'ആർഎസ്എസ് ബന്ധം ആരോപിച്ചുള്ള സതീശന്‍റെ പ്രസ്താവന ശുദ്ധ അസംബന്ധം'; മുഖ്യമന്ത്രി
നുണയാണല്ലോ പ്രധാനമായും പ്രചരിപ്പിക്കുന്നത്

തൃശൂര്‍: ആർഎസ്എസ് ബന്ധം ആരോപിച്ചുള്ള വി.ഡി സതീശന്‍റെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നുണയാണല്ലോ പ്രധാനമായും പ്രചരിപ്പിക്കുന്നത്. ആരാണ് ആര്‍എസ്എസുമായി ബന്ധപ്പെട്ടത് എന്ന് പരിശോധിക്കണമെന്നും അദ്ദേഹം തൃശൂരിൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
ഇഎംഎസിനെ തോൽപ്പിക്കാൻ കോൺഗ്രസ് ജനസംഘവുമായി ബന്ധപ്പെട്ടത് ചരിത്രമല്ലേ ? വി.ഡി സതീശന്‍റെ അഭിമുഖം മനോരമ ചാനലിന്‍റെ യുട്യൂബിൽ നീക്കം ചെയ്ത സംഭവത്തിൽ പൊലീസ് എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിലെ മേധാവിമാരോട് ചോദിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി സ്ഥാനാര്‍ഥി ഗോപാലകൃഷ്ണന്‍റെ വിദ്വേഷ പരാമര്‍ശം നാടിനെ അപരമത വിദ്വേഷത്തിലേക്ക് എത്തിക്കാനുള്ള നീക്കമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എങ്ങനെയാണ് അത്തരത്തിലുള്ള പ്രസ്താവന നടത്താൻ കഴിയുന്നത്. നമ്മുടെ നാട് മതനിരപേക്ഷതയുടെ വിളനിലമാണ്. ഏതെങ്കിലും ഒരു മതവിഭാഗത്തിൽ പെട്ടവർ മാത്രമേ മത്സരിക്കാനും ജയിക്കാനും പറ്റൂ എന്ന് കരുത്തുന്നത് ശരിയല്ല. ഗുരുവായൂരിലെ ജനങ്ങൾ ഇത്തരം പ്രസ്താവനകൾ കൊണ്ട് തെറ്റിദ്ധരിക്കപ്പെടില്ല. ഗുരുവായൂരിലെ എൽഡിഎഫ് എംഎൽഎമാരെല്ലാം എല്ലാവർക്കും സ്വീകാര്യരായിരുന്നു. അമ്പലപ്പുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒരു പോറലും ഏൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസനവും സാമൂഹ്യ നീതിയും ഒന്നിച്ച് മുന്നോട്ട് കൊണ്ടു പോകാനാണ് ശ്രമിച്ചത്. ഇതിനോടകം അഞ്ച് ലക്ഷം വീടുകൾ ലൈഫ് വീടുകൾ പൂർത്തീകരിച്ചു. 19000 കോടി രൂപ ഇതിനോടകം പദ്ധതിക്കായി സർക്കാർ വിനിയോഗിച്ചു. കേന്ദ്ര സർക്കാർ വിഹിതം 2300 കോടി രൂപ മാത്രമാണ്. വയനാട്ടിലെ കോൺഗ്രസിന്‍റെ വീടു നിർമാണത്തെക്കുറിച്ചും മുഖ്യമന്ത്രി പരാമര്‍ശിച്ചു. വാക്ക് പാലിക്കുക എന്നതാണ് പ്രധാനം. ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട്. യുഡിഎഫിന് വാക്ക് പാലിക്കണമെന്ന് നിർബന്ധമില്ല. എൽഡിഎഫിന് അത് നിർബന്ധമാണെന്നും പിണറായി പറഞ്ഞു.
Adjust Story Font
16

