മലയിടംതുരുത്തിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങളെ സന്ദർശിച്ച് പി. രാജീവ്
കുടിയൊഴിപ്പിക്കലിനിടെ ഇന്നലെയുണ്ടായ പൊലീസ് അതിക്രമം ആരുടെയോ നിർദേശപ്രകാരം നടന്നതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പി. രാജീവ് പറഞ്ഞു

എറണാകുളം: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടംതുരുത്ത് ഉന്നതിയില്‍ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന പട്ടികജാതി കുടുംബങ്ങളെ മുൻമന്ത്രി പി. രാജീവ് സന്ദർശിച്ചു. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇവിടെയുള്ള ഏഴ് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ കഴിഞ്ഞ ദിവസം വൻ പൊലീസ് സന്നാഹം എത്തിയതിനെത്തുടർന്നുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ സന്ദർശനം. കുടിയൊഴിപ്പിക്കലിനിടെ ഇന്നലെയുണ്ടായ പൊലീസ് അതിക്രമം ആരുടെയോ നിർദേശപ്രകാരം നടന്നതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട് അറുപത് വർഷത്തോളമായി നിലനിൽക്കുന്ന ഭൂമി തർക്കക്കേസിലാണ് കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടേണ്ടി വന്നത്. കോടതി ഉത്തരവ് പ്രകാരം രണ്ട് ഏക്കർ 65 സെന്റ് ഭൂമി അളന്ന് ഏറ്റെടുക്കുന്നതിനായി അഭിഭാഷക കമ്മീഷൻ 150ലധികം പൊലീസുകാരും ജെസിബിയും ആംബുലൻസുകളുമായി എത്തിയതോടെയാണ് പ്രദേശത്ത് വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. കോടതി ഉത്തരവ് നടപ്പാക്കാനുള്ള പതിനഞ്ചാമത്തെ ശ്രമമായിരുന്നു ഇത്. സ്ത്രീകളും കുട്ടികളുമടക്കം അണിനിരന്നതോടെ ഉദ്യോഗസ്ഥർക്ക് നടപടികൾ പൂർത്തിയാക്കാനാവാതെ മടങ്ങേണ്ടി വന്നു.
പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാനുള്ള പൊലീസിന്റെ ശ്രമമാണ് സ്ഥലത്ത് വലിയ സംഘർഷത്തിന് വഴിവെച്ചത്. ആസൂത്രിതമായ നീക്കമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന വിമർശനമാണ് പി. രാജീവ് ഉന്നയിക്കുന്നത്. അതേസമയം, ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിഷേധം വ്യാപകമായതോടെ നിലവിൽ കുടിയൊഴിപ്പിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്.
Adjust Story Font
16

