Quantcast

മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗം കലാപാഹ്വാനം, പകരം ചോദിക്കുമെന്ന പ്രയോഗം സത്യപ്രതിജ്ഞാലംഘനം: പ്രതിപക്ഷ നേതാവ്

പ്രസംഗം നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ്

MediaOne Logo

Web Desk

  • Updated:

    2026-11-23 15:03:14

Published:

23 Nov 2026 8:32 PM IST

മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗം കലാപാഹ്വാനം, പകരം ചോദിക്കുമെന്ന പ്രയോഗം സത്യപ്രതിജ്ഞാലംഘനം: പ്രതിപക്ഷ നേതാവ്
X

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ കണ്ണൂര്‍ പ്രസംഗം കലാപാഹ്വാനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പ്രസംഗത്തിലെ പകരം ചോദിക്കും, എണ്ണിയെണ്ണി ചോദിക്കും തുടങ്ങിയ പ്രയോഗങ്ങള്‍ സത്യപ്രതിജ്ഞാലംഘനമാണെന്നും, പ്രസംഗം നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും, മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ രണ്ട് മന്ത്രിമാര്‍ ഒപ്പമുണ്ടായിരുന്നുവെന്നത് ഗൗരവതരമാണെന്നും പിണറായി വ്യക്തമാക്കി.

എസ്‌ഐടി രൂപീകരിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അന്വേഷണങ്ങളുടെ നിഷ്പക്ഷതയെ സംശയനിഴലിലാക്കുന്നുവെന്നും പിണറായി വിമര്‍ശിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമേല്‍ പരസ്യമായ രാഷ്ട്രീയ സമ്മര്‍ദമാണ് മുഖ്യമന്ത്രി ചെലുത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗം സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനിടയാക്കുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യുവജന നേതാക്കള്‍ ക്രൂരമായി ആക്രമണങ്ങള്‍ നേരിട്ട സംഭവത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കണ്ണൂരില്‍ പ്രസംഗിച്ചിരുന്നത്. പഴയ സംഭവങ്ങള്‍ അധികാരത്തിലെത്തിയാല്‍ മറന്നുകളയുന്ന പതിവ് തന്റെ സര്‍ക്കാരിനുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. പഴയകാല ആക്രമണങ്ങള്‍ക്ക് പിന്നിലെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് സതീശന്‍ ഉദ്ദേശിച്ചിരുന്നത്. ഇതിനായി ഉപയോഗിച്ച, ചോരയ്ക്ക് പകരം ചോദിക്കും, എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന് പ്രയോഗങ്ങളാണ് രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയത്.

പ്രതിപക്ഷ നേതാവിന്‍റെ കുറിപ്പിന്‍റെ പൂർണരൂപം

കണ്ണൂരിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വിദ്വേഷ പ്രസംഗം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണ്. സ്വന്തം അണികളെ പ്രകോപിപ്പിച്ച് പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനം കൂടിയാണത്.

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി "രാഗദ്വേഷങ്ങൾ കൂടാതെ" പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്. ഇതിന് വിരുദ്ധമായി "പകരം ചോദിക്കും", "എണ്ണിയെണ്ണി ചോദിക്കും" എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത് ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനത്തിൽ കുറഞ്ഞ ഒന്നുമല്ല.

പ്രത്യേക അന്വേഷണ സംഘങ്ങൾ (SIT) രൂപീകരിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചാണെന്ന തരത്തിലുള്ള പ്രസ്താവന അന്വേഷണങ്ങളുടെ നിഷ്പക്ഷതയെ സംശയനിഴലിലാക്കുന്നു. ഇത് പോലീസിനും അന്വേഷണ ഉദ്യോഗസ്ഥർക്കും മേലുള്ള പരസ്യമായ രാഷ്ട്രീയ സമ്മർദ്ദമാണ്.

നാടിന്റെ മുഴുവൻ ഭരണാധികാരി എന്ന പക്വതയ്ക്ക് പകരം, അണികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾ നടത്തുന്നത് സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനിടയാക്കും. ഇതിൻ്റെ ഭാഗമായി ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ആയിരിക്കും.

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുമ്പോൾ അനിവാര്യയുമായും കാണിക്കേണ്ട മര്യാദയും സംയമനവും മുഖ്യമന്ത്രിക്ക് തന്നെ കൈവിട്ടു പോയാൽ മന്ത്രിമാരും ഉദ്യോഗസ്ഥർ വൃന്ദവും അതേ വഴിയിലാണ് സഞ്ചരിക്കുക. കണ്ണൂരിൽ മുഖ്യമന്ത്രി നടത്തിയ വെല്ലുവിളി പ്രസംഗത്തിൻ്റെ ശ്രോതാക്കളായി രണ്ടു മന്ത്രിമാരും ഉണ്ടായിരുന്നു എന്നത് വിഷയത്തിന്റെ ഗൗരവം കൂടുതൽ വർദ്ധിപ്പിക്കുന്നു.

TAGS :

Next Story