Quantcast

നിഖാബ് പോസ്റ്റർ വടകരയിലെ കാഫിർ സ്‌ക്രീൻ ഷോട്ടിന്റെ തുടർച്ച: പി.കെ നവാസ്

കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ച റിബേഷ് രാമകൃഷ്ണൻ എന്ന വ്യാജ പതിപ്പിന്റെ ശിഷ്യഗണങ്ങൾ തന്നെയാണ് ഈ വ്യാജ പോസ്റ്ററിന്റെ പിറകിൽ എന്നത് വ്യക്തമാണെന്നും നവാസ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    6 Dec 2025 12:52 PM IST

നിഖാബ് പോസ്റ്റർ വടകരയിലെ കാഫിർ സ്‌ക്രീൻ ഷോട്ടിന്റെ തുടർച്ച: പി.കെ നവാസ്
X

കോഴിക്കോട്: വേങ്ങരയിലെ നിഖാബ് പോസ്റ്റർ വടകരയിലെ കാഫിർ സ്‌ക്രീൻ ഷോട്ടിന്റെ തുടർച്ചയാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. മലപ്പുറം ജില്ലയിലെ വേങ്ങര ഗ്രാമപഞ്ചായത്ത് 12 വാർഡ് യുഡിഎഫ് സ്ഥാനാർഥി എന്ന് പറഞ്ഞാണ് വ്യാജ പോസ്റ്റർ പ്രചരിപ്പിക്കുന്നത്. എന്നാൽ വേങ്ങര ഗ്രാമപഞ്ചായത്തിൽ യുഡിഎഫിന് വേണ്ടി മുസ്‌ലിം ലീഗിന്റെ ഏണിചിഹ്നത്തിൽ മത്സരിക്കുന്നത് എൻ.ടി മൈമൂനയാണ്. അവരുടെ പോസ്റ്ററും ഫോട്ടോയും ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ വന്നതുമാണ്.

എന്നാൽ ഈ വ്യാജ പോസ്റ്ററിന്റെ സൃഷ്ടാക്കളുടെ കൈത്തഴമ്പ് വടകര വ്യാജ സ്‌ക്രീൻ ഷോട്ടിന്റെ സമയത്ത് തന്നെ കേരളത്തിന് വ്യക്തമാണ്. ഒരു തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഏതു വിധത്തിലുള്ള നുണയും പ്രചരിപ്പിക്കാൻ മടിയില്ലാത്ത ഗീബൽസുമാരെയാണ് സിപിഎം എന്ന ഫാക്ടറി പുറം തള്ളുന്നത്. കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ച റിബേഷ് രാമകൃഷ്ണൻ എന്ന വ്യാജ പതിപ്പിന്റെ ശിഷ്യഗണങ്ങൾ തന്നെയാണ് ഈ വ്യാജ പോസ്റ്ററിന്റെ പിറകിൽ എന്നത് വ്യക്തമാണ്.

തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറഞ്ഞാണ് വിജയിക്കാൻ ശ്രമിക്കേണ്ടത്. അവശ്യ സാധനങ്ങളുടെ വിലവർധന, ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ സിപിഎം പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം വ്യാജൻമാരുടെ കരവിരുതിലാണ് സിപിഎമ്മിന്റെ പ്രതീക്ഷ. ജനം അനുഭവിക്കുന്ന രൂക്ഷമായ പ്രതിസന്ധികളെ മറികടക്കാൻ വ്യാജന്മാരുടെ കരവിരുതുകൾകൊണ്ട് സാധിക്കില്ലെന്നും നവാസ് പറഞ്ഞു.

TAGS :

Next Story