Quantcast

വാഹനത്തിന് പിഴയുണ്ടെന്ന് മെസ്സേജ് വന്നോ? ചെയ്യേണ്ടത് ഇങ്ങനെ, നിർദേശവുമായി പൊലീസ്

നിയമലംഘനത്തിൻ്റെ ഫോട്ടോ കാണാനും പിഴയടക്കാനും താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ എന്നാണ് മെസ്സേജില്‍ പറയുക

MediaOne Logo
police warning against cyber scam
X

വാഹനത്തിന് പിഴയുണ്ടെന്നു കാണിച്ച് വാട്‌സ്ആപ്പിലൂടെ ലഭിക്കുന്ന സന്ദേശം തട്ടിപ്പാണെന്നും ഇതില്‍ വീഴരുതെന്നും മുന്നറിയിപ്പുമായി പൊലീസ്. നിരവധി പേര്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴുന്ന സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

'വാഹനത്തിന് പിഴയുണ്ടെന്ന് കാണിച്ച് ഇത്തരത്തിലൊരു സന്ദേശം നിങ്ങളുടെ വാട്‌സ്ആപ്പില്‍ ലഭിച്ചോ? തട്ടിപ്പിന്റെ മറ്റൊരു മുഖമാണത്. മെസ്സേജിലെ വാഹന നമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേതു തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവാഹന്‍ എന്നപേരില്‍ വ്യാജ ആപ്പോ, ലിങ്കോ ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ഫോണില്‍ നിന്നും ഡാറ്റയോ, ബാങ്ക് വിവരങ്ങളോ നഷ്ടമാകാന്‍ ഇടയുണ്ട്. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക.' -പൊലീസ് സമൂഹമാധ്യമങ്ങളില്‍ മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പുകാര്‍ മെസ്സേജ് അയക്കുക. നിങ്ങളുടെയും വാഹനത്തിന്റെയും കൃത്യമായ വിവരങ്ങള്‍ അതിലുണ്ടായിരിക്കും. എന്തിനാണ് പിഴയെന്നും എത്ര രൂപ പിഴയടക്കണമെന്നും ഉണ്ടാകും. നിയമലംഘനത്തിന്റെ ഫോട്ടോ കാണാനും പിഴയടക്കാനും താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ എന്നാണ് മെസ്സേജില്‍ പറയുക. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ തട്ടിപ്പുകാരുടെ ആപ്പ് നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാളാകും. ഫോണ്‍ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാവുകയും അക്കൗണ്ടില്‍ നിന്ന് പണം പോവുകയും ചെയ്യും.


സെന്‍സസ് കണക്കെടുപ്പിൻ്റെ മറവിലും തട്ടിപ്പ്

രാജ്യത്ത് നടക്കുന്ന സെന്‍സസ് കണക്കെടുപ്പിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ് നടക്കുന്നതായി പൊലീസിന്റെ മുന്നറിയിപ്പുണ്ട്. സെന്‍സസിന്റെ പേരില്‍ തട്ടിപ്പുകാര്‍ വ്യാജ കോളുകള്‍, സന്ദേശങ്ങള്‍, പരിശോധനാ ലിങ്കുകള്‍ എന്നിവ ഉപയോഗിച്ച് ജനങ്ങളെ ലക്ഷ്യമിടുകയാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.ഔദ്യോഗികമായ സെന്‍സസ് വിവരണ ശേഖരണത്തിന്റെ ഭാഗമായി അധികൃതര്‍ ഒരിക്കലും ഒടിപി, ബാങ്ക് വിവരങ്ങള്‍, ആധാര്‍ നമ്പര്‍, പാന്‍ വിവരങ്ങള്‍ എന്നിവ ആവശ്യപ്പെടില്ല. ഏതെങ്കിലും വിവരങ്ങള്‍ പങ്കുവെക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും മുമ്പ് ഔദ്യോഗിക സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ വഴി വിവരങ്ങള്‍ സ്ഥിരീകരിക്കണമെന്ന് പൊലീസ് ഓര്‍മിപ്പിച്ചു.

വിവരശേഖരണത്തിന്റെ ഭാഗമായി വിളിക്കുകയാണെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ വേണമെന്നുമാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുക. ഫോണിലേക്കെത്തുന്ന ഒടിപി വേണമെന്നും ആവശ്യപ്പെടും. ഒടിപി നല്‍കുന്നതോടെ അക്കൗണ്ടിലെ പണം തട്ടിപ്പുകാരുടെ കയ്യിലെത്തും. അതിനാല്‍ അപരിചിത കോളുകള്‍ക്ക് ഒരിക്കലും വ്യക്തി വിവരങ്ങളോ ഒടിപിയോ നല്‍കരുത്.ലിങ്ക് അയച്ചും തട്ടിപ്പുണ്ട്. സെന്‍സസ് പ്രക്രിയയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് സന്ദേശം വരിക. സന്ദേശത്തിനൊപ്പം ഒരു ലിങ്കും നല്‍കും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ സെന്‍സസ് സൈറ്റ് പോലെ തോന്നിപ്പിക്കുന്ന വ്യാജ വെബ്‌സൈറ്റിലെത്തും. ഇതില്‍ കയറിയാല്‍ സെന്‍സസ് പ്രോസസിങ് ചാര്‍ജായി പണം അടയ്ക്കാന്‍ ആവശ്യപ്പെടും. പണം അടച്ചാല്‍ പിന്നെ തട്ടിപ്പുകാരന്റെ പൊടിപോലുമുണ്ടാകില്ല.

തട്ടിപ്പിന് ഇരയായാല്‍ എന്തുചെയ്യണം?

നിങ്ങളോ പരിചയത്തിലുള്ള ആരെങ്കിലുമോ സൈബര്‍ തട്ടിപ്പിന് ഇരയായി എന്നിരിക്കട്ടെ. ഏറ്റവുമാദ്യം ചെയ്യേണ്ടത് നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലിന്റെ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് വിവരം അറിയിക്കുകയാണ്. തട്ടിപ്പ് നടന്ന ഉടനെയുള്ള മണിക്കൂറുകള്‍ ഗോള്‍ഡന്‍ അവേഴ്സ് എന്നാണ് അറിയപ്പെടുന്നത്. കാരണം ഈ സമയത്താണ് നഷ്ടമായ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത ഏറ്റവും കൂടുതല്‍. അതിനാല്‍ എത്രയും വേഗം തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യണം.

സൈബര്‍ ക്രൈം പോര്‍ട്ടലില്‍ വിളിക്കുമ്പോള്‍ ഈ വിവരങ്ങള്‍ നല്‍കുവാന്‍ ശ്രദ്ധിക്കണം.

  • തട്ടിപ്പിനിരയായ വ്യക്തിയുടെ പേര്
  • മൊബൈല്‍ നമ്പര്‍
  • തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷന്‍
  • ജില്ലയുടെ പേര്,
  • പിന്‍ കോഡ്
  • ബാങ്ക് വിവരങ്ങള്‍
  • നഷ്ടപ്പെട്ട തുക
  • യുപിഐ വഴിയാണ് തട്ടിപ്പെങ്കില്‍ യുപിഐ ഐഡി
  • ഓരോ ഇടപാടിന്റെയും ട്രാന്‍സാക്ഷന്‍ ഐഡി
  • തട്ടിപ്പ് എങ്ങനെയാണ് നടന്നതെന്നുള്ള ലഘുവിവരണം

https://cybercrime.gov.in/ എന്ന പോര്‍ട്ടല്‍ വഴിയും പരാതി രജിസ്റ്റര്‍ ചെയ്യാം.

TAGS :

Next Story