Quantcast

കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദിച്ച സംഭവം; അറസ്റ്റ് വൈകുന്നതിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി പ്രേമനൻ

സംഭവത്തിൽ ഒരു ജീവനക്കാരനെ കൂടി കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു.

MediaOne Logo

Web Desk

  • Published:

    27 Sep 2022 10:52 AM GMT

കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദിച്ച സംഭവം; അറസ്റ്റ് വൈകുന്നതിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി പ്രേമനൻ
X

തിരുവനന്തപുരം: തന്നേയും മകളേയും കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി ഇരയായ പ്രേമനൻ. തങ്ങളെ മർദിച്ച കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് പരാതി. ഇവർക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാത്തത് ചൂണ്ടിക്കാട്ടിയാണ് മർദനമേറ്റ പ്രേമനൻ മുഖ്യമന്ത്രിയെ സമീപിച്ചത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കാണ് പരാതി കൈമാറിയതെന്ന് പ്രേമനൻ പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടും പൊലീസ് ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും അന്വേഷണം ഇഴയുകയാണ്.

പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇതിനിടെ പ്രതികൾ അഡീഷനൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ പരി​ഗണിക്കാനിരിക്കെയാണ് ഇന്ന് പ്രേമനൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇനി ഡി.ജി.പിക്കും പരാതി നൽകുമെന്ന് പ്രേമനൻ പറഞ്ഞു.

അതേസമയം, സംഭവത്തിൽ കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ്. അജികുമാറിനെയും കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു. മർദനദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി. നാല് ജീവനക്കാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

ഡിപ്പോ സ്‌റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ്, കണ്ടക്ടർ എൻ. അനിൽ കുമാർ, അസിസ്റ്റന്റ് സി.പി മിലൻ എന്നിവരെയാണ് നേരത്തെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. 45 ദിവസത്തനികം അന്വേഷണം പൂർത്തിയാക്കാനാണ് കെഎസ്ആർടിസി സിഎംഡിക്ക് നല്‍കിയിരിക്കുന്ന നിർദേശം.

സെപ്തംബർ 20ന് രാവിലെയാണ് പ്രേമനനും മകൾക്കും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മർദനമേറ്റത്. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയുടെ കൺസഷന് കോഴ്‌സ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ജീവനക്കാർ പറയുകയായിരുന്നു. തുടർന്ന് സർട്ടിഫിക്കറ്റ് നാളെ ഹാജരാക്കാമെന്നും കൺസഷൻ അനുവദിക്കണമെന്നും പ്രേമൻ അഭ്യർഥിച്ചു. ഇതോടെയാണ് ജീവനക്കാർ ഇദ്ദേഹത്തെ തൊട്ടടുത്ത റൂമിലേക്ക് വലിച്ചു കൊണ്ടുപോയി മർദിച്ചത്.

TAGS :

Next Story