Quantcast

കോട്ടയത്ത് തരൂർ-സതീശൻ പോസ്റ്റർ യുദ്ധം-നേതാക്കളെ മുന്നിൽനിർത്തി ഒളിപ്പോര്

ശശി തരൂരിനെ മുന്നിൽകാട്ടി യൂത്ത് കോൺഗ്രസും വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് മറ്റൊരു വിഭാഗവുമാണ് പരസ്യമായി തെരുവിലിറങ്ങിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    26 Nov 2022 6:47 AM GMT

കോട്ടയത്ത് തരൂർ-സതീശൻ പോസ്റ്റർ യുദ്ധം-നേതാക്കളെ മുന്നിൽനിർത്തി ഒളിപ്പോര്
X

കോട്ടയം: ശശി തരൂരിന്റെ മലബാർ സന്ദർശനവുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നതിനിടെ കോട്ടയത്ത് നേതാക്കളുടെ പേരിൽ പോസ്റ്റർ യുദ്ധം. ശശി തരൂരിനെ മുന്നിൽകാട്ടി യൂത്ത് കോൺഗ്രസും വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് മറ്റൊരു വിഭാഗവുമാണ് പരസ്യമായി തെരുവിലിറങ്ങിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെ പോസ്റ്ററുകളിൽനിന്ന് ഒഴിവാക്കിയെന്ന പരാതി ശക്തമാകുന്നതിനിടെ വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് ഇപ്പോൾ ഈരാറ്റുപേട്ടയിൽ ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നിരിക്കുകയാണ്.

'വർഗീയ ഫാസിസത്തിനെതിരെ' എന്ന പ്രമേയത്തിൽ ഈരാറ്റുപോട്ടയിൽ ഡിസംബർ മൂന്നിന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മഹാസമ്മേളനം പ്രഖ്യാപിച്ചിരുന്നു. ഇതിലെ മുഖ്യാതിഥിയായിട്ടാണ് ശശി തരൂരിനെ നിശ്ചയിച്ചിട്ടുള്ളത്. തരൂരിനെ ഉയർത്തിക്കാട്ടിയാണ് പരിപാടിയുടെ പോസ്റ്ററുകൾ പുറത്തിറങ്ങിയത്. ഇതിനു പിന്നാലെ പോസ്റ്ററുകളിൽനിന്ന് സതീശനെ ഒഴിവാക്കിയെന്ന് പരാതി ഉയർന്നു. സംഭവം വിവാദമായതിനെ തുടർന്ന് സതീശൻ ഉൾപ്പെടെ കൂടുതൽ നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുതിയ പോസ്റ്ററും യൂത്ത് കോൺഗ്രസ് പുറത്തിറക്കിയിരുന്നു.

ഈ വിവാദം കൊഴുക്കുന്നതിനിടെയാണ് ഇപ്പോൾ സതീശന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ഈരാറ്റുപേട്ടയിൽ വ്യാപകമായി ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നത്. കെ.പി.സി.സി വിചാർ വിഭാഗം കമ്മിറ്റിയുടെ പേരിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്.

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയും ഡി.സി.സി അധ്യക്ഷൻ നാട്ടകം സുരേഷും തമ്മിലുള്ള പോരാണ് പുതിയ വിവാദങ്ങൾക്കു പിന്നിൽ. നാട്ടകം സുരേഷ് ഒരു ഭാഗത്തും യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ചിന്റു ജോയ് കുര്യൻ മറുവശത്തും നിന്നാണ് പരസ്പരം പോരടിക്കുന്നത്. ഇവരെ പിന്തുണക്കുന്നവർ തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇപ്പോൾ രൂക്ഷമാകുന്നത്. ഇന്നലെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം തർക്കത്തിലും കൈയാങ്കളിയിലും കലാശിച്ചിരുന്നു.

അതേസമയം, ഈരാറ്റുപേട്ടയിലെ യൂത്ത് കോൺഗ്രസ് പരിപാടി പാർട്ടി അറിഞ്ഞിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രതികരിച്ചു. വിവാദങ്ങൾ ഒഴിവാക്കാനുള്ള പക്വത കാണിക്കണം. നേതൃത്വത്തെ പരാതി അറിയിച്ചെന്നും നാട്ടകം സുരേഷ് മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story