Quantcast

തെരഞ്ഞെടുപ്പ് പ്രചാരണം; കർണാടകയിൽ നാല് കിലോമീറ്റർ മെഗാ റോഡ് ഷോ നടത്താൻ മോദി

ഞായറാഴ്ച വൈകിട്ട് 5.30-ന് ഗണ്‍ ഹൗസ് സര്‍ക്കിളില്‍നിന്ന് ബന്നിമണ്ഡപിലെ എല്‍.ഐ.സി. സര്‍ക്കിളിലേക്കാണ് 4.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്ഷോ

MediaOne Logo

Web Desk

  • Updated:

    2023-04-29 06:30:50.0

Published:

29 April 2023 6:07 AM GMT

narendramodi_karnataka
X

ബെംഗളൂരു: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിൽ എത്തും. തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ വൻ പരിപാടികളാണ് സംസ്ഥാനത്ത് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ടുദിവസത്തിനിടെ മൂന്ന് പൊതുയോഗങ്ങൾ മോദിയുടെ നേതൃത്വത്തിൽ നടക്കും. ഒപ്പം മൈസൂരുവില്‍ കൂറ്റന്‍ റോഡ് ഷോയും അരങ്ങേറും.

ഈ വർഷം മോദിയുടെ ഒൻപതാമത്തെ കർണാടക സന്ദർശനമാണിത്. ഫെബ്രുവരിയിലായിരുന്നു അവസാനമായി അദ്ദേഹം സംസ്ഥാനത്ത് എത്തിയത്. ഇന്ന് രാവിലെ 8:20 ന് ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് മോദി പുറപ്പെട്ടത്. 10:20 ന് അദ്ദേഹം കർണാടകയിലെ ബിദാർ വിമാനത്താവളത്തിൽ എത്തിച്ചേരും. ഇവിടെ നിന്ന് ഹെലികോപ്റ്ററിൽ ബിദാർ ജില്ലയിലെ ഹുമ്നാബാദിലേക്ക് പോകുന്ന മോദി പതിനൊന്ന് മണിയോടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്യും.

യോഗത്തിന് ശേഷം വിജയപുരയിലേക്ക് പോകുന്ന അദ്ദേഹം ഉച്ചയ്ക്ക് ഒരു മണിക്ക് മറ്റൊരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടർന്ന് ബെലഗാവി ജില്ലയിലെ കുടച്ചിയിലേക്ക്. ഉച്ചയ്ക്ക് 2:45 ന് നടക്കുന്ന മറ്റൊരു യോഗത്തിലും മോദി പങ്കെടുക്കും. ശേഷം വൈകിട്ടോടെ ബെംഗളൂരുവിലേക്ക് തിരിക്കും. ബെംഗളൂരു നോർത്തിലാണ് മെഗാ റോഡ് ഷോ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഞായറാഴ്ച രാവിലെ രാജ്ഭവനിൽ നിന്ന് പുറപ്പെട്ട് ജില്ലാ ആസ്ഥാനമായ കോലാറിലും രാമനഗര ജില്ലയിലെ ചന്നപട്ടണയിലും ഹാസൻ ജില്ലയിലെ ബേലൂരിലും പൊതുയോഗങ്ങൾ നടത്തും. ഡൽഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് പ്രധാനമന്ത്രി ഞായറാഴ്ച മൈസൂരുവിൽ റോഡ് ഷോയും നടത്തും. ഞായറാഴ്ച വൈകിട്ട് 5.30-ന് ഗണ്‍ ഹൗസ് സര്‍ക്കിളില്‍നിന്ന് ബന്നിമണ്ഡപിലെ എല്‍.ഐ.സി. സര്‍ക്കിളിലേക്കാണ് 4.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്ഷോ നടത്തുക. മൈസൂരുവിൽ മോദിയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണമാണിത്. ഒരുമണിക്കൂറിലധികം റോഡ് ഷോ നീണ്ടുനിൽക്കും. ദസറ ജംബൂസവാരിയുടെ മാതൃകയിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് റോഡ് ഷോയ്ക്കായി ഒരുക്കിയിരിക്കുന്നത്. റോഡ്ഷോ സമയത്ത് ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തും.

മെയ് 10നാണു കർണാടകയിൽ 224 സീറ്റുകളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. മെയ് 13ന് ഫലമറിയാം.

TAGS :

Next Story