Quantcast

പോപുലർ ഫ്രണ്ടിനെ കുറിച്ചുള്ള കോടതി പരാമർശം ചിലർ ആഘോഷിക്കുന്നത് കുരുടൻ ആനയെ കണ്ടതുപോലെ: സി.എ റഊഫ്

കോടതി പരാമർശത്തിൽ പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും നിരോധിത സംഘടനകളാണെന്ന പരാമർശമുണ്ടെന്ന പേരിൽ ചില മാധ്യമങ്ങൾ ആഘോഷിക്കുന്നത് കുരുടൻ ആനയെ കണ്ടതുപോലെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-05-13 13:01:56.0

Published:

13 May 2022 12:55 PM GMT

പോപുലർ ഫ്രണ്ടിനെ കുറിച്ചുള്ള കോടതി പരാമർശം ചിലർ ആഘോഷിക്കുന്നത് കുരുടൻ ആനയെ കണ്ടതുപോലെ: സി.എ റഊഫ്
X

കൊച്ചി: പാലക്കാട് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സംജിത്തിന്റെ ഭാര്യ സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോൾ ഹൈക്കോടതി നടത്തിയ പരാമർശങ്ങളെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റഊഫ്. കോടതി പരാമർശത്തിൽ പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും നിരോധിത സംഘടനകളാണെന്ന പരാമർശമുണ്ടെന്ന പേരിൽ ചില മാധ്യമങ്ങൾ ആഘോഷിക്കുന്നത് കുരുടൻ ആനയെ കണ്ടതുപോലെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പോപുലർ ഫ്രണ്ടിനെ കുറിച്ചുള്ള ഹൈക്കോടതി പരാമർശം ആഘോഷിക്കും മുമ്പ്.

പാലക്കാട് ജില്ലയിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ കേസ് അന്വേഷണം സിബിഐക്ക് വിടണം എന്ന് ആവശ്യപ്പെട്ട് അയാളുടെ ഭാര്യ കേരള ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹരജി തീർപ്പാക്കിയ ശേഷം കേസ് സിബിഐ അന്വേഷിക്കേണ്ടതില്ല എന്ന് കോടതി വിധിപറയുകയും ചെയ്തു.

പ്രസ്തുത വിധിയിൽ പരാമർശിക്കുന്ന ഒരു ഭാഗത്ത് എസ്ഡിപിഐയും പോപുലർ ഫ്രണ്ടും തീവ്ര സ്വഭാവമുള്ള സംഘടനകളാണെന്ന പരാമർശം ഉണ്ടെന്നും ഇവ നിരോധിത സംഘടനകൾ ആണെന്നും പറഞ്ഞ് വലിയ ആഘോഷമാണ് നടക്കുന്നത്. കുരുടൻ ആനയെ കണ്ടത് പോലെയാണ് മിക്ക മാധ്യമങ്ങളും പ്രസ്തുത സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിധിയുടെ പകർപ്പ് പൊതു ഇടത്തിൽ ലഭ്യമാണ് എന്നിരിക്കെയാണ് ഊഹാപോഹങ്ങൾ ഒരു സംഘടനക്കെതിരായ വാർത്തയായി നൽകുന്നത്. പ്രസ്തുത ഹൈക്കോടതി പരാമർശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്രകാരമാണ്.

1. സംജിത്ത് എന്ന ആർഎസ്എസ് പ്രവർത്തകന്റെ ഭാര്യ നൽകിയ പ്രസ്തുത ഹരജിയിൽ വാദം കേൾക്കുന്ന ഒരു ഘട്ടത്തിലും പോപുലർ ഫ്രണ്ടിന്റെയോ എസ്ഡിപിഐ യുടെയോ ഭാഗം കോടതി കേട്ടിട്ടില്ല. അതിനർത്ഥം ഈ കേസിൽ പ്രസ്തുത സംഘടനകൾക്ക് ബന്ധമില്ലെന്ന് കോടതി തന്നെ വിലയിരുത്തി എന്നാണ്.

2. സംജിത്തിന്റെ ഭാര്യയുടെ പേരിൽ ആർഎസ്എസും ആർഎസ്എസ് വൽക്കരിച്ച പൊലീസിന് വേണ്ടി സർക്കാരുമാണ് ഈ ഹരജിയിൽ കോടതിയിൽ കഥകൾ അവതരിപ്പിച്ചതും വാദം നടത്തിയതും.

3. പ്രസ്തുത വാദത്തിൽ ഇരുപക്ഷവും ഹാജരാക്കിയത് പോപുലർ ഫ്രണ്ടിനെ അപകീർത്തിപ്പെടുത്തുന്ന വ്യാജങ്ങളാണ്. ഒരു കേസിൽ കോടതിയുടെ മുമ്പാകെ വരുന്ന വിവരങ്ങൾ വെച്ചാണ് കോടതി ജഡ്ജ്മെന്റ് തയ്യാറാക്കുക. അതുപ്രകാരമാവണം സംജിത്ത് കേസിലെ സിബിഐ അന്വേഷണം സംബന്ധിച്ച ജഡ്ജ്മെന്റും തയ്യാറാക്കിയത്.

4. പ്രസ്തുത ജഡ്ജ്മെന്റിൽ 26 ആമത്തെ പോയിന്റിൽ വിശദീകരിക്കുന്നത് എസ്ഡിപിഐയും പോപുലർ ഫ്രണ്ടും തീവ്ര സ്വഭാവമുള്ള സംഘടനകളാണ് എങ്കിലും ഇവ നിരോധിത സംഘടനകൾ അല്ല എന്നാണ്.

5. ഒരു വിഭാഗത്തെ കുറിച്ച് പരാമർശം നടത്തുമ്പോൾ നീതി നിർവഹണത്തിന്റെ പ്രാഥമിക പാഠമാണ് ആരോപിക്കപ്പെടുന്നവരുടെ ഭാഗം കേൾക്കുക എന്നത്. ഈ കേസിൽ അത്തരം ഒരു കാര്യം ഉണ്ടായിട്ടില്ല. അഥവാ സ്വാഭാവിക നീതിയുടെ മാനദണ്ഡം വെച്ചു തന്നെ ഈ പരാമർശം നിലനിൽക്കാത്ത ഒന്നാണ്.

6. പോപുലർ ഫ്രണ്ട് നിരോധിത സംഘടനയല്ല എന്ന കോടതി പരാമർശം മറച്ചുവെച്ചു കൊണ്ടാണ് ചില മാധ്യമങ്ങൾ പോപുലർ ഫ്രണ്ടും എസ്ഡിപിഐയും നിരോധിത സംഘടനകൾ എന്ന് കോടതി പറഞ്ഞതായി വാർത്തകൾ നൽകിയത്. മറ്റു ചിലരാവട്ടെ ഈ ഭാഗം സൗകര്യപൂർവ്വം മറച്ചു വെക്കുകയും ചെയ്തു.

7. പോപുലർ ഫ്രണ്ടിന്റെ പേരിൽ ആരോപിക്കപ്പെട്ട കൊലപാതക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ, സംഘനക്കെതിരായ പ്രസ്തുത പരാമർശം ഉണ്ടായിരിക്കെ തന്നെ ഈ ഹരജി തള്ളുകയാണ് കോടതി ചെയ്തത് എന്നത് കൂടി മനസ്സിലാക്കണം. അഥവാ ഈ കേസിന്റെ മെറിറ്റിൽ പോപുലർ ഫ്രാണ്ടോ എസ്ഡിപിഐയോ പ്രാധാന്യമുള്ള ഒന്നല്ല എന്ന് തന്നെയാണ് ഈ വിധി നൽകുന്ന സന്ദേശം. അതേ സമയം ഹരജിക്കാരും സർക്കാരും സംഘടനക്കെതിരെ ഉന്നയിച്ച ആരോപണം അതേപടി വിധിയിൽ കൂട്ടിച്ചേർക്കുകയും കോടതി ചെയ്തു.

8. നീതി നിർവഹണത്തിന്റെ സ്വാഭാവിക രീതിയായ, ആരോപണ വിധേയരെ കേൾക്കുക എന്നത് പാലിക്കാതെയുള്ള കോടതി പരാമർശം അന്യായവും നീതിയുക്തമല്ലാത്തതുമാണ്. ഈ പരാമർശത്തിനെതിരെ, അത് നീക്കം ചെയ്യാൻ കോടതിയെ തന്നെ സമീപിക്കുക എന്നതാണ് ഇക്കാര്യത്തിൽ ഇനിയുള്ള വഴി. ഒരു സംഘടന എന്ന നിലക്ക് പോപുലർ ഫ്രണ്ട് അതിന്റെ നിയമവശം വിദഗ്ധരുമായി ആലോചിച്ച് മുമ്പോട്ട് പോകും.

9. അതിന് മുമ്പ് തന്നെ സംഘടനയെ ആക്ഷേപിക്കുന്ന വാർത്തകൾ ആഘോഷിക്കുന്നവർ പോപുലർ ഫ്രണ്ടിന്റെ അന്ത്യം കാണാൻ ആഗ്രഹിക്കുന്ന ദുഷ്ട ശക്തികളാണ്. ഇക്കാര്യത്തിലും അവർ നിരാശരാകേണ്ടി വരും. നിർമ്മാണാത്മകമായ സാമൂഹിക പ്രവർത്തനങ്ങളുമായി പോപുലർ ഫ്രണ്ട് കൂടുതൽ സജീവമായി തന്നെ ഇവിടെയുണ്ടാകും.



TAGS :

Next Story