ഒരേ വേദിയിലെത്തിയിട്ടും മിണ്ടാതെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധവും ഭരണപക്ഷത്തിന്റെ പ്രതിരോധവും ശക്തമായി നിൽക്കുന്നതിനിടെയാണ് ഇരുവരും ഒരേ വേദിയിലെത്തുന്നത്.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഒരേ വേദിയിൽ. കുമാരനാശാന്റെ 150-ാം ജന്മ വാർഷിക ആഘോഷമായിരുന്നു വേദി. ഒരേ വേദിയിലെത്തിയിട്ടും പരസ്പരം മിണ്ടാതെ ഇരുവരും പ്രസംഗിച്ച് മടങ്ങി.
മുഖ്യമന്ത്രിക്കെതിരെ വഴിനീളെ കരിങ്കൊടിയും വിമാനത്തിലടക്കം കയറിയുള്ള പ്രതിഷേധവും, പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് ചാടിക്കടന്ന് ഡിവൈഎഫ്‌ഐയുടെ മറുപടി പ്രതിഷേധം. കേരളരാഷ്ട്രീയം അത്രത്തോളം കലുഷിതമായിരിക്കെയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരേ വേദിയിലെത്തിയത്. തിരുവനന്തപുരത്ത് എകെജി ഹാളിൽ നടന്ന കുമാരനാശാൻ ജന്മദിനാഘോഷവേദിയിൽ മൂന്ന് സീറ്റുകൾക്ക് അപ്പുറമായിരുന്നു മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റേയും സ്ഥാനം. പക്ഷെ പരസ്പരം അഭിവാദ്യം ചെയ്യലോ സംസാരിക്കലോ ഉണ്ടായില്ല.
നിലവിളക്ക് കൊളുത്തിയുള്ള ഉദ്ഘാടനച്ചടങ്ങിലും മുഖ്യനും വി.ഡിയും അകലത്തിൽ നിന്നു. അധ്യക്ഷ, സ്വാഗത പ്രസംഗങ്ങൾ നീണ്ടതോടെ ശാരീരിക അസ്വസ്ഥതകൾ ഉള്ള മുഖ്യമന്ത്രി പ്രസംഗം ചുരുക്കി. ശബ്ദത്തിന് ചെറിയ പ്രശ്‌നങ്ങളുള്ളതിനാൽ പ്രസംഗം ചുരുക്കുകയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി തന്റെ വാക്കുകൾ പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് പ്രസംഗിക്കും മുമ്പ് മുഖ്യമന്ത്രി വേദി വിട്ടു.
Adjust Story Font
16