'പള്ളി കുഴിച്ചുപോയാല്‍ അമ്പലം, അമ്പലം കുഴിച്ചാല്‍ ബുദ്ധന്‍..എത്ര നാളിങ്ങനെ നിങ്ങള്‍ കുഴിച്ചുകൊണ്ടിരിക്കും': പ്രകാശ് രാജ്
ആക്ടറെന്ന നിലയിലുള്ള തന്‍റെ യാത്രയുടെ തുടക്കം തൊഴിൽ തേടിയുള്ള പരക്കംപാച്ചിലിൽ നിന്നായിരുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു

തിരുവനന്തപുരം: പള്ളി കുഴിച്ചുപോയാല്‍ അമ്പലം, അമ്പലം കുഴിച്ചാല്‍ ബുദ്ധന്‍..എത്ര നാളിങ്ങനെ കുഴിച്ചുകൊണ്ടേയിരിക്കുമെന്ന് നടന്‍ പ്രകാശ് രാജ്. മാതൃഭൂമി ക ഫെസ്റ്റിവലിലായിരുന്നു നടന്റെ ചോദ്യം. ചളിയില്‍ കളിക്കാനിഷ്ടപ്പെടുന്ന കുഞ്ഞുങ്ങളെപ്പോലെയാണ് ആര്‍ക്കിയോളജിസ്‌റ്റെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും എന്തിനാണ് കുഴിച്ചുകൊണ്ടേയിരിക്കുന്നതെന്നും നടന്‍ ചോദിച്ചു.
'ചെളിയില്‍ കളിക്കാനിഷ്ടപ്പെടുന്ന ബാലന്മാരെ പോലെയാണ് ആര്‍ക്കിയോളജിസ്റ്റെന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷേ, അതിലൊരു പ്രശ്‌നമുണ്ട്. എന്തിനാണ് കുഴിച്ചുകൊണ്ടേയിരിക്കുന്നതെന്ന് പലപ്പോഴും എനിക്ക് മനസിലാകാറില്ല. പള്ളി കുഴിച്ചുപോയാല്‍ അമ്പലം കണ്ടെത്താനാകും, അമ്പലം കുഴിച്ചാല്‍ ബുദ്ധന്‍..എത്ര നാളിങ്ങനെ നിങ്ങള്‍ കുഴിച്ചുകൊണ്ടേയിരിക്കും? അധികമൊന്നും പോകാനാവില്ല'. പ്രകാശ് രാജ് പറഞ്ഞു.
'എന്നിലെ അഭിനേതാവിനെ ഒരുപക്ഷേ പലര്‍ക്കും അറിയുമായിരിക്കും. ആക്ടറെന്ന നിലയിലുള്ള എന്റെ യാത്രയുടെ തുടക്കം തൊഴില്‍ തേടിയുള്ള പരക്കംപാച്ചിലിൽ നിന്നായിരുന്നു. കാരണം സാമ്പത്തികമായി പ്രയാസപ്പെട്ടിരുന്ന ഒരു കുടുംബമായിരുന്നു എന്റേത്. എന്റെ അമ്മയൊരു നഴ്‌സും അച്ഛന്‍ ബൈന്‍ഡറുമായിരുന്നു. സാഹിത്യമോ തിയേറ്ററോ കലയോ ഞങ്ങളുടെ കുടുംബത്തിലുണ്ടായിരുന്നില്ല. ബംഗ്ലൂരിലേക്ക് കുടിയേറിയവരായിരുന്നു ഞങ്ങളെന്നതായിരുന്നു കാരണം. മുന്നിലുള്ള ഏകലക്ഷ്യം എങ്ങനെയും അന്നന്നത്തെ ആഹാരത്തിനുള്ള വക കണ്ടെത്തണമെന്നതിനാലും'.
'എങ്കിലും, എങ്ങനെയോ സ്‌കൂളിലും കോളജിലും പോകാനുള്ള അവസരം എനിക്ക് ലഭിച്ചു. എന്തായിത്തീരണമെന്ന കാര്യത്തില്‍ വലിയ പദ്ധതികളില്ലായിരുന്നുവെങ്കിലും എന്തെല്ലാം ആകരുതെന്ന കാര്യത്തില്‍ ഞാന്‍ ബോധവാനായിരുന്നു. അതുകൊണ്ടുതന്നെ ഡോക്ടറാകാനോ എഞ്ചിനീയറാകാനോ പഠിക്കാന്‍ മോഹമൊന്നും തോന്നിയിരുന്നില്ല. അങ്ങനെയാണ് കൊമേഴ്‌സിലേക്കെത്തിയത്. എന്നാല്‍, പതിവായി സ്‌ട്രൈക്ക് നടത്താറുള്ള തന്നോട് ടീച്ചര്‍ ഒരിക്കല്‍ എന്തിനാ രണ്ടുകൂട്ടരുടേയും സമയം വെറുതെ കളയുന്നതെന്ന് ചോദിച്ചപ്പോഴാണ് ബുദ്ധന്റെ കാര്യം ഓര്‍മ വന്നത്. ഉടനെ ക്ലാസില്‍ നിന്നിറങ്ങി.'
'പണത്തിനും ജോലിക്കുമായുള്ള ഉപജീവനപോരാട്ടത്തിനിടയില്‍ തിയറ്ററിലേക്ക് പോകാന്‍ സമയം കണ്ടെത്തിയിരുന്നില്ലായെങ്കില്‍ ലോകത്തിന്റെ പുത്തന്‍ മാനങ്ങള്‍ അറിയാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. നല്ല ഓര്‍മശക്തിയുള്ളത് കാരണം സ്‌കൂളില്‍ പലപ്പോഴും കയ്യടികള്‍ ലഭിക്കാനായി വേദിയില്‍ കയറാനുള്ള അവസരങ്ങളൊന്നും പാഴാക്കാറുണ്ടായിരുന്നില്ല. പതിയെ മറ്റു ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് വഴുതിവീഴുകയായിരുന്നു. അങ്ങനെയാണ് മുപ്പത് വര്‍ഷം നീണ്ടുനില്‍ക്കുന്ന യാത്രയ്ക്ക് തുടക്കമായത്. സിനിമ, അഭിനയമെന്നൊക്കെ പറയുന്നത് പണം, പ്രശസ്തിയൊക്കെ സമ്മാനിക്കുന്നുവെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, വ്യത്യസ്തമായ കല, സാഹിത്യം, രാജ്യത്തിനകത്തെ വൈവിധ്യങ്ങള്‍ തുടങ്ങിയവ അനുഭവിക്കാനും അറിയാനും കഴിഞ്ഞതിന് മുന്നിലേക്കെത്തിയ മികച്ച സ്‌ക്രിപ്റ്റുകള്‍ക്ക് നന്ദി'. പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

