Quantcast

പോസിറ്റിവായി കണ്ടാൽ മതി; ഗവർണർ വിവാദം ആളിക്കത്തിക്കാനില്ലെന്ന് എൽഡിഎഫ്

സർക്കാറിനെതിരെ ഗവർണർ ഒന്നും പറഞ്ഞിട്ടില്ലെന്നും എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം വിലയിരുത്തി

MediaOne Logo

Web Desk

  • Published:

    25 Jan 2024 7:52 AM GMT

പോസിറ്റിവായി കണ്ടാൽ മതി; ഗവർണർ വിവാദം ആളിക്കത്തിക്കാനില്ലെന്ന് എൽഡിഎഫ്
X

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം ഒരുമിനിറ്റിൽ ഒതുക്കിയതിൽ ഗവർണറെ വിമർശിച്ച് വിവാദം ആളിക്കത്തിക്കേണ്ടതില്ലെന്ന് എൽഡിഎഫ് തീരുമാനം. ഗവർണർ വന്ന് പ്രസംഗിച്ചു എന്നത് അനുകൂലമായി കണ്ടാൽ മതി. സർക്കാരിനെതിരെ ഗവർണർ ഒന്നും പറഞ്ഞിട്ടില്ലെന്നും എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം വിലയിരുത്തി.

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് കൈമാറിയപ്പോൾ പോലും ഗവർണർ വിശദീകരണം തേടിയിരുന്നില്ല. ഒരു ഘട്ടത്തിൽ പോലും സർക്കാരിനെതിരായ പരാമർശങ്ങൾ ഗവർണറുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പ്രതിപക്ഷം വിവാദം ആളിക്കത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് നിന്നുകൊടുക്കേണ്ടതില്ലെന്നും പാർട്ടി യോഗത്തിൽ തീരുമാനമായി. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം നടക്കുന്ന നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലും പാർട്ടി യോഗത്തിലെ നയമാകും അംഗങ്ങൾ സ്വീകരിക്കുക.

നിയമസഭയുടെ ചരിത്രത്തിലെ അസാധാരണ സംഭവത്തെ അതേ ഗൗരവത്തിലാണ് പ്രതിപക്ഷം കാണുന്നത്. ചില കാര്യങ്ങളില്‍ ഗവർണറോട് മുന്‍പ് യോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ള പ്രതിപക്ഷം ഇന്നത്തെ സംഭവത്തെ അങ്ങനെ കാണുന്നില്ല. ഗവർണർ നിയമസഭയെ അവഹേളിച്ചെന്ന് പ്രതിപക്ഷനേതാവ് തുറന്നടിച്ചിരുന്നു. ഗവർണർ സഭയെ കൊഞ്ഞനം കുത്തി കാണിച്ചെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

പ്രസംഗത്തിന്‍റെ അവസാനത്തെ ഖണ്ഡിക മാത്രം വായിച്ച് ഒരു മിനിട്ടും 17 സെക്കന്‍ഡും കൊണ്ടാണ് ഗവർണർ ഭരണഘടനബാധ്യത നിറവേറ്റി മടങ്ങിയത്. മുഖ്യമന്ത്രി അടക്കമുള്ളവർക്ക് മുഖം കൊടുക്കാനും ഗവർണർ തയ്യാറായില്ല. ഗവർണർ മുഴുവൻ വായിച്ചില്ലെങ്കിലും നയപ്രഖ്യാപനത്തിലെ വിവരങ്ങൾ സഭാരേഖകളിൽ ഉണ്ടാകുമെന്നാണ് സൂചന.

TAGS :

Next Story