രണ്ട് സഹോദരന്മാർക്ക് ഒരു വധു: ഹിമാചൽ പ്രദേശിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പോളിയാൻഡ്രി പാരമ്പര്യം
ഒരു സ്ത്രീ രണ്ട് പുരുഷന്മാരെ വിവാഹം കഴിക്കുന്ന പോളിയാൻഡ്രി രീതി നൂറ്റാണ്ടുകളായി പിന്തുടരുന്നവരാണ് ഹിമാചൽ പ്രദേശിലെ ചില വിഭാഗങ്ങൾ

ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നടന്ന വിവാഹമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. രണ്ട് സഹോദരന്മാർക്ക് ഒരു വധു. ഇന്ത്യയിൽ നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ആചാരമാണ് പോളിയാൻഡ്രി അഥവാ ബഹുഭർതൃത്വം. ഒരു സ്ത്രീ സഹോദരന്മാരോ അല്ലത്തതോ ആയ രണ്ട് പുരുഷന്മാരെ വിവാഹം കഴിക്കുന്ന പുരാതനമായ രീതിയാണ് പോളിയാൻഡ്രി. ഈ പദം ഗ്രീക്ക് വേരുകളിൽ നിന്നാണ് രൂപം കൊണ്ടത്. ഷില്ലായ് ഗ്രാമത്തിലെ ഹട്ടി ഗോത്രത്തിൽ നിന്നുള്ള രണ്ട് സഹോദരന്മാരായ പ്രദീപ് നേഗിയും കപിൽ നേഗിയും കുൻഹട്ട് ഗ്രാമത്തിലെ സുനിത ചൗഹാനുമായി ജൂലൈ 12 മുതൽ 14 വരെ നീണ്ടുനിന്ന ചടങ്ങിൽ വിവാഹിതരായി.
പ്രദീപ് ഒരു സർക്കാർ ഉദ്യോഗസ്ഥനും സഹോദരൻ കപിൽ വിദേശത്ത് ജോലി ചെയ്യുകയുമാണ്. യാതൊരു സമ്മർദവുമില്ലാതെയും കുടുംബങ്ങളുടെ സമ്മതത്തോടെയുമാണ് തങ്ങൾ തീരുമാനമെടുത്തതെന്ന് ഇവർ പറയുന്നു. വിവാഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബഹുഭർതൃ വിവാഹം സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചക്ക് തുടക്കമിട്ടിട്ടു.
ഇന്ത്യയിൽ പോളിയാൻട്രി നിയമവിരുദ്ധമാണെങ്കിലും സിർമൗർ ജില്ലയിലെ നിരവധി ഗ്രാമങ്ങളിൽ ഈ ആചാരം ഇപ്പോഴും നിലവിലുണ്ട്. ഹിമാചൽ പ്രദേശിലെ കിന്നൗർ, ലാഹൗൾ-സ്പിതി ജില്ലകളിലും അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ചില ഭാഗങ്ങളിലും ഈ പാരമ്പര്യം സജീവമാണ്. എന്നാൽ ചില ഗ്രാമങ്ങളിൽ ഈ ആചാരം പതുക്കെ കാലഹരണപ്പെട്ടുവരികയാണ്.
ഹട്ടി ഗോത്രത്തിലെ കുടുംബങ്ങൾ വാദിക്കുന്നത് രണ്ട് പുരുഷന്മാരിൽ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാലും വിവാഹം അതേപടി തുടരുന്നു എന്നാണ്. അഞ്ച് പാണ്ഡവരെ ഭർത്താക്കന്മാരാക്കിയ മഹാഭാരതത്തിലെ ദ്രൗപതിയുടെ പേരിൽ പ്രാദേശികമായി ഇവർ 'ജോഡിധരൻ' അല്ലെങ്കിൽ 'ദ്രൗപതി പ്രത' എന്നറിയപ്പെടുന്നു. ബഹുഭർതൃത്വം തലമുറകളിലുടനീളം കുടുംബ സ്വത്തുക്കൾ കേടുകൂടാതെയിരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഹട്ടികളെ സംബന്ധിച്ചിടത്തോളം ബഹുഭർതൃത്വം അവരുടെ സാംസ്കാരിക പൈതൃകത്തിന്റെ ഒരു പ്രിയപ്പെട്ട ഭാഗമായി തുടരുന്നു. അടുത്തിടെ പട്ടികവർഗ പദവി ലഭിച്ച ഹട്ടികൾ ബഹുഭർതൃത്വത്തെ സാംസ്കാരിക സ്വത്വത്തിന്റെ നിർണായക അടയാളമായാണ് കാണുന്നത്.
Adjust Story Font
16

