Quantcast

'എച്ച്.എൽ.എൽ സ്വകാര്യവത്കരിക്കരുത്, ലേലത്തിൽ പങ്കെടുക്കാൻ അനുവദിക്കണം'; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

അല്ലെങ്കിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു കൈമാറിയ ഭൂമിയും വസ്തുവകകളും വിട്ടുകിട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Updated:

    2022-03-12 05:47:27.0

Published:

12 March 2022 5:31 AM GMT

എച്ച്.എൽ.എൽ സ്വകാര്യവത്കരിക്കരുത്, ലേലത്തിൽ പങ്കെടുക്കാൻ അനുവദിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
X

പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാറിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. സ്വകാര്യമേഖലയ്ക്ക് മാത്രമേ കൈമാറുകയുള്ളൂ എന്ന തീരുമാനത്തിൽനിന്ന്‌ കേന്ദ്ര സർക്കാർ മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലാഭത്തിൽ പ്രവർത്തിക്കുന്ന എച്ച്.എൽ.എൽ ഏറ്റെടുക്കുന്നതിനായി ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് അതിൽ നിന്നും വിലക്കിക്കൊണ്ടുള്ള തീരുമാനം കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമേഖലയുടെ വികസനം മുന്നിൽക്കണ്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു കൈമാറിയ ഭൂമിയിലാണ് എച്ച്.എൽ.എൽ പ്രവർത്തനം ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ എച്ച്.എൽ.എൽ കേന്ദ്ര സർക്കാറിന്റെ ഉടമസ്ഥതയിൽ നിന്നുമൊഴിവാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ അതിനെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായി നിലനിർത്താനുള്ള അവകാശം കേരളത്തിനുണ്ട്. അല്ലെങ്കിൽ ഭൂമിയും വസ്തുവകകളും വിട്ടുകിട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എച്ച്.എൽ.എൽ ലൈഫ് കെയർ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പ്രാഥമിക വിവര പട്ടികയും (Preliminary Information Memorandum) ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ആഗോള തലത്തിൽ സമർപ്പിച്ച ക്ഷണവും പ്രകാരം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും, കേന്ദ്രസർക്കാരിനോ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കോ 51 ശതമാനമോ അതിൽ കൂടുതൽ ഓഹരിയുള്ള സഹകരണ സംഘങ്ങൾക്കും ലേലത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നതാണ് നിബന്ധന. സംസ്ഥാനങ്ങൾക്കോ സംസ്ഥാനങ്ങൾക്ക് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങൾക്കോ ലേലത്തിൽ പങ്കെടുക്കാൻ അർഹതയില്ലെന്ന് എവിടെയും പറയുന്നില്ല. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവിൽ വലിയ ലാഭത്തിൽ പ്രവർത്തിക്കുന്ന എച്ച്.എൽ.എൽ സ്വകാര്യ മേഖലയിൽ മാത്രമേ വിറ്റഴിക്കുകയുള്ളൂ എന്ന കേന്ദ്ര സർക്കാരിന്റെ പിടിവാശി സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങളെ അപ്രസക്തമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം കാര്യങ്ങളിൽ സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവ് ഭരണഘടനാനുസൃതമായി സംസ്ഥാന സർക്കാരുകൾക്കുണ്ടെന്നത് കേന്ദ്ര സർക്കാർ മറന്നിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


Chief Minister Pinarayi Vijayan has written to Narendra Modi seeking permission from the state government to participate in the HLL Life Care auction.

TAGS :

Next Story