ഈ വർഷത്തെ ഓണച്ചന്ത ആഗസ്റ്റ് 25 മുതൽ; ആറ് ലക്ഷത്തോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകും
സബ്സിഡി വെളിച്ചെണ്ണ ഒരു കിലോ 349 രൂപയ്ക്ക് നൽകുമെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു

തിരുവനന്തപുരം: ഈ വർഷത്തെ ഓണച്ചന്ത ആഗസ്റ്റ് 25 മുതൽ തുടങ്ങുമെന്ന് മന്ത്രി ജി.ആർ അനിൽ. അറ് ലക്ഷത്തോളം കുടുംബങ്ങൾക്ക് സർക്കാർ ഓണക്കിറ്റ് നൽകുമെന്നും സബ്സിഡി വെളിച്ചെണ്ണ ഒരു കിലോ 349 രൂപയ്ക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു.
പരമാവധി വിലകുറച്ചുള്ള ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള ഇടപെടൽ സർക്കാർ നടത്തും. ജില്ലാ കേന്ദ്രങ്ങളിൽ ഓണച്ചന്തകൾ ഉണ്ടാകും. സപ്ലൈകോയിൽ നിന്ന് 29 രൂപ നിരക്കിൽ എട്ട് കിലോ അരിയാണ് നിലവിൽ നൽകുന്നത്. അര ലിറ്റർ വെളിച്ചെണ്ണ 179 രൂപയ്ക്ക് നൽകും. സബ്സിഡി മുളക് അരക്കിലോയിൽ നിന്ന് ഒരു കിലോയാക്കി ഉയർത്തുമെന്നും ജി.ആർ അനിൽ പറഞ്ഞു.
156 കോടിയോളം രൂപയാണ് കഴിഞ്ഞ മാസത്തെ സപ്ലൈകോയുടെ വിൽപന. 50 ലക്ഷം കുടുംബങ്ങൾ സപ്ലൈകോയിൽ ഓണക്കാലത്ത് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 250 കോടി രൂപയുടെ വിൽപനയാണ് ഓണക്കാലത്ത് സപ്ലൈകോ ലക്ഷ്യമിടുന്നത്. കൂടുതൽ തുക വേണമെന്ന് ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ധനവകുപ്പ് അത് അനുഭാവപൂർവ്വം പരിഗണിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് 18 മുതൽ ഓണക്കിറ്റ് വിതരണം തുടങ്ങും. സെപ്റ്റംബർ നാലു വരെയാണ് വിതരണം. സബ്സിഡിയിതര വെളിച്ചെണ്ണ ഒരു ലിറ്ററിന് 429 രൂപയും അര ലിറ്ററിന് 219 രൂപയിലും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
Adjust Story Font
16

