Quantcast

'ആശുപത്രി കെട്ടിടം തകര്‍ന്നുവീണപ്പോള്‍ മുഖ്യമന്ത്രി അമേരിക്കക്ക് പോകുന്നു, യാത്ര തടയാന്‍ പ്രതിപക്ഷത്തിന് സാധിക്കുമോ': പി.വി അന്‍വര്‍

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ മുഖ്യമന്ത്രിയെ തടയാന്‍ പ്രതിപക്ഷത്തിന് സാധിക്കുമോയെന്നും അന്‍വര്‍ ചോദിച്ചു

MediaOne Logo

Web Desk

  • Published:

    4 July 2025 9:20 PM IST

ആശുപത്രി കെട്ടിടം തകര്‍ന്നുവീണപ്പോള്‍ മുഖ്യമന്ത്രി അമേരിക്കക്ക് പോകുന്നു, യാത്ര തടയാന്‍ പ്രതിപക്ഷത്തിന് സാധിക്കുമോ: പി.വി അന്‍വര്‍
X

തിരുവന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് യുവതി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി. വി അന്‍വര്‍. ഈ മനുഷ്യരെ മുഴുവന്‍ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രി അമേരിക്കക്ക് പോകുന്നുവെന്ന് അന്‍വര്‍ പറഞ്ഞു. പിണറായിയുടെ അമേരിക്കന്‍ യാത്ര തടയാനുള്ള ധാര്‍മിക ഉത്തരവാദിത്തമെങ്കിലും പ്രതിപക്ഷം കാണിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ വിമാനത്താവളത്തിലേക്ക് കയറ്റി വിടരുത്. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ കുത്തിന് പിടിച്ച് നിര്‍ത്തണം.

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം. അതിനു സാധിക്കുമോയെന്നും അന്‍വര്‍ പ്രതിപക്ഷത്തോട് ചോദിച്ചു. പ്രതികരിക്കേണ്ടവര്‍ പ്രതികരിക്കുന്നില്ലെന്ന വിമര്‍ശനവും ഉന്നയിച്ചു. കെട്ടിടം തകര്‍ന്ന് വീണ് രോഗികള്‍ മരിക്കുമ്പോഴും പിണറായി വീമ്പു പറയുകയാണ്. കേരളത്തില്‍ അല്ലേ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രൈവറ്റ് ആശുപത്രികള്‍ ഉള്ളതെന്നും അന്‍വര്‍ ചോദിച്ചു. കോടിയേരി മരിച്ചപ്പോള്‍ ധൃതിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തി നാട് വിട്ട ആളാണ് മുഖ്യമന്ത്രി. അതിപ്പോഴും അങ്ങനെ തന്നെ.

എന്ത് തോന്നിവാസവും കേരളത്തില്‍ നടത്താലോ. ചോദിക്കാന്‍ ആളില്ലല്ലോയെന്നും അന്‍വര്‍ വിമര്‍ശിച്ചു. പിണറായിസത്തിന്റെയും മരുമോനിസത്തിന്റെയും ആഫ്റ്റര്‍ ഇഫ്ക്ട് ആണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്നത്. സി പി എം മുതിര്‍ന്ന നേതാവായ പി.ജയരാജനു പോലും മാറ്റി പറയേണ്ടി വന്നെന്നു അന്‍വര്‍ ചൂണ്ടികാട്ടി. ആര്‍ എസ് എസുകാരനായ ഒരാളെ ഡി ജി പിയാക്കിയിട്ടും ഇവിടെയാരും ചോദിക്കാന്‍ ഇല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വിമര്‍ശിച്ചു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റില്‍ മത്സരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചര്‍ച്ചക്കില്ല. പ്രാദേശിക കൂട്ടായ്മകളുമായി സഹകരിച്ചാകും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരിന് കീഴില്‍ സാധാരണക്കാരായ ആളുകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു. കൂടുതല്‍ ആളുകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ്. ഒരു രാഷ്ട്രിയ പാര്‍ട്ടിയുടെയും വാതിലില്‍ മുട്ടാന്‍ ഇനി ഇല്ല. പഞ്ചായത്തുകളില്‍ സാമൂഹിക സംഘടകളുമായി യോജിച്ച് മത്സരിക്കുമെന്നും പി.വി അന്‍വര്‍ വ്യക്തമാക്കി.

TAGS :

Next Story