Quantcast

തലയ്ക്ക് ഏഴ് തുന്നലുള്ള രോഗിയെ ഇറക്കിവിട്ടു; കളമശ്ശേരി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര പരാതി

ഗുരുതരമായ മുറിവുമായി ആശുപത്രിക്ക് പുറത്തിറങ്ങിയ അനീഷ് കുഴഞ്ഞുവീണതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    26 March 2026 1:25 PM IST

എറണാകുളം: കളമശേരി മെഡിക്കൽ കോളജിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രോഗിയെ ഇറക്കിവിട്ടതായി പരാതി. അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊല്ലം സ്വദേശി അനീഷിനെയാണ് ഡിസ്ചാർജ് ചെയ്തത്. തലയ്ക്ക് ഏഴ് തുന്നലുമായി ആശുപത്രിക്ക് പുറത്തിറങ്ങിയ അനീഷ് കുഴഞ്ഞുവീണതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കൊല്ലം സ്വദേശിയായ അനീഷ് ഇന്നലെയാണ് തലയ്ക്ക് മാരകമായ മുറിവുമായി കളമശേരി മെഡിക്കൽ കോളജിലെത്തിയത്. ഡൽഹിയിൽ നിന്ന് ട്രെയിനിൽ ആലുവയിൽ വന്നിറങ്ങിയ ഇയാൾ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് മണപ്പുറത്ത് കുളിക്കാനിറങ്ങുകയും തെന്നി വീഴുകയുമായിരുന്നു. കണ്ണ് തുറന്നപ്പോൾ കളമശേരി മെഡിക്കൽ കോളജിലാണെന്നും പിന്നീട് നടന്നതൊന്നും ഓർമ്മയില്ലെന്നും അനീഷ് പറയുന്നു. തലയ്ക്ക് ഏഴ് തുന്നലുകളുമായി അവശനിലയിലായ അനീഷിനെ സിടി സ്കാനിന് ശേഷം കളമശേരി മെഡിക്കൽ കോളജ് ഡിസ്ചാർജ് ചെയ്തു. ആശുപത്രിക്ക് പുറത്ത് ബസ് ടെർമിനലിൽ കുഴഞ്ഞുവീണ ഇയാളോട് നാട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് വിവരമറിയുന്നത്. ഉടൻ പൊലീസെത്തി ഇയാളെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് തന്നെ മാറ്റി.

കളമശ്ശേരിയിൽ ഇത്തരം അനാസ്ഥകൾ ആദ്യമല്ലെന്നും നിരുത്തരവാദിത്വപരമായ സമീപനമാണ് ഉണ്ടായതെന്നും കളമശ്ശേരി നഗരസഭാ 12ആം വാർഡ് കൗൺസിലർ അൻസാർ തോരെത്ത് പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളജ് അധികൃതർ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് മറ്റൊരു അനാസ്ഥ കൂടി കളമശേരി മെഡിക്കൽ കോളജിനെതിരെ ഉയരുന്നത്.

TAGS :

Next Story