പോസ്റ്റൽ ബാലറ്റ് പ്രതിസന്ധി; പോളിങ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിന് അവസരമില്ല, അവസരം നൽകണമെന്നാവശ്യപ്പെടുള്ള ഹരജി ഹൈക്കോടതി തള്ളി
എൻജിഒ യൂണിയനടക്കമാണ് ഹൈക്കോടതിയെ സമീപിച്ചത്

കൊച്ചി: പോസ്റ്റൽ ബാലറ്റ് പ്രതിസന്ധിയെ തുടർന്ന് വോട്ട് ചെയ്യാനാകാത്ത പോളിങ് ഉദ്യോഗസ്ഥർക്ക് നിരാശ. ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിന് ഇനി അവസരമില്ല. അവസരം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. വോട്ട് നിഷേധം തെരഞ്ഞെടുപ്പ് ഹരജിയിലൂടെ ഉന്നയിക്കാമെന്നും കോടതി നിർദേശിച്ചു. എൻജിഒ യൂണിയനടക്കമാണ് ഹൈക്കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ കോടതിക്ക് ഇടപെടുന്നതിൽ ഭരണാഘടനപരമായ പരിമിതികളുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. വോട്ട് നിഷേധിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പിന് ശേഷം 'തെരഞ്ഞെടുപ്പ് ഹരജി' വഴി ഈ പ്രശ്നം വീണ്ടും കോടതിയിൽ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.
നേരത്തെ, ഏകദേശം 20,000-ത്തോളം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കമ്മീഷന്‍റെ വീഴ്ച വളരെ ഗുരുതരമാണെന്നും ഉദ്യോഗസ്ഥരുടെ ജനാധിപത്യപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.
നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനാലും തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തിലായതിനാലും ഹരജിക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് കമ്മീഷന്‍റെ നിലപാട്. പോസ്റ്റൽ വോട്ടിങ്ങിനായി നിശ്ചയിച്ചിരുന്ന നിശ്ചിത തീയതികൾ കഴിഞ്ഞ സാഹചര്യത്തിൽ പുതിയ ക്രമീകരണങ്ങൾ വരുത്തുന്നത് നടപടികളെ ബാധിക്കുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് കോടതി വിധി.
Adjust Story Font
16

