Quantcast

കോട്ടയം നഴ്‌സിങ് കോളജിലെ റാ​ഗിങ്: അറസ്റ്റിലായ രാഹുൽ രാജ് എസ്എഫ്‌ഐ നേതാവെന്ന് പി.കെ നവാസ്

രാഹുൽ രാജ് എസ്എഫ്‌ഐയുടെ നഴ്‌സിങ് സംഘടനയായ കെജിഎസ്എൻഎ സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐ വണ്ടൂർ ലോക്കൽ കമ്മിറ്റി ഭാരവാഹിയുമാണെന്ന് നവാസ് ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    13 Feb 2025 4:12 PM IST

PK Navas against SFI on Kottayam nursing college ragging
X

കോഴിക്കോട്: കോട്ടയം ഗവൺമെന്റ് നഴ്‌സിങ് കോളജിലെ റാഗിങ്ങിന് പിന്നിൽ എസ്എഫ്‌ഐ പ്രവർത്തകരെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. കേസിൽ പ്രതിയായ രാഹുൽ രാജ് എസ്എഫ്‌ഐയുടെ നഴ്‌സിങ് സംഘടനയായ കെജിഎസ്എൻഎ സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐ വണ്ടൂർ ലോക്കൽ കമ്മിറ്റി ഭാരവാഹിയുമാണെന്ന് നവാസ് ആരോപിച്ചു.

വയനാട് വെറ്ററിനറി കോളജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥിന്റെ മരണത്തിന് പിന്നിലും എസ്എഫ്‌ഐ നേതാക്കളായിരുന്നു. അവരെ സംരക്ഷിച്ചതുപോലെ ഈ കേസിലെ പ്രതികളെയും സംരക്ഷിക്കാൻ എസ്എഫ്‌ഐ-സിപിഎം നേതാക്കൾ ശ്രമിക്കരുത്. പ്രതികളെ സംഘടനയിൽ നിന്ന് പുറത്താക്കാൻ എസ്എഫ്‌ഐ തയ്യാറാവണമെന്നും നവാസ് ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ക്രൂരമായ റാഗിംഗിൻ്റെ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് കോട്ടയത്ത് നിന്ന് വരുന്നത്. മാസങ്ങൾക്ക് മുൻപ് വയനാട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥിൻ്റെ ക്രൂര റാഗിംഗ് കൊലപാതകം നമ്മൾ മറന്ന് പോയിട്ടില്ല, അതിലെ പ്രതികൾ മുഴുവൻ എസ്.എഫ്.ഐ നേതാക്കളായിരുന്നു.

ഇപ്പൊ പുറത്ത് വരുന്ന കോട്ടയം നേഴ്സിങ് കോളേജിലെ റാഗിംഗിന് പിറകിലും sfi യുടെ നഴ്‌സിങ് സംഘടനയായ KGSNA യുടെ സ്റ്റേറ്റ് പ്രസിഡന്റും sfi വണ്ടൂർ ലോക്കൽ കമ്മറ്റി ഭാരവാഹിയുമായ രാഹുൽ രാജ് ഉൾപ്പെടെ 5 പ്രതികളും എസ്.എഫ്.ഐ നേതാക്കളും പ്രവർത്തകരുമാണ്.

അധാർമ്മികതയുടെ ആൾക്കൂട്ടമായി എസ്.എഫ്.ഐ മാറുമ്പോൾ മനുഷ്യത്വം മരവിച്ച പ്രവർത്തകരുള്ള ഒരു സംഘമായി എസ്.എഫ്.ഐ രൂപമാറ്റം സംഭവിക്കുന്നതിൽ അദ്ഭുതമില്ല

സിദ്ധാർത്ഥ് കൊലപാതകത്തിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കാൻ ശ്രമിച്ചത് പോലുള്ള നീക്കം ഈ വിഷയത്തിൽ സി.പി.എം ,എസ്.എഫ്.ഐ നേതൃത്വത്തിൽ നിന്ന് ഉണ്ടാകരുത്. പ്രതികളെ സംഘടനയിൽ നിന്ന് പുറത്താക്കാൻ sfi തയ്യാറാകണം .

സ്വന്തം ഇൻസ്റ്റഗ്രാം അകൗണ്ടിൽ സഖാവ് എന്ന bio എഴുതിവെച്ച സംസ്ഥാന നേതാവിനെതിരെ പരാതി പറയാൻ കുട്ടികൾ ഭയന്നതിനെ കുറ്റപ്പെടുത്തനാവില്ല. ഇത്തരം ക്രൂര മനസ്സുകാർ ഒരു ദയയും അർഹിക്കുന്നില്ല, നിയമത്തിന് പൂർണമായി വിധേയരാക്കി മാതൃകാപരമായി ശിക്ഷിക്കാൻ ഭരണകൂടം തയ്യാറാകണം. ഭരണകൂടം ഈ മൃഗീയ പ്രവർത്തിക്ക് കുട്ട് നിൽക്കരുത്.

ക്യാമ്പസുകളിൽ തളം കെട്ടി നിൽക്കുന്ന ഇത്തരം ഭയങ്ങളെ കീഴ്പ്പെടുത്താനാണ് വിദ്യാർത്ഥികൾ കൈകോർക്കേണ്ടത്. ഭയരഹിത കലാലയങ്ങൾക്കായി വിദ്യാർത്ഥികൾ ഒന്നിക്കണം.

വയനാട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ വിട്ടയക്കാനുള്ള ഇളവുകൾ ഉണ്ടായത് ഇവിടുത്തെ സർക്കാർ സംവിധാനത്തിൻ്റെ പരാജയമാണ്. അവർക്ക് മാതൃകാപരമായ ശിക്ഷ വാങ്ങി നൽകാൻ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടു.

TAGS :

Next Story