Quantcast

'എന്‍റെ ഡാഡിക്ക് സംഭവിച്ചത് പോലെ ഇനി ആർക്കും സംഭവിക്കാൻ പാടില്ല, ഞാൻ കരഞ്ഞ അത്രം വേറൊരു കൊച്ചും കരയാൻ പാടില്ല'; കാട്ടാന ആക്രമണത്തിൽ മരിച്ച അജിയുടെ മകള്‍

കാട്ടാനകള്‍ ഇങ്ങനെ നാട്ടിലിറങ്ങുന്നത് തടയാൻ സംവിധാനം ഉണ്ടാക്കി തരണമെന്നും അൽന പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-02-12 12:47:35.0

Published:

12 Feb 2024 12:46 PM GMT

Ajis daughter, katana attack, wild elephent attack in wayanad, latest malayalam news, അജിയുടെ മകൾ, കാട്ടാന ആക്രമണം, വയനാട്ടിൽ കാട്ടാന ആക്രമണം, ഏറ്റവും പുതിയ മലയാളം വാർത്ത
X

മാനന്തവാടി: വയനാട്ടിൽ കർഷകനായ അജീഷിന്റെ ജീവനെടുത്ത കാട്ടാനയെ പിടികൂടാത്തതിൽ ജനരോഷം ശക്തമാകുകയാണ്. അതിനിടെ അച്ഛന്‍റെ അകലാ വിയോഗത്തിൽ വിങ്ങിപ്പൊട്ടുകയാണ് അജീഷിന്‍റെ മകള്‍ അൽന.

തന്‍റെ ഡാഡിയുടെ അവസ്ഥ ഇനി ഒരാള്‍ക്കും വരരുതെന്നും താൻ കരഞ്ഞതുപോലെ ഇനി ആരും കരയരുതെന്നും പറഞ്ഞ അൽന വയനാട്ടിലെ വന്യമൃഗ ശല്യം തടയാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

'ഇവിടെ കടുവ ഇറങ്ങീട്ട് 27 ദിവസായി, ഇതുവരെ ആ കടുവയെ വനംവകുപ്പ് പിടിച്ചിട്ടില്ല. ഫോറസ്റ്റുകാർക്ക് കൂട് വെക്കാനും ആവശ്യമുള്ള സാധനങ്ങള്‍ കൊണ്ടുപോകാനും എടുക്കുന്നത് എന്‍റെ ഡാഡീടെ ടാക്ടറാ, അതിനെല്ലാം എന്‍റെ ഡാഡി സഹകരിച്ചു, പിന്നെ എന്തുകൊണ്ടാ എന്‍റെ ഡാഡിക്ക് ഇത് പറ്റിയേ... വയനാട്ടിലെ മുക്കാലോളം ജനങ്ങള്‍ക്കും ആന, പുലി, കടുവ, കാട്ടുപോത്ത്, പന്നി, കുരങ്ങ് ഇതിനെയൊക്കെ കൊണ്ട് ശല്യവാ.. എന്‍റെ ഡാഡി ഒരു കർഷകനാ, നെൽ കർഷകൻ. ഡാഡി കഴിഞ്ഞ കൊല്ലം പയറ് വിതച്ചിട്ട് പകുതിയോളം പക്ഷി കൊത്തിക്കൊണ്ട് പോകുവാ. പക്ഷിക്ക് ഭക്ഷണം ഇല്ലാത്തത് കൊണ്ടല്ലേ, സാരല്ല. കാട്ടാനകള്‍ ഇങ്ങനെ നാട്ടിലിറങ്ങുന്നത് തടയാൻ ഒരു സംവിധാനം ഒന്ന് വയനാട്ടിൽ ഉണ്ടാക്കി കൊടുക്കണം. എന്‍റെ ഡാഡിക്ക് സംഭവിച്ചത് പോലെ ഇനി വയനാട്ടിൽ ഒരു മനുഷ്യർക്കും സംഭവിക്കാൻ പാടില്ല. ഞാൻ കരഞ്ഞ അത്രം ഇനി വേറൊരു കൊച്ചും കരയാൻ പാടില്ല. വയനാട്ടിൽ എത്രയോ ആളുകള്‍ കടുവയുടെയും ആനയുടെയുമൊക്കെ ആക്രമണത്തിൽ മരിക്കുന്നുണ്ട്. ഇതുവരെ അതിനൊരു പോംവഴി ഈ മലയോര പ്രദേശത്ത് വന്നിട്ടില്ല. മൂന്ന് മാസം മുൻപ് ഇവിടെ ആന ഇറങ്ങിയിരുന്നു. എന്‍റെ ഡാഡിയും കുറച്ച് ചേട്ടൻമാരുമൊക്കെ ചേർന്ന് അതിനെ കേറ്റി വിട്ടു. ഈ ആന ഇവിടെ വന്നപ്പോഴും എന്‍റെ ഡാഡിയും ഈ ചേട്ടൻമാരുമൊക്കെ തന്നെയാ ഇതിന്‍റെ പിറകെ ഓടിയത്. എന്‍റെ ചേട്ടായിയും ഡാഡിയുമൊക്കെ ആനയെ കണ്ടപ്പോ ഓടി. പക്ഷേ എന്‍റെ ഡാഡി ഓടിയിട്ട് എത്താൻ പറ്റാഞ്ഞിട്ടല്ലേ... എന്‍റെ ഡാഡിക്ക് പറ്റിയത് പോലെ ഇനി വയനാട്ടിലെ ആർക്കും പറ്റരുത്. ഇനി അങ്ങനൊന്നും നടക്കില്ലെന്ന് എനിക്ക് വാക്ക് തരണം. കാട്ടാനക്ക് കാട്ടിൽ എന്തോരം ഭക്ഷണം കിടക്കുന്നുണ്ട്, വെള്ളമില്ലേ പിന്നെ എന്തിനാ കാട്ടാന ഇവിടെ വരണേ... വയനാട്ടിലെ കാടും സംരക്ഷിക്കണം, സംരക്ഷിച്ചിട്ട് അവിടെ ആനയെയോ പുലിയെയോ എന്തിനെ വേണേലും വളർത്തിക്കോ പക്ഷേ നാട്ടിലേക്ക് ഇറങ്ങാൻ ഇടയാക്കരുത്' എന്നാണ് അൽന പറഞ്ഞത്.

ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ മൃതദേഹം ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംസ്കരിച്ചത്. ബേലൂർ മഖ്ന എന്ന കാട്ടാനയാണ് അജീഷിനെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയാണ് കർഷകനായ അജീഷിനെ ആന ചവിട്ടിക്കൊന്നത്. അതേ സമയം കാട്ടാനയെ ഇന്നും മയക്കുവെടിവെക്കാനായിട്ടില്ല. ദൗത്യം നാളെയും തുടരും. മണ്ണുണ്ടിയിലെ കാട്ടിലാണ് നിലവിൽ ആനയുള്ളത്. കോളനിക്ക് സമീപത്ത് വെച്ച് ആനയെ വെടിവെക്കാനാവില്ലെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. കോളനിയിലെ താമസക്കാരുടെ ജീവന് അത് ഭീഷണിയാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സുരക്ഷിതമായി വെടിവെക്കാൻ ഇന്ന് സാഹചര്യം ലഭിച്ചില്ലെന്നും രാത്രി നിരീക്ഷണം ശക്തമാക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

അതേസമയം, മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. വൈകാരിക നിമിഷങ്ങൾക്കാണ് വീടും പരിസരവും സാക്ഷിയായത്.ഇനിയൊരു മകൾക്കും ഇങ്ങനെയൊരു ഗതിയുണ്ടാകരുതെന്ന് അജീഷിന്റെ മകൾ അൽന വി.ഡി സതീശനോട് പറഞ്ഞു. പുറത്തിറങ്ങിയ ശേഷം സർക്കാരിനും വകുപ്പു മന്ത്രിക്കുമെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉയർത്തിയത്.

TAGS :

Next Story