Quantcast

ലഹരിക്കേസിൽ നടൻ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകേണ്ടെന്ന് പൊലീസ്

കുറച്ചുകൂടി കരുതലോടെ മുന്നോട്ടുപോകണം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തിരക്കുപിടിച്ച് രണ്ടാഘട്ട ചോദ്യം ചെയ്യലിലേക്ക് കടക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്.

MediaOne Logo

Web Desk

  • Updated:

    2025-04-20 15:46:31.0

Published:

20 April 2025 7:26 PM IST

Police says actor Shine Tom Chacko will not appear in drug case tomorrow
X

കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായി സ്റ്റേഷൻ ജാമ്യത്തിൽ വിട്ട നടൻ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. മൊഴി വിശദമായി പരിശോധിച്ച ശേഷമേ ഇനി ചോദ്യം ചെയ്യൂവെന്ന് പൊലീസ് അറിയിച്ചു. ഷൈന്‍ ടോമിന്റെ അക്കൗണ്ട്, ഫോണ്‍ വിവരങ്ങള്‍ എന്നിവ പരിശോധിക്കാന്‍ സമയം വേണമന്നാണ് അന്വേഷണ സംഘം പറയുന്നത്.

കുറച്ചുകൂടി കരുതലോടെ മുന്നോട്ടുപോകണം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തിരക്കുപിടിച്ച് രണ്ടാഘട്ട ചോദ്യം ചെയ്യലിലേക്ക് കടക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്. അവധിയിലുള്ള സിറ്റി പൊലീസ് കമ്മീഷണർ നാളെയെത്തി യോഗം ചേർന്ന് ഇതുവരെ നടന്ന കാര്യങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുകയും മൊഴികൾ വിശദമായി പരിശോധിക്കുകയും ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇതിനു ശേഷം മാത്രം വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചാൽ മതിയെന്നാണ് പൊലീസ് തീരുമാനം. പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് അന്വേഷണം സംഘം അറിയിച്ചു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെയും ഇടപാടുകളുടേയും തെളിവടക്കം ശേഖരിച്ച ശേഷമായിരുന്നു ഇന്നലെ ചോദ്യം ചെയ്യലിന് ഷൈനിനെ പൊലീസ് വിളിച്ചുവരുത്തിയത്. മറുപടിയിൽ വൈരുധ്യമുണ്ടാവുമ്പോഴും പൊലീസ് വാദങ്ങൾ നിഷേധിക്കുമ്പോഴും കൈയിലുള്ള തെളിവുകൾ നിരത്തി അന്വേഷണ സംഘം ഷൈനിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ഇതോടെയാണ്, താൻ ലഹരി ഉപയോഗിക്കാറുണ്ടെന്നും കഞ്ചാവും മെത്താഫെറ്റമിനുമാണ് പതിവെന്നും ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമയുമായും ലഹരി വിൽപ്പനക്കാരനായ സജീറുമായും ബന്ധമുണ്ടെന്നും ഷൈൻ സമ്മതിച്ചത്. താൻ 12 ദിവസം കോട്ടയം കൂത്താട്ടുകുളത്തെ ലഹരി വിമുക്തി കേന്ദ്രത്തിൽ കഴിഞ്ഞിട്ടുണ്ടെന്നും പിന്നീട് അവിടെനിന്ന് ചാടിപ്പോവുകയായിരുന്നെന്നും ഷൈൻ പൊലീസിന് മൊഴി നൽകിയിരുന്നു.

ഇതിനു പിന്നാലെയാണ് പൊലീസ് ഷൈനിനെതിരെ എൻഡിപിഎസ് ആക്ടിലെ മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, ബിഎൻസിലെ തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്. തുടർന്നാണ് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കും ലഹരി പരിശോധനയ്ക്കും ശേഷം തിരികെ സ്റ്റേഷനിലെത്തിച്ച ഷൈനിനെ ജാമ്യത്തിൽ വിടുകയായിരുന്നു. എപ്പോൾ വിളിച്ചാലും വരണം, തിങ്കളാഴ്ച വീണ്ടും ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളിലായിരുന്നു സ്റ്റേഷൻ ജാമ്യം. നാല് മണിക്കൂറാണ് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഷൈനിനെ ചോദ്യം ചെയ്തത്.







TAGS :

Next Story