'ആർഎസ്എസ് വോട്ട് വാങ്ങി ജയിച്ചവർ ആരെന്ന് ജനങ്ങൾക്കറിയാം'; വിഡി സതീശന് മറുപടിയായി പഴയ നിയമസഭ പ്രസംഗത്തിൻ്റെ വിഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി
2022 ജൂലൈ 14ന് നിയമസഭയിൽ നടത്തിയ വിഡിയോ ആണ് മുഖ്യമന്ത്രി പങ്കുവെച്ചത്

- Published:
26 March 2026 10:40 PM IST

തിരുവനന്തപുരം: ബിജെപി ഡീൽ ആരോപണത്തിൽ വി.ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് വോട്ട് വാങ്ങി ജയിച്ചവർ ആരെന്ന് ജനങ്ങൾക്കറിയാം. നുണപ്രചരണങ്ങൾക്കുള്ള മറുപടി ചരിത്രവും വസ്തുതകളും ആണെന്ന് മുഖ്യമന്ത്രി ഫോസ്ബുക്കിൽ കുറിച്ചു. സതീശൻ ഉന്നയിച്ച ആരോപണങ്ങൾക്ക് 2022 ജൂലൈ 14ന് നിയമസഭയിൽ മറുപടി നൽകിയിട്ടുണ്ടെന്ന് പറഞ്ഞ് പഴയ വിഡിയോയും മുഖ്യമന്ത്രി പങ്കുവെച്ചു.
1960 ലെ തെരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ ഇഎംഎസിനെതിരെ ജനസംഘം സ്ഥാനാർഥിയെ പിൻവലിച്ച് കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ചതും 1977 ലെ തെരഞ്ഞെടുപ്പിൽ താൻ ആർഎസ്എസിന്റെയോ ജനസംഘത്തിന്റെയോ പിന്തുണയിലല്ല മത്സരിച്ചതെന്നും മുഖ്യമന്ത്രി പങ്കുവെച്ച വിഡിയോയിൽ പറയുന്നു. അടിയന്തരാവസ്ഥക്കെതിരെ ഒന്നിച്ച് മത്സരിച്ചത് ജനത പാർട്ടിക്കൊപ്പമാണ് . അടിയന്തരാവസ്ഥക്കെതിരെ ഉയർന്നുവന്ന വിശാല ഐക്യത്തിൽ ജനാധിപത്യവാദികൾ ഒന്നിക്കുകയായിരുന്നു. അന്നും ആർഎസ്എസിൻ്റെ കണ്ണിലെ കരട് സിപിഎമ്മായിരുന്നു. ജനതപാർട്ടിയുമായി സഹകരിക്കുമ്പോഴും ആർഎസ്എസിനെ എതിർക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. സംഘടന കോൺഗ്രസിലായിരുന്ന കെ.സുധാകരൻ പാർട്ടി ലയിച്ചപ്പോൾ പിന്നീട് ജനതപാർട്ടിയിലായി. 1977 ലെ തെരഞ്ഞെടുപ്പിൽ കെ.ജി മാരാർ ഉദുമയിൽ മത്സരിച്ചപ്പോൾ കെ. സുധാകരൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായിരുന്നു എന്നും മുഖ്യമന്ത്രി പങ്കുവെച്ച വിഡിയോയിൽ പറയുന്നു.
ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ പ്രതിപക്ഷ നേതാവ് വിളക്ക് കൊളുത്തിയത് ഏത് ഡീലാണെന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിപ്പട്ടതോടെയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഡീലിലുള്ള വാക് പോര് ആരംഭിച്ചത്. 2006ലെ പരിപാടിയെക്കുറിച്ച് ചോദിക്കുമ്പോൾ 2013ലെ മറ്റൊരു പരിപാടിയെക്കുറിച്ച് പറഞ്ഞ് പ്രതിപക്ഷ നേതാവ് രക്ഷപ്പെടുന്നു. 2006ലെ പറവൂർ ഡീൽ എന്താണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും പോസ്റ്റിൽ ആവശ്യമുണ്ട്. പ്രതിപക്ഷ നേതാവിന്റെ മറുപടി അറിയാൻ മതനിരപേക്ഷ കേരളത്തിന് അവകാശമുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
അതിന് മറുപടിയായിട്ടുള്ള പോസ്റ്റിലാണ് പിണറായി വിജയൻ ആർഎസ്എസ് ഏജന്റാണെന്ന് വി.ഡി സതീശൻ പറഞ്ഞത്. 1977 ലെ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് വോട്ട് വാങ്ങിയാണ് പിണറായി വിജയൻ നിയമസഭയിൽ എത്തിയതെന്നും സതീശൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പഴയ വിഡിയോ പങ്കുവെച്ച് ആർഎസ്എസ് വോട്ടുവാങ്ങി വിജയിച്ചവർ ആരാണെന്ന് ജനങ്ങൾക്കറിയാം എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
മുഖ്യമന്ത്രിയുടെ പോസ്റ്റ്
Adjust Story Font
16
