'റേഷൻ കാർഡിന് വേണ്ടി കൈക്കൂലി വാങ്ങിയ ലോക്കൽ സെക്രട്ടറി തുലയട്ടെ'; കരുനാഗപ്പള്ളി സിപിഎമ്മിൽ നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍
ജില്ലാ കമ്മിറ്റി അംഗം പി. ആർ വസന്തനെതിരെയും ആരോപണമുണ്ട്
കൊല്ലം: വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളി സിപിഎമ്മിൽ നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍. 'സേവ് സിപിഎം' എന്ന പേരിലാണ് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിന് പുറത്തടക്കം പോസ്റ്റർ പതിച്ചത്. ജില്ലാ കമ്മിറ്റി അംഗം പി. ആർ വസന്തനെതിരെയും ആരോപണമുണ്ട്.
കരുനാഗപ്പള്ളിയിലെ സിപിഎം ലോക്കൽ സമ്മേളനങ്ങള്‍ കയ്യാങ്കളിയില്‍ കലാശിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന കുലശേഖരപുരം നോർത്ത് സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടെ പൂട്ടിയിട്ടു. ഏകപക്ഷീയമായി ലോക്കൽ സെക്രട്ടറി ഉൾപ്പടെ ഉള്ളവരെ തീരുമാനിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം.
വിഭാഗീയതയെ തുടർന്ന് നിർത്തിവച്ച സിപിഎം ലോക്കൽ സമ്മേളനങ്ങൾ ആണ് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിൽ വീണ്ടും നടക്കുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ നടന്ന നാല് സമ്മേളനങ്ങൾ അലങ്കോലമായി. തൊടിയൂർ, കല്ലേലി ഭാഗം, കുലശേഖരപുരം വെസ്റ്റ്, കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനങ്ങൾ കയ്യാങ്കളിയിലാണ് കലാശിച്ചത്.
കമ്മിറ്റി അംഗങ്ങളെയും ലോക്കൽ സെക്രട്ടറിയെയും ഏകപക്ഷീയമായി തീരുമാനിക്കുന്നു എന്ന് ആരോപിച്ച് ആണ് ഒരു വിഭാഗം പ്രതിഷേധം ഉയർത്തിയത്. കുലശേഖരപുരം നോർത്ത് സമ്മേളനം നടത്താൻ എത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി. സോമപ്രസാദ്, കെ. രാജഗോപാൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാധാമണി എന്നിവരെ പ്രതിനിധികൾ പൂട്ടിയിട്ടു. ആരോപണ വിധേയനെ ലോക്കൽ സെക്രട്ടറി ആക്കിയതിൽ പ്രതിഷേധിച്ചാണ് പ്രശ്നങ്ങളുടെ തുടക്കം. കുലശേഖരപുരം വെസ്റ്റിലും വലിയ രീതിയിൽ പ്രതിഷേധമുണ്ടായി.
രണ്ടിടത്തും ജില്ലാ കമ്മിറ്റിയംഗം പി.ആർ വസന്തനെ അനുകൂലിക്കുന്നവരെ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോഡിയ അനുകൂലിക്കുന്നവരാണ് ഇതിനെ എതിർത്തത്. ഇരുനേതാക്കളുടെയും നേതൃത്വത്തിൽ ആണ് കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവർത്തനങ്ങളും. പത്തിൽ മൂന്ന് ലോക്കൽ സമ്മേളനങ്ങൾ കൂടി പൂർത്തിയാകാൻ ഉണ്ട്. ഡിസംബർ 2ന് ഏരിയ സമ്മേളനം ആരംഭിക്കുമ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
Adjust Story Font
16