Quantcast

ഹര്‍ത്താല്‍: കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി

സീനിയർ സിവിൽ പൊലീസ് ഓഫീസർ ആന്‍റണി, സിപിഒ നിഖിൽ എന്നിവർക്ക് പരിക്കേറ്റു.

MediaOne Logo

Web Desk

  • Published:

    23 Sept 2022 9:39 AM IST

ഹര്‍ത്താല്‍: കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി
X

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കൊല്ലം പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. സീനിയർ സിവിൽ പൊലീസ് ഓഫീസർ ആന്‍റണി, സിപിഒ നിഖിൽ എന്നിവർക്ക് പരിക്കേറ്റു.

യാത്രക്കാരെ അസഭ്യം പറഞ്ഞത് തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അതിക്രമമെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ ബൈക്കിൽ ഹർത്താല്‍ അനുകൂലി ബൈക്ക് കൊണ്ടിടിക്കുകയായിരുന്നു. പൊലീസുകാര്‍ മുഖമിടിച്ചു താഴെ വീണു. ആക്രമണം നടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എസ്.ഡി.പി.ഐയുടെ കൂട്ടിക്കട ബ്രാഞ്ച് പ്രസിഡന്‍റ് ഷംനാദാണ് വാഹനം ഇടിപ്പിച്ചത്. പള്ളിമുക്കില്‍ രാവിലെ മുതല്‍ ഹര്‍ത്താലനുകൂലികള്‍ കടകള്‍ അടപ്പിക്കുന്നുണ്ടായിരുന്നു. ഇതിനിടെയായിരുന്നു അതിക്രമം.

ഹര്‍ത്താലിനിടെ ആലപ്പുഴ, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. വളഞ്ഞവഴിയിൽ രണ്ട് കെഎസ്ആർടിസി ബസുകൾ, ടാങ്കർ ലോറി, ട്രെയിലർ ലോറി, കാർ എന്നിവയുടെ ചില്ല് തകർന്നു. രാവിലെ 6.30 ഓടെയാണ് സംഭവം. രണ്ടു യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. കല്ലെറിഞ്ഞവർ ബൈക്കിൽ രക്ഷപ്പെട്ടതായി ബസിലെ ഡ്രൈവറും കണ്ടക്ടറും മീഡിയവണിനോട് പറഞ്ഞു.

എറണാകുളം ആലുവ ചാലക്കൽ പകലോമറ്റത്ത് കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം അട്ടക്കുളങ്ങരയിലും കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ബസിന്റെ പിറകിലെ ചില്ല് തകർന്നു. നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിനു നേരെയായിരുന്നു അക്രമം. മുന്നിലും പിറകിലുമായി ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞതെന്ന് ബസ് ഡ്രൈവർ പറഞ്ഞു. നിറയെ യാത്രക്കാരുമായി പോകുമ്പോഴാണ് കല്ലേറുണ്ടായത്.

തൃശൂർ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്നു ബസിനു നേരെ ഫറോക്ക് നല്ലളത്തു വെച്ച് കല്ലേറുണ്ടായി. കോഴിക്കോട് നടക്കാവിൽ ബംഗളുരുവിനു പോകുകയായിരുന്ന ബസിനു നേരെയും കല്ലെറുണ്ടായി. കണ്ണൂരില്‍ പത്രം കൊണ്ടുപോകുന്ന വാഹനത്തിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു.

രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് ഹർത്താൽ.

TAGS :

Next Story