സ്പാ ബലാത്സംഗ കേസ്; ഒരു പ്രതികൂടി പിടിയിൽ; 'വൊക്കൻ' എന്ന് വിളിക്കുന്ന പ്രശോഭാണ് പിടിയിലായത്
പ്രത്യേക പൊലീസ് സംഘം റാന്നിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. പ്രത്യേക പൊലീസ് സംഘം റാന്നിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തിരുവല്ല ചുമത്ര സ്വദേശി ആണ് ഇയാൾ. മൂന്ന് പ്രതികൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. നാലാമനാണ് പ്രശോഭ്. പ്രതികളായ കിരൺ, സജിൻ എന്നിവർ ഇനിയും പിടിയിലാവാനുള്ളത്. കേസിൽ മുഖ്യപ്രതിയായ മരണ സുബിൻ, ബെർലിൻ ദാസ്, വരുൺ കുമാർ എന്നിവരാണ് മുമ്പ് പിടിയിലായവർ.
യുവതിയുടെ മൊഴി അനുസരിച്ച് ആറ് പ്രതികളാണ് കേസിൽ ഉള്ളത്. ബാക്കി ഉള്ള രണ്ട് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർ സംസ്ഥാനം വിട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. റെയിൽവേ സ്‌റ്റേഷൻ ഉൾപ്പടെ കേന്ദ്രീകരിച്ച് വ്യാപക പരിശോധനയാണ് പൊലീസ് നടത്തുന്നത്. ചൊവ്വാഴ്ച പിടിയിലായ പ്രശോഭിൽ നിന്ന് മറ്റ് പ്രതികളെ കുറിച്ച് സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ഫെബ്രുവരി ഒന്നിനാണ് ഗുണ്ടാപിരിവ് നൽകാത്തതിന് സ്പാ ജീവനക്കാരിയെ കാപ്പാ പ്രതി മരണ സുബിൻ അതിക്രൂര പീഡനത്തിന് ഇരയാക്കിയത്. എതിർ ബിസിനസ് ഗ്രൂപ്പ് നൽകിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും ഉയർന്നിരുന്നു. ബലാത്സംഗത്തിന് സ്പായിലെ സഹപ്രവർത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തൽ ഗൗരവത്തോടൊണ് പൊലീസ് കാണുന്നത്.
Adjust Story Font
16

