പിഎം ശ്രീ; എം.എ ബേബിക്കെതിരായ പരാമർശത്തിൽ നേരിട്ട് ഖേദം അറിയിച്ച് പ്രകാശ് ബാബു
ഇന്നത്തെ ജനയുഗം ലേഖനത്തിലും ബേബിയുടെ ഇടപെടലിനെ പ്രകാശ് ബാബു പ്രശംസിച്ചിട്ടുണ്ട്
തിരുവനന്തപുരം: എം.എ ബേബിക്കെതിരായ പരാമർശത്തിൽ ഖേദം അറിയിച്ച് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പ്രകാശ് ബാബു. ബേബിയോട് നേരിട്ട് ഖേദപ്രകടനം നടത്തിയതായും പ്രശ്നപരിഹാരത്തിന് ബേബി നടത്തിയ ഇടപെടലിൽ പ്രത്യേകം നന്ദി അറിയിച്ചതായും പ്രകാശ് ബാബു പറഞ്ഞു.
ഡി.രാജ ഭക്ഷണം പോലും കഴിക്കാൻ കാത്തുനിൽക്കാതെയാണ് എം.എ ബേബിയെ കണ്ടതെന്ന് പ്രകാശ് ബാബു പറഞ്ഞിരുന്നു . എന്നാൽ, ഉന്നയിച്ച വിഷയങ്ങളെല്ലാം കേട്ടിട്ടും ബേബി ഒന്നും പറഞ്ഞില്ലെന്നും ബേബിയുടെ നിസ്സഹായമായ മൗനം വിഷമിപ്പിച്ചെന്നുമായിരുന്നു പ്രകാശ് ബാബു നടത്തിയ പരാമർശം.
ഇന്നത്തെ ജനയുഗം ലേഖനത്തിലും ബേബിയുടെ ഇടപെടലിനെ പ്രകാശ് ബാബു പ്രശംസിച്ചിട്ടുണ്ട്. പിഎം ശ്രീ ഒത്തുതീർപ്പിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയെ പ്രശംസിച്ചു ജനയുഗത്തിൽ ലേഖനമെഴുതി. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് എൽഡിഎഫ് മുന്നോട്ട് പോകുമെന്ന് സന്ദേശം ജനങ്ങൾക്ക് നൽകാനായെന്നും ലേഖനത്തിൽ പറയുന്നു.
ഇടതുപക്ഷ പാർട്ടികളുടെ സംസ്ഥാന‑ദേശീയ നേതൃത്വം സജീവമായി ഈ വിഷയത്തിൽ ഇടപെടുകയും ബഹു. കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിസന്ധിക്ക് പരിഹാരമുണ്ടാവുകയും ചെയ്തു. സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി കേരളത്തിൽ ക്യാമ്പു ചെയ്തുകൊണ്ട് സിപിഐ — സിപിഐ(എം) സംസ്ഥാന സെക്രട്ടറിമാരുമായും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും ബന്ധപ്പെട്ട് ഉചിതമായ പരിഹാരം കണ്ടെത്താൻ ശ്രമിച്ചു. നിർണായകമായ ആ ഇടപെടലുകൾ ഫലം കണ്ടു. കേരള മുഖ്യമന്ത്രി എല്ലാ ചർച്ചകൾക്കും നേതൃത്വം നൽകി. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് എൽഡിഎഫ് മുന്നോട്ട് പോകുമെന്ന സന്ദേശം ജനങ്ങൾക്ക് നൽകാനും ഇതിൽക്കൂടി ഇടതു നേതൃത്വത്തിനു കഴിഞ്ഞുവെന്നും ലേഖനത്തിൽ പറയുന്നു.
Adjust Story Font
16

