Quantcast

'ലീഗ് ഉറങ്ങുന്ന സിംഹമാണ്, തൊട്ടാൽ ഉണരും, അതാണ് കടപ്പുറത്ത് കണ്ടത്'; സിപിഎമ്മിന് ബേജാറെന്ന് പിഎംഎ സലാം

"മുസ്‌ലിംകളെ അപരവൽക്കരിക്കാനുള്ള ശ്രമമാണ് മാർക്‌സിസ്റ്റ് പാർട്ടി നടത്തുന്നത്. അതിന് പ്രത്യേക അജണ്ടയുണ്ട്"

MediaOne Logo

Web Desk

  • Published:

    17 Dec 2021 6:54 AM GMT

ലീഗ് ഉറങ്ങുന്ന സിംഹമാണ്, തൊട്ടാൽ ഉണരും, അതാണ് കടപ്പുറത്ത് കണ്ടത്; സിപിഎമ്മിന് ബേജാറെന്ന് പിഎംഎ സലാം
X

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ ചരിത്രം കേരളത്തിന് അറിയാമെന്നും എഴുപതു വർഷത്തെ ചരിത്രത്തിൽ അതിന് ആരും വർഗീയത ആരോപിച്ചിട്ടില്ലെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. വഖഫ് വിഷയത്തിൽ കോഴിക്കോട്ട് ഒത്തുകൂടിയ ജനക്കൂട്ടത്തെ കണ്ടാണ് സിപിഎം ഇപ്പോൾ പ്രകോപിതമാകുന്നത് എന്നും അദ്ദേഹം ആരോപിച്ചു. ലീഗിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങളോട് വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'മുസ്‌ലിംലീഗിന്റെ എഴുപത് വർഷക്കാലയളവില്‍ ആരും ഞങ്ങള്‍ക്കെതിരെ വർഗീയ ആരോപിച്ചിട്ടില്ല. മുസ്‌ലിംലീഗിന്റെ മതേതര നിലപാടിന് പരക്കെ അംഗീകാരം കിട്ടിയിട്ടുണ്ട്. ലീഗ് കേരള സമൂഹത്തിന് പരിചിതമാണ്. മാർക്‌സിസ്റ്റ് പാർട്ടി ഇപ്പോൾ രാഷ്ട്രീയമായ ആരോപണം ഉന്നയിക്കുകയാണ്. മുസ്‌ലിംകളെ അപരവൽക്കരിക്കാനുള്ള ശ്രമമാണ് മാർക്‌സിസ്റ്റ് പാർട്ടി നടത്തുന്നത്. അതിന് പ്രത്യേക അജണ്ടയുണ്ട്. അത് സമൂഹം മനസ്സിലാക്കിയിട്ടുണ്ട്. അതിൽ നിന്ന് രക്ഷപ്പെടാണ് ഇപ്പോൾ സിപിഎം ആരോപണങ്ങൾ ഉന്നയിക്കുന്നത്. മുസ്‌ലിംലീഗിനെ കുറിച്ച് കേരളീയർക്കറിയാം.' - സലാം പറഞ്ഞു.

'വഖഫ് വിഷയത്തിൽ ലീഗിന്റെ നിലപാടിൽ എന്ന് വർഗീയതയാണ് ഉള്ളത്. പള്ളികൾ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാൻ ലീഗ് പറഞ്ഞിട്ടില്ല. പള്ളികളിൽ സമരമോ പ്രതിഷേധമോ വേണമെന്ന് ലീഗ് പറഞ്ഞിട്ടില്ല. ബോധവൽക്കരണം നടത്താനാണ് ആവശ്യപ്പെട്ടത്. അതേ അന്നും ഇന്നും പറയുന്നുള്ളൂ. ശരീഅത്ത് വിവാദത്തിലും സിഎഎ, എൻആർസി വിവാദത്തിലും പള്ളികളിൽ ബോധവൽക്കരണം നടത്തിയിട്ടുണ്ട്. പള്ളിയിൽ കുഴപ്പമുണ്ടാകുമെന്ന് സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവനയിറക്കിയിരിക്കുന്നു. അതുവരെ പള്ളിയില്‍ വരാത്തവരൊക്കെ ആ വെള്ളിയാഴ്ച ജുമുഅക്ക് വന്നു. വഖഫ് നിയമം പാസാക്കിയത് മദ്രസയിൽ വച്ചല്ല, നിയമസഭയിൽ വച്ചാണ്. ലീഗും യുഡിഎഫും നിയമത്തെ എതിർത്തിട്ടുണ്ട്. അതിനെ രാഷ്ട്രീയമായി എതിർക്കണം. മാർക്‌സിസ്റ്റ് പാർട്ടി വഖഫിൽ ഇടപെടുമ്പോൾ മതേതരം. അതേക്കുറിച്ച് ലീഗ് പറയുമ്പോൾ വര്‍ഗീയം. അതെങ്ങനെയാണ്?' - അദ്ദേഹം ചോദിച്ചു.

'സർക്കാർ ചെയ്ത തെറ്റ് ജനം അറിഞ്ഞിട്ടുണ്ട്. പിടിവാശിയില്ലെന്നാണ് സർക്കാർ പറയുന്നത്. ഒരൊറ്റ സമ്മേളനം ഇത്രമാത്രം സിപിഎം നേതാക്കളെ പ്രകോപിപ്പിച്ചില്ലേ. ഇത് ഞങ്ങളുടെ വിജയമാണ്. മോദി ഇന്ത്യയിൽ കളിക്കുന്ന കളി അതിന്റെ ഇരട്ടിയായി പിണറായി കേരളത്തിൽ കളിക്കുകയാണ്. കോവിഡ് പ്രതിരോധത്തിലും പ്രളയത്തിലും ലീഗ് സർക്കാറിനെ സഹായിച്ചിട്ടുണ്ട്. ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണ് എന്ന് സിഎച്ച് മുഹമ്മദ് കോയ പറഞ്ഞിട്ടുണ്ട്. ആരെങ്കിലും തൊട്ടാൽ അത് ഉണരും. അതാണ് കടപ്പുറത്തു കണ്ടത്. ലീഗ് പതിന്മടങ്ങ് ശക്തിയോടെ തിരിച്ചുവരും. സിപിഎമ്മിന് എന്തിനാണ് ഇത്രയും ബേജാറ്. കോവിഡ് പ്രോട്ടോകോൾ തെറ്റിച്ചതിന്റെ പേരിൽ പതിനായിരം പേർക്കെതിരെ കേസെടുത്തു. സിപിഎം സമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുത്തില്ലേ. അവർക്കെതിരെയും കേസെടുക്കേണ്ടേ? സിപിഎമ്മിന്റെ വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ല.' - സലാം കുറ്റപ്പെടുത്തി.

ലീഗിന് പച്ചയായ വർഗീയതയെന്ന് കോടിയേരി

മുസ്‌ലിം ലീഗിനെ ജിന്നയുടെ ലീഗിനോടാണ് കോടിയേരി ബാലകൃഷ്ണൻ ഉപമിച്ചത്. ജിന്നയുടെ ലീഗിൻറെ ശൈലിയാണ് ഇന്ന് ലീഗ് പയറ്റുന്നത്. 1946ൽ ബംഗാളിനെ വർഗീയ കലാപത്തിലേക്ക് നയിച്ചത് മുസ്‌ലി ലീഗാണെന്നും അന്നത്തെ അക്രമ ശൈലിയാണ് ലീഗ് കേരളത്തിൽ പ്രയോഗിക്കുന്നതെന്നും ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കോടിയേരി ആരോപിക്കുന്നു.

'ഹിന്ദുരാജ്യ' നയത്തിൽ മിണ്ടാട്ടമില്ലാത്ത ലീഗ് എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം.മതം, വർണം, ജാതി, സമുദായം, ഭാഷ തുടങ്ങിയവയുടെ പേരിൽ വെറുപ്പും വിദ്വേഷവും ശത്രുതയും ഉണ്ടാക്കുന്നതിനെതിരെ നിലകൊള്ളുന്നതാണ് ഇന്ത്യൻ ഭരണഘടന. അതിൻറെ സത്തയെ വെല്ലുവിളിക്കുന്ന നടപടികളിലാണ് മുസ്‌ലിം ലീഗ്. മലപ്പുറം അടക്കം ലീഗ് തങ്ങളുടെ ഉരുക്കുകോട്ടകളായി കരുതുന്ന ഇടങ്ങളിൽപ്പോലും എൽഡിഎഫ് വിജയക്കൊടി പാറിക്കുകയാണ്. ഈ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുന്നതിന് പച്ചയായ വർഗീയതയെ പുറത്തെടുത്തിരിക്കുകയാണ് ലീഗ്. അതിൻറെ വിളംബരമായിരുന്നു വഖഫ് ബോർഡ് നിയമനത്തിൻറെ പേരുപറഞ്ഞ് മുസ്‌ലിം ലീഗ് കോഴിക്കോട്ട് നടത്തിയ എൽഡിഎഫ് സർക്കാർവിരുദ്ധ പ്രകടനവും സമ്മേളനവും. സ്വന്തം പ്രവൃത്തികൊണ്ട് ലീഗ് അകപ്പെട്ട ഒറ്റപ്പെടലിലും രാഷ്ട്രീയ പ്രതിസന്ധിയിലും നിന്ന് രക്ഷനേടാൻ ലീഗ് കണ്ടെത്തിയിരിക്കുന്നത് വിപത്തിൻറെ വഴിയാണെന്നും ലേഖനത്തിൽ വിമർശിക്കുന്നു.

മതനിരപേക്ഷത നിലനിർത്താൻ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന എൽ.ഡി.എഫ് ഭരണം ഇവിടെയുള്ളതുകൊണ്ടാണ് നാട് വർഗീയ ലഹളകളിലേക്ക് വീഴാത്തത്. ഇന്ത്യയിലെ വലിയ പ്രതിപക്ഷ പാർട്ടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്, ബിജെപിയുടെ ഹിന്ദുരാഷ്ട്രത്തെ എതിർക്കുന്നതിലും തുറന്നുകാട്ടുന്നതിലും വൻപരാജയമാണെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.ഹിന്ദുത്വ വർഗീയതയുടെ വിപത്ത് തുറന്നുകാട്ടുന്നതിനല്ല, ബി.ജെ.പിയെക്കാൾ വിശ്വസിക്കാവുന്ന ഹിന്ദുവാണ് തങ്ങളെന്ന് സ്ഥാപിക്കുന്നതിനാണ് രാഹുലിൻറെയും കൂട്ടരുടെയും യത്‌നം. ഈ മൃദുഹിന്ദുത്വ നയം വൻ അപകടമാണെന്ന് പറയുന്നതിനുള്ള ഉള്ളുറപ്പുപോലുമില്ലാത്ത മുസ്‌ലിം എങ്ങനെ ന്യൂനപക്ഷ സംരക്ഷണ പാർട്ടിയാകുമെന്നും ലേഖനത്തിൽ ചോദിക്കുന്നു.

Summary: PMA Salam, state general secretary of the Muslim League, said that Kerala knew the history of the Muslim League and no one had accused it of communalism in its 70-year history. He also alleged that the CPM was now provoked by the crowds that had gathered in Kozhikode over the Waqf issue. He was responding to allegations made by CPM state secretary Kodiyeri Balakrishnan against the league at a press conference.

TAGS :

Next Story