പ്രവേശനോത്സവത്തിൽ പോക്‌സോ പ്രതി മുഖ്യാതിഥി; ഹെഡ്‍മാസ്റ്റർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
ഇങ്ങനെ ഒരാൾ വരുന്നത് ഹെഡ്‍മാസ്റ്റർ അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോക്സോ കേസ് പ്രതി പ്രവേശനോത്സവ ചടങ്ങിലെ മുഖ്യതിഥിയായ സംഭവത്തിൽ ഹെഡ്‍മാസ്റ്ററുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ വകുപ്പ് ജില്ലാ ഉപഡയറക്ടറുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.സ്പോൺസറാകാം പോക്സോ കേസ് പ്രതിയായ മുകേഷ് നായരെ ക്ഷണിച്ചതെങ്കിലും ഹെഡ്‍മാസ്റ്റർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇങ്ങനെ ഒരാൾ വരുന്നത് ഹെഡ്‍മാസ്റ്റർ അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും പറഞ്ഞു. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുകേഷ് എം നായരെ പരിപാടിയിൽ പങ്കെടുപ്പിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും സ്പോൺസറാണ് ക്ഷണിച്ചതെന്നുമാണ് സ്കൂൾ അധികൃതര്‍ നല്‍കിയ വിശദീകരണം.
പടിഞ്ഞാറെക്കോട്ട ഗവൺമെന്റ് ഫോർട്ട് ഹൈസ്കൂളിൽ കഴിഞ്ഞദിവസം നടന്ന പ്രവേശനോത്സവത്തിലാണ് മുഖ്യാതിഥിയായി പോക്സോ കേസ് പ്രതി വ്ളോഗര്‍ മുകേഷ് എം നായർ പങ്കെടുത്തത്. എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് മെമന്‍റോ സമ്മാനിച്ചതിന് പുറമേ പ്രസംഗം നടത്തി വിദ്യാർഥികൾക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത ശേഷമാണ് മുകേഷ് മടങ്ങിയത്. മുൻ എസിപി ഒ. എ സുനിൽ ഉൾപ്പെടെയുള്ളവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ സ്കൂളിൽ കഴിഞ്ഞ മൂന്നു വർഷമായി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന ജെസിഐ എന്ന സംഘടനയാണ് പരിപാടിയിൽ മുകേഷ് നായരെ ക്ഷണിച്ചത് എന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
സെലിബ്രിറ്റി ഗസ്റ്റ് വന്നേക്കുമെന്ന് മാത്രമാണ് പഠനോപകരണങ്ങൾ സ്പോൺസർ ചെയ്ത സന്നദ്ധ സംഘടന അറിയിച്ചതെന്നും മുകേഷിനെതിരെ കേസ് നിലനിൽക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും അധികൃതർ പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർഥ നഗ്നയായാക്കി അഭിനയിപ്പിച്ചു എന്നതുൾപ്പെടെയുള്ള പരാതിയിലാണ് മുകേഷ് നായർക്കെതിരെ ഫോക്സോ കേസ് നിലനിൽക്കുന്നത്. കോവളം പൊലീസാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ഉപാധികളുടെ മുകേഷിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
Adjust Story Font
16