പ്രതിസന്ധി ഒഴിയാതെ കേരള സർവകലാശാലയിലെ വിസി -രജിസ്ട്രാർ പോര്; മോഹനൻ കുന്നുമ്മലിന്‍റെ അടുത്ത നീക്കം നിർണായകം
സിൻഡിക്കേറ്റും രജിസ്ട്രാർ കെ.എസ്. അനിൽകുമാറും ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന കടുത്ത നിലപാടിലാണ്

തിരുവനന്തപുരം: പ്രതിസന്ധി ഒഴിയാതെ കേരള സർവകലാശാലയിലെ വിസി -രജിസ്ട്രാർ പോര്. മിനി കാപ്പൻ രജിസ്ട്രാറുടെ ചുമതല ഒഴിവാക്കാൻ ആവശ്യപ്പെട്ടതോടെ വിസി മോഹനൻ കുന്നുമ്മലിന്‍റെ അടുത്തനീക്കം നിർണായകമാകും. സിൻഡിക്കേറ്റും രജിസ്ട്രാർ കെ.എസ്. അനിൽകുമാറും ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന കടുത്ത നിലപാടിലാണ്. സിൻഡിക്കേറ്റ് യോഗം വീണ്ടും വിളിച്ചു ചേർക്കാനുള്ള ഇടത് അംഗങ്ങളുടെ ആവശ്യം വിസി തള്ളും.
പ്രതിസന്ധി തുടരുമ്പോഴും അവധിക്കുശേഷം ഇതുവരെയും മോഹനൻ കുന്നുമ്മൽ സർവകലാശാലയിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. നിലവിലെ സാഹചര്യങ്ങളിൽ ജീവനക്കാരും കടുത്ത അമർഷത്തിലാണ്. സർവകലാശാലയിലെ സംഭവവികാസങ്ങളിൽ കോടതിയെ സമീപിക്കുമെന്ന് അറിയിച്ച ബിജെപി അംഗങ്ങൾ ഇതുവരെയും തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. രണ്ടുദിവസം അവധിയായതിനാൽ തിങ്കളാഴ്ചയാകും അടുത്ത നീക്കങ്ങളിലേക്ക് സിൻഡിക്കേറ്റും വൈസ് ചാൻസലറും കടക്കുക.
രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് മിനി കാപ്പൻ കത്ത് നൽകിയിരുന്നു. പദവി ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചാണ് വിസിക്ക് കത്ത് നൽകിയത്. സിൻഡിക്കേറ്റാണ് സാധാരണ ഗതിയിൽ രജിസ്ര്ടാറെ നിയമിക്കേണ്ടത്. എന്നാൽ വിസിയാണ് മിനി കാപ്പനെ താൽക്കാലിക വിസിയായി നിയമിച്ചിരുന്നത്.
ഫയലുകളിൽ ഒപ്പിടാനും രജിസ്ട്രാറായി തുടരാനും മിനി കാപ്പന് യോഗ്യതയില്ലെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ഫയലുകൾ ഒപ്പിടുന്ന സാഹചര്യമുണ്ടായാൽ കടുത്ത നപടികളെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് വിവാദങ്ങളിൽ ഇടപെടാനോ നിലവിൽ പദവി ഏറ്റെടുക്കാനോ താൽപര്യമില്ലെന്ന് അറിയിച്ച് മിനി കാപ്പൻ കത്ത് നൽകിയത്.
Adjust Story Font
16

