിസം മേഖല സംസ്ഥാനത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഉൾപ്പെടുത്തുന്നതാണെന്നും മികച്ച രീതിയിൽ ഇവ മെച്ചപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story