കേരളയാത്രയില്‍ അധികപ്രസംഗം, ഭിന്നിപ്പിന്റെ ഭാഷ; കാന്തപുരം വിഭാഗം നേതൃത്വത്തില്‍ മുഖ്യമന്ത്രിയോട് അതൃപ്തി
മാറാട് കലാപം വീണ്ടും ചര്‍ച്ചയാക്കിയതിന് പിന്നാലെ എപി-ഇകെ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും വീണ്ടും ചര്‍ച്ചയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നാണ് സംഘടനാ നേതാക്കള്‍ വിലയിരുത്തുന്നത്

കൊച്ചി: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നയിച്ച, കേരള മുസ്‌ലിം ജമാഅത്തിന്റെ കേരളയാത്രയുടെ തിരുവനന്തപുരത്തെ സമാപന വേദിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തോട് സംഘടനാ നേതൃത്വത്തിൽ ഒരു വിഭാഗത്തിന് കടുത്ത വിയോജിപ്പ്. സംഘടനയും പ്രവര്‍ത്തകരും മറക്കാന്‍ ശ്രമിക്കുന്ന സംഘര്‍ഷങ്ങള്‍ വീണ്ടും ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി ഭിന്നിപ്പിന് ശ്രമിച്ചുവെന്നാണ് അവരുടെ വിലയിരുത്തല്‍. എപി-ഇകെ സമവായത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾ നടക്കുന്ന ഘട്ടത്തിൽ അത് വേണ്ടിയിരുന്നില്ല എന്നാണ് അവരുടെ വിലയിരുത്തൽ. എപി-ഇകെ സംഘര്‍ഷങ്ങളുടെ ഭാഗമായി നടന്ന കൊലപാതകങ്ങളാണ് മുഖ്യമന്ത്രി ഓരോന്നായി പരാമര്‍ശിച്ച് പൊതുസമ്മേളനത്തിനെത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചത്. താനൂര്‍, ആമക്കാട്, ഇളങ്കൂര്‍, മണ്ണാര്‍ക്കാട് കൊലപാതകങ്ങള്‍ മുഖ്യമന്ത്രി പേരെടുത്ത് പരാമര്‍ശിച്ചു.
എപി-ഇ കെ സംഘര്‍ഷങ്ങളുടെ ഭാഗമായി നടന്ന ഈ കൊലകള്‍ മുസ്‌ലിം ലീഗും - എപി വിഭാഗവും തമ്മില്‍ വലിയ അകല്‍ച്ചക്കും വൈരത്തിനും കാരണമായിരുന്നു. ഇകെ വിഭാഗത്തിന് സ്വാധീനമുള്ള മുസ്‌ലിം ലീഗിനെതിരെ എപ്പോഴും ശക്തമായ നിലപാടെടുക്കാന്‍ എപി വിഭാഗത്തെ പ്രേരിപ്പിച്ചത് ഈ സംഭവങ്ങളായിരുന്നു. എന്നാല്‍ സമീപകാലത്തായി ഇകെ വിഭാഗവുമായും മുസ്‌ലിം ലീഗുമായും കാന്തപുരം ഗ്രൂപ്പ് നല്ല ബന്ധത്തിലാണ്. ഇകെ വിഭാഗത്തിന്റെ അനിഷ്ടം പോലും നോക്കാതെ എപി വിഭാഗവുമായി മുസ്‌ലിം ലീഗ് ആശയവിനിമയം നടത്തുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.
കേരളയാത്രക്ക് പലയിടത്തും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിക്കാനും തയ്യാറായി. ഇകെ വിഭാഗവുമായി കാന്തപുരം ഗ്രൂപ്പ് നല്ല ബന്ധമുണ്ടാക്കിയെന്ന് മാത്രമല്ല നേതാക്കളുടെ പരസ്പര സന്ദര്‍ശനങ്ങളും പതിവാണ്. കേരള യാത്രക്കിടെ സുന്നി ഐക്യത്തെ കുറിച്ച് ഖലീല്‍ തങ്ങള്‍ അടക്കമുള്ളവര്‍ വാചാലമായാണ് സംസാരിച്ചത്. പത്തിലധികം തവണ സുന്നി ഐക്യചര്‍ച്ചകളും നടന്നു. ഈ സാഹചര്യത്തിലാണ് പഴയ സംഘര്‍ഷങ്ങള്‍ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പ്രസംഗിച്ചത്. അനുചിതമായ ഭിന്നിപ്പിന്റെ ഭാഷയിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചതെന്ന് പ്രമുഖ കാന്തപുരം ഗ്രൂപ്പ് നേതാവ് മീഡിയവണിനോട് പറഞ്ഞു.
മാറാട് കലാപം വീണ്ടും ചര്‍ച്ചയാക്കിയതിന് പിന്നാലെ എപി-ഇകെ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും വീണ്ടും ചര്‍ച്ചയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നാണ് സംഘടനാ നേതാക്കള്‍ വിലയിരുത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് സദസില്‍ നിന്ന് പിന്തുണ കിട്ടിയില്ല എന്നത് പ്രവര്‍ത്തകരുടെ നിലപാടുകൾ മാറിയതിന്റെ തെളിവായും നേതൃത്വം കണക്കാക്കുന്നു. മുഖ്യമന്ത്രിക്ക് പ്രസംഗിക്കാന്‍ 20 മിനിട്ടാണ് സംഘാടകര്‍ അനുവദിച്ചിരുന്നത്. എന്നാല്‍ 50 മിനുട്ട് അദ്ദേഹം പ്രസംഗിച്ചു. ഇതും ഔചിത്യമില്ലാത്ത നടപടിയായാണ് സംഘടന വിലയിരുത്തിയത്. പ്രതിപക്ഷ നേതാവിന് പത്ത് മിനിട്ട് അനുവദിച്ചപ്പോള്‍ ഒമ്പതാം മിനുട്ടില്‍ അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞത് വലിയ തോതിൽ ചര്‍ച്ചയാവുകയും ചെയ്തു.
Adjust Story Font
16

