Quantcast

വിഴിഞ്ഞം ആക്രമണത്തിൽ അഞ്ചാംദിനവും പ്രതികളെ പിടിക്കാതെ പൊലീസ്

സമരത്തിനെതിരെ അദാനി ഗ്രൂപ്പ് നൽകിയ ഹരജി ഇന്ന് ഹൈക്കോടതിയിൽ

MediaOne Logo

Web Desk

  • Published:

    2 Dec 2022 12:54 AM GMT

വിഴിഞ്ഞം ആക്രമണത്തിൽ അഞ്ചാംദിനവും പ്രതികളെ പിടിക്കാതെ പൊലീസ്
X

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികളെ അഞ്ചാം ദിനവും പിടികൂടാതെ പൊലീസ്. പ്രതികളുടെ പട്ടിക തയ്യാറാക്കുകയാണെന്നും ഉടൻ പിടികൂടുമെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ അറസ്റ്റ് നടപടികളിലേക്ക് കടക്കേണ്ടെന്ന സർക്കാർ നിർദേശമാണ് പ്രതികളെ പിടികൂടാത്തതിന് കാരണമെന്നാണ് ആക്ഷേപം. നടപടികൾ വൈകുന്നതിൽ പൊലീസ് അസോസിയേഷനുകൾക്കും കടുത്ത അതൃപ്തിയാണുള്ളത്.

നാൽപതോളം പൊലീസുകാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് 130 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് നടപടികളുടെ മേൽനോട്ടം വഹിക്കുന്നത് പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു.

അതേസമയം, വിഴിഞ്ഞം സമരത്തിനെതിരെ അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം നടന്ന സംഘർഷങ്ങളുടെ ഭാഗമായി ക്രമസമാധാനം ഉറപ്പാക്കാൻ സ്വീകരിച്ച നടപടി സർക്കാർ കോടതിയെ അറിയിക്കും. ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും വൈദികർക്ക് പങ്കുണ്ടെന്നും കാണിച്ച് പൊലീസ് ഇന്നലെ സത്യവാങ്മൂലം നൽകിയിരുന്നു. നിർമാണ പ്രവർത്തനങ്ങൾക്ക് തടസം വരാതിരിക്കാൻ കോടതി ഉത്തരവിടണമെന്ന് അദാനി ഗ്രൂപ്പ് കോടതിയിൽ ആവശ്യപ്പെടും. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം സർക്കാരിന് വെല്ലുവിളി ആയിരിക്കെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. വിഴിഞ്ഞം സമരം യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഘർഷവും മന്ത്രി വി.അബ്ദുറഹ്മാനെതിരെ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമർശവും ചർച്ചയായേക്കും. സമരം തീർക്കാൻ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ല എന്ന വിമർശനവും ശക്തമാണ്. സമരത്തിനെതിരെ രാഷ്ട്രീയ പ്രചാരണത്തിന് നേരത്തേ സി.പി.എം തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.

TAGS :

Next Story