'പിണറായി ഇൻഡ്യാസഖ്യത്തിന്റെ നെടുംതൂൺ, ഈ പരിപാടി പലരുടെയും ഉറക്കം കെടുത്തും'; നരേന്ദ്രമോദി
പരാമർശം പരിഭാഷപ്പെടുത്താതെ പരിഭാഷകൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വേദിയിൽ രാഷ്ട്രീയം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പിണറായി ഇൻഡ്യാ സഖ്യത്തിന്റെ നെടും തൂൺ ആണെന്നും, ഈ പരിപാടി പരിപാടി പലരുടെയും ഉറക്കം കെടുത്തുമെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു. മന്ത്രി വാസവന്റെ പ്രസംഗം ആയുധമാക്കി സംസ്ഥാന സർക്കാരിനെയും നരേന്ദ്രമോദി വിമർശിച്ചു. കൊല്ലം ബൈപാസ്, ആലപ്പുഴ ബൈപാസ് നിർമ്മാണങ്ങളും പ്രധാനമന്ത്രി വേദിയിൽ പരാമർശിച്ചു.
അദാനി ഗുജറാത്തിലേക്കാൾ വലിയ തുറമുഖം വിഴിഞ്ഞത്ത് നിർമിച്ചു എന്ന് പറഞ്ഞാണ് മോദി രാഷ്ട്രീയ പ്രസ്താവനയിലേക്ക് പ്രവേശിച്ചത്. മുഖ്യമന്ത്രിയോട് ഒരുകാര്യം പറയാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞായിരുന്നു തുടക്കം. "മുഖ്യമന്ത്രിയോട് ഒരുകാര്യം പറയാൻ ആഗ്രഹിക്കുന്നു. താങ്കൾ ഇൻഡ്യാ മുന്നണിയുടെ പ്രധാനപ്പെട്ട തൂണാണ്. ഇവിടെ ശശി തരൂരും ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ പരിപാടി പലരുടേയും ഉറക്കം കെടുത്തും" അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഈ ഭാഗം പരിഭാഷകൻ വേദിയിൽ പരിഭാഷപ്പെടുത്തിയില്ല.
ഇൻഡ്യാ സഖ്യത്തിനും രാഹുൽ ഗാന്ധിക്കുമുള്ള പരോക്ഷ കുത്ത് പക്ഷെ പരിഭാഷകന് മനസ്സിലായില്ല. ഇൻഡി അലയൻസ് എന്ന് പറഞ്ഞതിൽ അദ്ദേഹം കേട്ടത് ഇൻഡ്യൻ എയർലൈൻസ് എന്നായിരുന്നു. പറഞ്ഞത് പിടിക്കിട്ടാതിരുന്ന മുഖ്യമന്ത്രി അടുത്തിരുന്ന കേന്ദ്ര മന്ത്രി ജോർജ് കുര്യനോട് കാര്യം തിരക്കി. ഒരു രാഷ്ട്രീയ പ്രസ്താവന നടത്തിയിട്ട് മലയാളികൾക്ക് മനസ്സിലായില്ലെന്ന നിരാശ മോദി മറച്ചുവച്ചില്ല. പിന്നീട്, അദാനി തങ്ങളുടെ പങ്കാളിയെന്ന മന്ത്രി വാസവന്റെ പ്രസ്താവനയും മോദി രാഷ്ട്രീയ ആയുധമാക്കി.
കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി തങ്ങളുടെ പങ്കാളിയാണെന്ന് പറയുന്നു. ഇതാണ് മാറ്റമെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു. കോപറേറ്റീവ് ഫെഡറലിസമാണ് നമ്മൾ നടപ്പിലാക്കുന്നത്. പൊന്നാനി , പുതിയാപ്പ ഹാർബർ നവീകരണം നടത്തും. അടിസ്ഥാന വികസനം സാധ്യമാകുമ്പോഴാണ് വികസനം നടന്നു എന്ന് പറയാൻ കഴിയുക. ഹൈവേ , റെയിൽവേ , എയർ പോർട്ട് എന്നിവയിൽ വികസനം നടത്തി. കൊല്ലം ബൈപാസ് , ആലപ്പുഴ ബൈപാസ് എന്നിവ നടപ്പിലാക്കി. കേരളം സൗഹാർദത്തിൽ കഴിയുന്ന നാടാണ്, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Adjust Story Font
16

