Quantcast

'മുസ്‌ലിം പേരായതുകൊണ്ട് രാജ്യദ്രോഹിയെന്ന് പറയാൻ എങ്ങനെ കഴിയുന്നു';മന്ത്രി വി അബ്ദുറഹിമാനെതിരായ വർഗീയ പരാമർശത്തിൽ മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കണമെന്ന മുദ്രാവാക്യം അംഗീകരിക്കാനാകില്ലെന്നും പദ്ധതി ഉപേക്ഷിച്ചാൽ കേരളത്തിന്റെ വിശ്വാസ്യത തകരുമെന്നും മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Published:

    1 Dec 2022 3:47 PM GMT

മുസ്‌ലിം പേരായതുകൊണ്ട് രാജ്യദ്രോഹിയെന്ന് പറയാൻ എങ്ങനെ കഴിയുന്നു;മന്ത്രി വി അബ്ദുറഹിമാനെതിരായ വർഗീയ പരാമർശത്തിൽ മുഖ്യമന്ത്രി
X

തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹിമാനെതിരായ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡേഷ്യസ് ഡിക്രൂസിന്റെ വർഗീയ പരാമർശത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിയായി പ്രവർത്തിക്കുന്ന ഒരാളുടെ പേര് അബ്ദുറഹ്മാനെന്നായിപ്പോയി ആ പേരിൽ തന്നെ രാജ്യദ്രോഹിയുടെ നിലയുണ്ട് എന്ന് പറയാൻ ഒരാൾക്ക് കഴിയുന്നുവെന്ന് വന്നാൽ എന്താണതിന്റെ അർത്ഥമെന്നും നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കണമെന്ന മുദ്രാവാക്യം അംഗീകരിക്കാനാകില്ലെന്നും പദ്ധതി ഉപേക്ഷിച്ചാൽ കേരളത്തിന്റെ വിശ്വാസ്യത തകരുമെന്നും ചൂണ്ടിക്കാട്ടി. ഒരു സംസ്ഥാനം എന്ന നിലയ്ക്ക് നടപ്പിലാക്കിയ പദ്ധതി മറ്റൊരു സർക്കാർ വന്നുവെന്ന പേരിൽ നിർത്തലാക്കാൻ കഴിയില്ലെന്നും പറഞ്ഞു. അങ്ങനെ പദ്ധതി നിർത്തിവച്ചാൽ അത് മോശം സന്ദേശം നൽകുമെന്നും അഭിപ്രായ വ്യത്യാസങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നടപ്പിലാക്കിയ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്നും ഇക്കാര്യം തൊഴിലാളികളോട് പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. പദ്ധതിക്കെതിരെ യുള്ള സമരക്കാരുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതാണെന്നും വിഴിഞ്ഞം തുറമുഖ നിർമാണം കൊണ്ട് തീരശോഷണം സംഭവിച്ചിട്ടില്ലെന്നാണ് പഠന റിപ്പോർട്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

അനൗദ്യോഗികമായി സമരസമിതി നേതാക്കൾ തന്നെ കാണാൻ എത്തിയിരുന്നുവെന്നും പദ്ധതി നിർത്തിവയ്ക്കാൻ സർക്കാരിന് കഴിയില്ലെന്ന് അവരും അംഗീകരിക്കുന്ന അവസ്ഥയിലേക്ക് വന്നതാണെന്നും അദ്ദേഹം പറഞ്ഞു. അന്ന് നടന്ന ചർച്ചയുടെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും വിഴിഞ്ഞം തുറമുഖ സമരത്തിൽ ആദ്യമായി പ്രതികരിക്കവേ മുഖ്യമന്ത്രി സൂചിപ്പിച്ചു.

ഏതെങ്കിലും തരത്തിൽ തീര ശോഷണം ഉണ്ടായിട്ടുണ്ടോയെന്ന് പഠിക്കാൻ വിദഗ്ധസമിതിയെ വെക്കാമെന്ന് സമരസമിതി നേതാക്കളോട് പറഞ്ഞിരുന്നുവെന്നും ഇക്കാര്യത്തിൽ സർക്കാറിന് വേറൊന്നും ചെയ്യാനില്ലെന്നും വ്യക്തമാക്കി. വിഴിഞ്ഞം സമരം എങ്ങോട്ടാണ് പോകുന്നതെന്നും നാടിന്റെ മുന്നോട്ട് പോക്കിനെതിരെയുള്ള സമരമാണിതെന്നും മുഖ്യമന്ത്രി വിമർശിച്ചു. സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത് നമ്മുടെ സംസ്ഥാനത്ത് ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യമാണെന്നും അവർ പൊലീസ് ഉദ്യോഗസ്ഥന്റെ കാല് തല്ലിയൊടിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു പ്രത്യേക വിഭാഗം ആളുകളെ ഇതിനുവേണ്ടി കൂട്ടിയെന്നും ഇത് എന്തിനുവേണ്ടിയാണെന്ന് നാം ചിന്തിക്കണമെന്നും പറഞ്ഞു. രാഷ്ട്രീയ പാർട്ടികളും സംഘടനകളുമെല്ലാം കലക്ടറേറ്റിൽ യോഗം ചേർന്നു ആക്രമണത്തെ അപലപിച്ചുവെന്നും ചൂണ്ടിക്കാട്ടി. സമരം കൊണ്ട് സർക്കാരിനെ വിരട്ടി കളയാമെന്ന് വിചാരിക്കേണ്ടെന്നും പദ്ധതിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


Chief Minister Pinarayi Vijayan has responded to the communal remarks of Vizhinjam Samara Samiti convener Father Theodosius D'Cruz against Minister V Abdur Rahiman.

TAGS :

Next Story