"ശൈലജയെ മന്ത്രിസഭയില്‍ നിന്ന് മാറ്റിയിട്ട് പിണറായി വിജയന്‍ എന്തുകൊണ്ട് മാറിയില്ല" വിശദീകരണവുമായി മുഖ്യമന്ത്രി
കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ശൈലജയുടെ അഭാവം എന്തെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ...

കെ കെ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് മാറ്റിയപ്പോള്‍ പിണറായി വിജയന്‍ എന്തുകൊണ്ട് മാറിയില്ല മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'സാധാരണ ഗതിയില്‍ വരാവുന്ന വിമര്‍ശനമാണ്. പക്ഷേ പാര്‍ട്ടി അങ്ങനെയാണ് തീരുമാനിച്ചത്' എന്നായിരുന്നു പിണറായിയുടെ മറുപടി.
ഒരാള്‍ക്ക് മാത്രം ഇളവ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി കൂട്ടായി എടുത്ത തീരുമാനമാണെന്നായിരുന്നു ശൈലജയെ ഒഴിവാക്കിയതില്‍ പിണറായി നല്‍കി വിശദീകരണം. വിമര്‍ശനങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള മതിപ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങളാണ്. ആ അഭിപ്രായങ്ങളെല്ലാം മാനിക്കുന്നു. പുതിയ ആളുകള്‍ വരിക എന്നതാണ് തങ്ങളെടുത്ത സമീപനം. നേരത്തെ പ്രവര്‍ത്തിച്ചവര്‍ എല്ലാവരും ഒന്നിനൊന്ന് മികവ് കാട്ടിയവര്‍ ആയിരുന്നു. എന്നാല്‍ ആര്‍ക്കും ഇളവ് വേണ്ടെന്നാണ് തീരുമാനിച്ചത്.-അദ്ദേഹം പറഞ്ഞു.
കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ശൈലജയുടെ അഭാവം എന്തെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോ എന്ന ചോദ്യത്തിന്- അങ്ങനെ കാണുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കാരണം എല്ലാ പ്രവര്‍ത്തനങ്ങളും കൂട്ടമായാണ് നടക്കുന്നത്. ആ കൂട്ടായ പ്രവര്‍ത്തനത്തില്‍ ഒരു കുറവും ഉണ്ടാകില്ല. നല്ല മികവോടു കൂടി തുടര്‍ന്നും കാര്യങ്ങള്‍ നടത്താനാവുമെന്നാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശൈലജയ്ക്ക് വീണ്ടും അവസരം നല്‍കാത്തതില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റു ചില പി.ബി. അംഗങ്ങളും അതൃപ്തി അറിയിക്കുകയും വിമര്‍ശിക്കുകയും ചെയ്‌തെന്ന വിധത്തിലുള്ള വാര്‍ത്തകളില്‍ വസ്തുതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16

