പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റുണ്ടാകില്ല; ഒഴിവാക്കാന്‍ ധാരണ, പകരം മുഹമ്മദ് ഷിയാസ്?
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗികപീഡനക്കേസ് ഈ മാസം 26-ാം തീയതി കോടതി പരിഗണിക്കുന്നത് മുന്നില്‍ കണ്ടുകൊണ്ടാണ് കോണ്‍ഗ്രസ് നീക്കം

എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ലഭിച്ചേക്കില്ല. എല്‍ദോസിനെ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണയായെന്നാണ് സൂചന. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അടക്കമുള്ളവരെ പരിഗണിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗികപീഡനക്കേസ് ഈ മാസം 26-ാം തീയതി കോടതി പരിഗണിക്കുന്നത് മുന്നില്‍ കണ്ടുകൊണ്ടാണ് കോണ്‍ഗ്രസ് നീക്കം. പ്രവര്‍ത്തകരും നേതാക്കളും പൂര്‍ണമായും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് കടക്കാനിരിക്കെ എല്‍ദോസിനെതിരായ കേസിലെ വിധി എന്തുതന്നെയായാലും പ്രചാരണത്തെ ബാധിക്കുമെന്ന കണക്കുക്കൂട്ടലിലാണ് നേതൃത്വം.
എല്‍ദോസ് കുന്നപ്പിള്ളിയെ ഒഴിവാക്കി ആ സീറ്റിലേക്ക് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ പരിഗണിക്കാനാണ് നീക്കം. നേരത്തെ കൊച്ചിയിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ ഷിയാസിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ഇരു സഭകളുടെയും പിന്‍ബലമുള്ള സ്ഥാനാര്‍ഥിയെ പരിഗണിക്കുന്നതാകും നല്ലതെന്ന് ഹൈബി ഈഡന്‍ എംപി അടക്കമുള്ളവര്‍ അഭിപ്രായപെട്ടിരുന്നു. പിന്നാലെയാണ് പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ മാറ്റി ഷിയാസിനെ പരിഗണിക്കാനൊരുങ്ങുന്നത്.
ഉല്ലാസ് തോമസിന്റെയും മനോജ് മൂത്തേടത്തിന്റെയും പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും.
Adjust Story Font
16

