Quantcast

എസ്‌ഐആർ രാഷ്ട്രീയ വംശഹത്യ, പൗരത്വം വധിക്കപ്പെടുന്നു: ഡോ. പരകാല പ്രഭാകർ

എസ്‌ഐആർ പട്ടിക തെരഞ്ഞെടുപ്പ് വിഷയം മാത്രമല്ല, രാജ്യത്തിന്റെ നിർവചനം മാറ്റുന്നതാണെന്നും പരകാല പ്രഭാകർ പറഞ്ഞു

MediaOne Logo
എസ്‌ഐആർ രാഷ്ട്രീയ വംശഹത്യ, പൗരത്വം വധിക്കപ്പെടുന്നു: ഡോ. പരകാല പ്രഭാകർ
X

കോട്ടയം: എസ്‌ഐആർ രാഷ്ട്രീയ വംശഹത്യയെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ. പരകാല പ്രഭാകർ. കോട്ടയത്ത് കെഎസ്ടിഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്‌ഐആർ വോട്ടർപട്ടിക പരിഷ്‌കരണമല്ല, പൗരത്വ രജിസ്റ്ററിലേക്കുള്ള രഹസ്യനീക്കമാണ്. പൗരൻ കൊല്ലപ്പെടുന്നില്ലെങ്കിലും പൗരത്വം വധിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 16.5 കോടി ജനങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യം. ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 9.5 കോടി വോട്ടർമാരെയാണ് പുറത്താക്കിയത്. വോട്ടറല്ലെങ്കിൽ അയാൾക്ക് രാജ്യത്തിന്റെ രാഷ്ട്രീയ തീരുമാനത്തിൽ പങ്കില്ലാതെയാവും.

ഇന്ത്യയെ ഇസ്രായേലാക്കാനാണ് ശ്രമിക്കുന്നത്. കരുതിക്കൂട്ടിയുള്ളതാണ് ഈ ശ്രമം. ഇസ്രായേൽ ജൂതൻമാരുടേത് എന്ന പോലെ ഇന്ത്യ ഹിന്ദുക്കളുടേത് എന്ന് പറയുകയാണ്. 'ഹിന്ദി, ഹിന്ദുത്വ, ഹിന്ദുസ്ഥാൻ' എന്നതാണ് ലക്ഷ്യം. ഇതിനായി മത ചിഹ്നങ്ങളെ ദേശീയ ചിഹ്നങ്ങളാക്കുന്നു. എസ്‌ഐആർ പട്ടിക തെരഞ്ഞെടുപ്പ് വിഷയം മാത്രമല്ല, രാജ്യത്തിന്റെ നിർവചനം മാറ്റുന്നതാണെന്നും പരകാല പ്രഭാകർ പറഞ്ഞു.

ഇന്ത്യയിൽ എന്ത് സംഭവിച്ചാലും കേരളത്തിൽ നടക്കില്ലെന്ന് കരുതരുത്. ഒരു ഭാഗവും രാജ്യത്ത് സുരക്ഷിതമല്ല. ഈ പ്രവണത പിടിച്ചുനിർത്താൻ പോരാടണം. അതിന്റെ മുൻപന്തിയിൽ നിൽക്കേണ്ടവരാണ് അധ്യാപകർ. പാർലമെന്റിലും നിയമസഭയിലുമല്ല രാജ്യം കെട്ടിപ്പടുക്കേണ്ടത്, ക്ലാസ് മുറികളിലാണ്. അയ്യൻകാളിയും നാരായണ ഗുരുവും പെരിയാറും മഹാത്മാ ഗാന്ധിയുമാണ് നമ്മളെ പ്രചോദിപ്പിച്ചത്. മറുഭാഗത്തിന് പ്രചോദനം ഹിറ്റ്‌ലറും മുസോളനിയും സവർക്കറും ഗോഡ്‌സേയുമാണ്. അവർ വിവിധ രീതികൾ സ്വീകരിക്കും, അതാണ് ഫാഷിസമെന്നും പരകാല പ്രഭാകർ ചൂണ്ടിക്കാട്ടി.

TAGS :

Next Story