'ഇനി അയ്യപ്പ വിശ്വാസികൾക്ക് ലീഗ് നാരങ്ങാ വെള്ളം കൊടുത്തതിന് പ്രശ്‌നണ്ടോ മാഷേ?'; ശബരിമല യുവതീ പ്രവേശനത്തിൽ സിപിഎം നിലപാട് മാറ്റത്തെ പരിഹസിച്ച് പി.കെ ഫിറോസ്
സിപിഎം വിശ്വാസികൾക്ക് ഒപ്പമാണ് എന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം

കോഴിക്കോട്: ശബരിമല യുവതീ പ്രവേശനത്തിൽ സിപിഎം നിലപാട് മാറ്റത്തെ പരിഹസിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭകാലത്ത് പ്രതിഷേധ റാലിയിൽ പങ്കെടുത്തവർക്ക് ലീഗ് നാരങ്ങാ വെള്ളം വിതരണം ചെയ്തതിനെ സിപിഎം പ്രവർത്തകർ സോഷ്യൽ മീഡിയയിലും പുറത്തും വ്യാപകമായി പരിഹസിക്കാറുണ്ടായിരുന്നു. ലീഗ് ആർഎസ്എസുകാർക്ക് നാരങ്ങാ വെള്ളം കൊടുക്കുന്നവരാണ് എന്നായിരുന്നു സിപിഎം പരിഹാസം. എന്നാൽ ആർഎസ്എസ് പ്രവർത്തകർക്കല്ല സാധാരണക്കാരായ അയ്യപ്പ ഭക്തരുടെ സമരത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത് എന്നാണ് ലീഗ് വാദം.
വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ നിലപാട് മാറ്റിയതോടെയാണ് തങ്ങൾക്കെതിരെ സിപിഎം കാലങ്ങളായി ഉയർത്തുന്ന ഒരു പരിഹാസത്തെ ഫിറോസ് സിപിഎമ്മിനെതിരെ തന്നെ തിരിച്ചുവെച്ചത്. 'ഇനി അയ്യപ്പ വിശ്വാസികൾക്ക് ലീഗ് നാരങ്ങാ വെള്ളം കൊടുത്തതിന് പ്രശ്‌നണ്ടോ മാഷേ?' എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ ഫിറോസിന്റെ ചോദ്യം.
സിപിഎം വിശ്വാസികൾക്കൊപ്പം നിൽക്കുന്നു എന്നാണ് എം.വി ഗോവിന്ദൻ ഇന്ന് പറഞ്ഞത്. ശബരിമല യുവതീ പ്രവേശനം കോടതി വിധിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയമാണ്. അതിനെക്കുറിച്ച് ഇപ്പോൾ പറയേണ്ടതില്ലെന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തോടും പ്രതികരിക്കാൻ എം.വി ഗോവിന്ദൻ തയ്യാറായില്ല.
Adjust Story Font
16

