Quantcast

'സവർക്കർ തീവ്ര ഇടതുപക്ഷ സാഹസികപ്രവർത്തകൻ'; ഇ.പി ജയരാജന്റെ പരാമർശത്തിനെതിരെ പി.എൻ ഗോപീകൃഷ്ണൻ

ഹിറ്റ്ലർക്ക് നാസിസവും മുസ്സോളിനിക്ക് ഫാസിസവും എന്ന പോലെയാണ് മോഡിക്ക് സവർക്കറിസം. ഇതുപോലുള്ള ഉദാസീന പ്രസ്താവനകൾ ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കളിൽനിന്ന് വരുന്നത് ഖേദകരമാണെന്നും ഗോപീകൃഷ്ണൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    17 Aug 2023 6:26 AM GMT

PN Gopikrishnan against EP Jayarajan statement
X

വി.ഡി സവർക്കർ ഒരുകാലത്ത് തീവ്ര ഇടതുപക്ഷ സാഹസികപ്രവർത്തകനായിരുന്നു എന്ന ഇ.പി ജയരാജന്റെ പ്രസ്താവനക്കെതിരെ പി.എൻ ഗോപീകൃഷ്ണൻ. വിപ്ലവപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതുകൊണ്ടാണ് സവർക്കർ ജയിലിൽപോയതെന്ന പ്രസ്താവന നൂറു ശതമാനവും തെറ്റാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വി ഡി സവർക്കർ ഒരു കാലത്ത് തീവ്ര ഇടതുപക്ഷ സാഹസിക പ്രവർത്തകൻ ആയിരുന്നു എന്ന മട്ടിൽ ഇ.പി.ജയരാജൻ പ്രസംഗിച്ചതായി ഇന്നത്തെ പത്രങ്ങളിൽ വാർത്ത കണ്ടു. അങ്ങനെയുള്ള വിപ്ലവ പ്രവർത്തനത്തിൽ ഏർപ്പെട്ടതുകൊണ്ടാണ് അദ്ദേഹം ജയിലിൽ പോയതെന്നും. നൂറു ശതമാനവും തെറ്റായ പ്രസ്താവന ആണത്.

നാസിക് ജില്ലാ കളക്ടറായിരുന്ന ഏ എം ടി ജാക്സൺ എന്ന ബ്രിട്ടീഷുകാരനെ അനന്ത് ലക്ഷ്മൺ കൻഹാരേ വെടിവെച്ചു കൊന്ന കേസിൽ ഗൂഢാലോചനാ കുറ്റത്തിനാണ് സവർക്കർ ജയിലിലാകുന്നത്. സവർക്കർ സ്ഥാപിച്ച അഭിനവ് ഭാരത് എന്ന തീവ്ര വലതുപക്ഷ ബ്രാഹ്മണിക പ്രസ്ഥാനത്തിൻ്റെ പ്രവർത്തകനായിരുന്നു കൻഹാരേ. സവർക്കർ ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിലേയ്ക്ക് കടത്തിയ തോക്കുകളിൽ ഒന്ന് ഉപയോഗിച്ചാണ് കൊല നടത്തിയത്. തൻ്റെ ജ്യേഷ്ഠനായ ഗണേഷ് ദാമോദർ സവർക്കറെ തടവിലാക്കിയത് ജാക്സൺ ആണ് എന്ന വിരോധം ആണ് ജാക്സൺ വധത്തിൽ കലാശിച്ചത്. 1909 ഡിസംബർ 21 ന് നാസിക്കിൽ വെച്ചാണ് കൻഹാരേ , ജാക്സണെ കൊല്ലുന്നത്. തുടർന്ന് 1910 മാർച്ചിൽ സവർക്കർ അറസ്റ്റ് ചെയ്യപ്പെട്ടു.

1910 ഡിസംബർ 23 ന് ജാക്സൺ കേസിലെ വിധി വന്നു. സവർക്കർക്ക് ആൻഡമാൻ ജയിലിൽ ജീവപര്യന്തം തടവാണ് ശിക്ഷയായി കിട്ടിയത്. ഒപ്പം രാജ്യദ്രോഹ കേസിൽ മറ്റൊരു ജീവപര്യന്തവും. ഇരട്ട ജീവപര്യന്തത്തടവുകാരനായി 1911 ജൂൺ 27 നാണ് സവർക്കർ ആൻഡമാനിലേയ്ക്ക് പോകുന്നത്.

ഇക്കാലത്തൊന്നും കമ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ നിലവിൽ വന്നിട്ടില്ല. റഷ്യൻ വിപ്ലവം പോലും നടന്നിട്ടില്ല. 1920 കളിൽ മാത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യരൂപങ്ങൾ ഇന്ത്യയിൽ പ്രവർത്തിച്ചു തുടങ്ങുന്നത്. ഇടതു പക്ഷം, കമ്യൂണിസം തുടങ്ങിയ പരികല്പനകൾ പോലും സവർക്കർ തടവിലാകുന്ന കാലത്ത് ഇന്ത്യയ്ക്ക് അപരിചിതമാണ് എന്നർത്ഥം.

ദാരേക്കർ പോലുള്ള ചില അപവാദങ്ങൾ ചൂണ്ടിക്കാണിക്കാമെങ്കിലും അഭിനവ് ഭാരത് ഒരു ബ്രാഹ്മണ വലതുപക്ഷ തീവ്രവാദ പ്രസ്ഥാനമായിരുന്നു. കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ തീവ്ര വലതുപക്ഷ ചിത്പാവൻ ബ്രാഹ്മണ പ്രസ്ഥാനം. ജാക്സൺ വധക്കേസിലെ പ്രതിപ്പട്ടിക നോക്കിയാൽ അത് വ്യക്തമാകും. ഭൂരിഭാഗം പേരും ചിത്പാ വൻ ബ്രാഹ്മണർ.

ഹിറ്റ്ലർക്ക് നാസിസവും മുസ്സോളിനിക്ക് ഫാസിസവും എന്ന പോലെയാണ് മോഡിക്ക് സവർക്കറിസം. അക്കാലത്ത് ഇമ്മാതിരി ഉദാസീന പ്രസ്താവനകൾ ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കളിൽ നിന്നും വരുന്നു എന്നത് അങ്ങേയറ്റം ഖേദകരമാണ്

TAGS :

Next Story