'അമേരിക്കയുടേത് നികൃഷ്ട കടന്നുകയറ്റം, ഇന്ന് വെനസ്വേലയിലെങ്കില്‍ നാളെ ലോകത്ത് എവിടെയും സംഭവിക്കാം'; അധിനിവേശത്തെ അപലപിച്ച് മുഖ്യമന്ത്രി
അമേരിക്കയോടുള്ള വിധേയത്വം പ്രകടിപ്പിക്കാനുള്ള ത്വരയാണ് കേന്ദ്രം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

തിരുവനന്തപുരം: വെനസ്വേലയിലെ അമേരിക്കന്‍ നടപടി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രങ്ങള്‍ക്ക് മേല്‍ അമേരിക്ക അതിക്രൂരമായ ആക്രമണങ്ങള്‍ നടത്താന്‍ മടിക്കുന്നില്ലെന്നും അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് വെനസ്വേല. ഇന്ന് വെനസ്വേലയിലാണെങ്കില്‍ നാളെ ലോകത്തിന്റെ എവിടെ വേണേലും സംഭവിക്കാം.
'അമേരിക്കയോടുള്ള വിധേയത്വം പ്രകടിപ്പിക്കാനുള്ള ത്വരയാണ് കേന്ദ്രം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയെയും നമ്മുടെ പൈതൃകങ്ങളെയും ഓരോ ദിവസവും അപമാനിച്ചുകൊണ്ടിരിക്കുന്ന അമേരിക്കക്കെതിരെ പ്രതിഷേധിക്കാന്‍ കേന്ദ്രത്തിനോ രാജ്യത്തിലെ ഏറ്റവും വലിയ പ്രതിപക്ഷമായ കോണ്‍ഗ്രസിനോ കഴിഞ്ഞിട്ടില്ല. അതുംപോരാഞ്ഞിട്ട്, ട്രംപിന്റെ പേരില്‍ റോഡ് നിര്‍മിക്കാനും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സിഐഎയില്‍ നിന്ന് പണം വാങ്ങിയ ചില മാധ്യമങ്ങള്‍ വെനസ്വേലയില്‍ നടക്കുന്ന അമേരിക്കന്‍ അധിനിവേശത്തില്‍ മധുരം പകരാനുള്ള ശ്രമത്തിലാണ്. ഈ നികൃഷ്ഠമായ കടന്നുകയറ്റത്തിനെതിരെ ശബ്ദമുയര്‍ത്തണം'. മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ നടപ്പിലാക്കിയ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി തുടര്‍പ്രക്രിയയെന്നും പദ്ധതിയുടെ രണ്ടാംഘട്ടത്തെ കുറിച്ച് ചില മാധ്യമങ്ങള്‍ ബോധപൂര്‍വം തെറ്റായ പ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളം മുന്നോട്ടുവെച്ച ആസൂത്രണ പ്രക്രിയകളെ കേന്ദ്രം അട്ടിമറിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
'കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളില്‍ 5756 കോടി രൂപയുടെ മൂല്യ വര്‍ധനവാണ് ഉണ്ടായിരുന്നതെങ്കില്‍ 2024ല്‍ അത് 17801 കോടി രൂപയായി കുതിച്ചുയര്‍ന്നു. മികച്ച വാര്‍ഷിക വളര്‍ച്ചയാണ് കേരളം കൈവരിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് ഇത് കേരളത്തില്‍ കുതിച്ചുയര്‍ന്നിരിക്കുന്നത് ശ്രദ്ധേയമാണ്. ഈ നേട്ടം ചിലരെയെല്ലാം അസ്വസ്ഥമാക്കുന്നുണ്ടെന്നാണ് മനസിലാകുന്നത്. ഇത് മറച്ചുപിടിക്കുന്നതിനായി നുണക്കഥകള്‍ പ്രചരിപ്പിച്ചുകൊണ്ട് ചിലര്‍ ഇറങ്ങിയിരിക്കുകയാണ്.'
സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തികാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനായാണ് ജെബി കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ ചില വ്യാജപ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. റിപ്പോര്‍ട്ട് പ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്. വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ മതനിരപേക്ഷത ശക്തിപ്പെടുത്തുന്നതിനായാണ് സിപിഎം സംസാരിച്ചിട്ടുള്ളൂവെന്നും അതിലൂടെ മാത്രമേ വര്‍ഗീയതയെ നേരിടാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16

