മാനന്തവാടി നിലനിർത്താൻ ഇത്തവണയും ഒ.ആർ കേളു തന്നെ ഇറങ്ങിയേക്കും; പ്രതീക്ഷയിൽ എൽഡിഎഫ്
മാനന്തവാടിയിൽ മെഡിക്കൽ കോളജ് ഉൾപ്പെടെ കൊണ്ടുവന്നത് പ്രധാന വികസന നേട്ടമായി എൽഡിഎഫ് ഉയർത്തിക്കാണിക്കുന്നു.

കൽപറ്റ: മാനന്തവാടി മണ്ഡലം നിലനിർത്താൻ എൽഡിഎഫ് ഇത്തവണയും മന്ത്രി ഒ.ആർ കേളുവിനെ തന്നെ കളത്തിലിറക്കിയേക്കും. 9000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ കേളു മണ്ഡലത്തിൽ നിന്നും വിജയിച്ചത്. എന്നാൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാനന്തവാടി മണ്ഡലത്തിലുണ്ടായ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.
2016ലെ തെരഞ്ഞെടുപ്പിൽ അന്നത്തെ മന്ത്രി കൂടിയായ പി.കെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് ഒ.ആർ കേളു എൽഡിഎഫ് എംഎൽഎയായി മാനന്തവാടി മണ്ഡലത്തിൽ നിന്നും വിജയിച്ചത്. 1,307 വോട്ടിന്റെ ഭൂരിപക്ഷം ആയിരുന്നു അന്നുണ്ടായിരുന്നത്. എന്നാൽ 2021ലെ തെരഞ്ഞെടുപ്പിൽ 9287 വോട്ടിന്റെ ഭൂരിപക്ഷമായി ഉയർത്താൻ കേളുവിനായി.
രണ്ടാം പിണറായി മന്ത്രിസഭയിലെ പട്ടികജാതി വികസന മന്ത്രി കൂടിയാണ് കേളു. ഇത്തവണയും കേളുവിനെ തന്നെ മത്സരിപ്പിക്കാൻ ആണ് പാർട്ടി ആലോചന. മാനന്തവാടിയിൽ മെഡിക്കൽ കോളജ് ഉൾപ്പെടെ കൊണ്ടുവന്നത് പ്രധാന വികസന നേട്ടമായി എൽഡിഎഫ് ഉയർത്തിക്കാണിക്കുന്നു. എന്നാൽ കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ മാനന്തവാടിയിൽ എൽഡിഎഫിന് വലിയ തിരിച്ചടിയാണ് നേരിട്ടത്.
പ്രതിപക്ഷം പോലുമില്ലാതെ ഒറ്റയ്ക്ക് ഭരിച്ച തിരുനെല്ലി പഞ്ചായത്തിൽ പോലും യുഡിഎഫിന് മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിൽ നാലു പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്ത് നഗരസഭ ഉൾപ്പെടെ യുഡിഎഫിനൊപ്പം ആണ്. എന്നാൽ ഇത് നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് എൽഡിഎഫ്. ഒ.ആർ കേളുവിന് മണ്ഡലത്തിലുള്ള പ്രതിച്ഛായ വിജയത്തിന് ഹേതുവാകുമെന്ന പ്രതീക്ഷയും എൽഡിഎഫിന് ഉണ്ട്.
Adjust Story Font
16

