Quantcast

ബോട്ടിന് ലൈസൻസില്ലെന്ന കാര്യം തുറമുഖ വകുപ്പിനും പൊലീസിനുമറിയാം; സർവീസ് നടത്താൻ മൗനാനുവാദമോ?

ഫയൽ നമ്പർ ലൈസൻസ് നമ്പറായി എഴുതിവെച്ച് തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനം

MediaOne Logo

Web Desk

  • Updated:

    2023-05-09 05:33:47.0

Published:

9 May 2023 5:31 AM GMT

tanur boat accident
X

മലപ്പുറം: താനൂരിൽ അപകടത്തിൽപെട്ട ബോട്ട് ലൈസൻസില്ലാതെ സർവീസ് നടത്തുന്നതിന് മൗനാനുവാദം നൽകിയത് ആരെന്ന ചോദ്യം ശക്തമാകുന്നു. ഫയൽ നമ്പർ ലൈസൻസ് നമ്പറായി എഴുതിവെച്ച് തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനം. ലൈസൻസില്ലെന്ന് തുറമുഖ വകുപ്പിനും തദ്ദേശസ്ഥാപനത്തിനും അറിയാമായിരുന്നിട്ടും സർവീസ് തടയാതിരുന്നത് എന്തുകൊണ്ടെന്ന് ചോദ്യത്തിന് മുന്നിൽ കൈ മലർത്തുകയാണ് അധികൃതർ. ദുരന്തത്തിൽ മരിടൈം ബോർഡിനോട് വിശദീകരണം തേടാനാണ് തുറമുഖ വകുപ്പിന്റെ തീരുമാനം.

തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ നാളെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. പൂരപ്പുഴയിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. ഇതിനിടെ ബോട്ടുടമ നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

നാസറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ കോഴിക്കോട് നിന്നാണ് താനൂർ സ്വദേശി നാസറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ, ബോട്ടിലുണ്ടായിരുന്ന ജീവനക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അപകടത്തിനു പിന്നാലെ ബോട്ടുടമ നാസറും ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാരും ഒളിവിൽ പോയിരിക്കുകയായിരുന്നു. ജീവനക്കാരെ പിടികൂടാനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. നാസർ നിലവിൽ മലപ്പുറം പോലീസ് സ്റേഷനിലാണുള്ളത്. താനൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നു എങ്കിലും നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് മലപ്പുറത്തേക്ക് മാറ്റുകയായിരുന്നു.

ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതൽ വകുപ്പുകൾ ചുമത്താനുള്ള സാധ്യതയും പോലീസ് പരിശോധിച്ച് വരികയാണ്. നിലവിൽ അസ്വാഭാവിക മരണമെന്ന നിലക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്താനാണ് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇന്ന് രാവിലെ പ്രത്യേക അന്വേഷണസംഘം കേസിന്റെ മേൽനോട്ടം വഹിക്കുന്ന ജില്ലാ പോലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതികൾക്കെതിരെ കൂടുതൽ ഗുരുതരമായ വകുപ്പുകൾ ചുമത്തുന്നത് സംബന്ധിച്ച് ചർച്ചയായി.

TAGS :

Next Story