Quantcast

'ലോൺ ആപ്പിൽ അധ്യാപികയുടെ നമ്പർ നൽകിയില്ലെന്ന് നിതിൻ പറഞ്ഞു, പക്ഷെ അധ്യാപിക തെളിവുകൾ കാണിച്ചു'; നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ

നിതിൻ രാജിനെ മരണത്തിലേക്ക് തള്ളിവിട്ടത് പ്രധാനമായും മൂന്ന് കാരണങ്ങളാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിനിൽക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2026-04-14 10:30:31.0

Published:

14 April 2026 2:44 PM IST

ലോൺ ആപ്പിൽ അധ്യാപികയുടെ നമ്പർ നൽകിയില്ലെന്ന് നിതിൻ പറഞ്ഞു, പക്ഷെ അധ്യാപിക തെളിവുകൾ കാണിച്ചു; നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
X

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി കോളേജ് പ്രിൻസിപ്പൽ വിനോദ് മോനി. ലോൺ ആപ്പുമായി ബന്ധപ്പെട്ട് കോളേജിലെ അധ്യാപിക പരാതി നൽകിയിരുന്നെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ നിതിനെ ചേംബറിലേക്ക് വിളിപ്പിച്ചിരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ലോൺ ആപ്പുകാർക്ക് അധ്യാപികയുടെ നമ്പർ നൽകിയിട്ടില്ലെന്നും, അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും നമ്പറുകൾ മാത്രമാണ് കൊടുത്തതെന്നുമായിരുന്നു നിതിൻ ആദ്യം പറഞ്ഞത്. എന്നാൽ അധ്യാപിക ഇതിനെതിരെ കൃത്യമായ തെളിവുകൾ നിരത്തിയതോടെ നിതിൻ തന്റെ മൊബൈൽ ഫോൺ തന്നെ ഏൽപ്പിക്കുകയായിരുന്നു എന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. അമ്മയുടെയും അധ്യാപികയുടെയും പേര് ലത എന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് നിതിൻ ചേംബറിൽ നിന്നും ഇറങ്ങി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയത്.

അതേസമയം, നിതിൻ രാജിനെ മരണത്തിലേക്ക് തള്ളിവിട്ടത് പ്രധാനമായും മൂന്ന് കാരണങ്ങളാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിനിൽക്കുന്നത്. ഓൺലൈൻ ലോൺ ആപ്പുകാരുടെ നിരന്തരമായ ഭീഷണിയും സമ്മർദവും, പ്രിൻസിപ്പലും അധ്യാപകരും നടത്തിയ ചോദ്യം ചെയ്യലും, ഇതിനെല്ലാം പുറമെ അധ്യാപകരിൽ നിന്നും നിരന്തരം നേരിടേണ്ടി വന്ന കടുത്ത ജാതിവിവേചനവുമാണ് വിദ്യാർഥിയെ ആത്മഹത്യയിലേക്ക് നയിച്ചത്. കോളജിലെ അധ്യാപികയായ ലതാ ശശിധരന്റെ ഗ്യാരണ്ടിയിലായിരുന്നു നിതിൻ ലോൺ ആപ്പിൽ നിന്നും 14,000 രൂപയോളം വായ്പയെടുത്തത്. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ നിതിനും അധ്യാപികക്കും കടുത്ത മാനസിക സമ്മർദമാണ് ലോൺ ആപ്പുകാരിൽ നിന്നും നേരിടേണ്ടി വന്നത്. നിതിൻ മരിക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസം മാത്രം ലോൺ ആപ്പുകാർ വിദ്യാർഥിയെ 98 തവണയും അധ്യാപികയെ 26 തവണയും ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നു.

ഈ നിരന്തര ഭീഷണിയെ തുടർന്നാണ് അധ്യാപിക വിഷയം പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. തുടർന്ന് മരിക്കുന്നതിന് തൊട്ടുമുമ്പ് അധ്യാപികയും നിതിനും പ്രിൻസിപ്പലിന്റെ മുറിയിലെത്തി കാര്യങ്ങൾ വിശദീകരിച്ചു. അവിടെ വെച്ച് നടന്ന ചോദ്യം ചെയ്യലിൽ തെളിവുകൾ പുറത്തുവന്നതോടെ കുറ്റബോധവും സമ്മർദവും താങ്ങാനാവാതെ നിതിൻ ഫോൺ പ്രിൻസിപ്പലിനെ ഏൽപ്പിക്കുകയും, മുറിയിൽ നിന്നും കരഞ്ഞുകൊണ്ട് പുറത്തേക്ക് പോവുകയുമായിരുന്നു. നിമിഷങ്ങൾക്കകം വിദ്യാർഥി കോളജ് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി.

ലോൺ ആപ്പുകാരുടെ ഭീഷണിയും തുടർന്ന് പ്രിൻസിപ്പലിന്റെ മുറിയിലുണ്ടായ നാടകീയ രംഗങ്ങളുമാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെങ്കിലും, സ്ഥാപനത്തിൽ നിന്നും നിതിന് നേരിടേണ്ടി വന്ന മാനസിക പീഡനങ്ങളെ ഒട്ടും കുറച്ചുകാണുന്നില്ല എന്നാണ് പൊലീസിന്റെ വിശദീകരണം. കഴിഞ്ഞ മാർച്ച് മാസത്തിന്റെ തുടക്കത്തിൽ കോളജ് അധ്യാപകനായ ഡോ. എ.കെ. റാമിൽ നിന്നും നിതിന് കടുത്ത ജാതി അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. ഈ വിവരങ്ങളും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. ലോൺ ആപ്പുകാരുടെ സമ്മർദത്തിനൊപ്പം അധ്യാപകരിൽ നിന്നുള്ള ജാതീയമായ അധിക്ഷേപങ്ങൾ കൂടി ചേർന്നതോടെയുണ്ടായ കടുത്ത മാനസിക സംഘർഷമാണ് നിതിന്റെ ജീവനെടുത്തതെന്നാണ് വിലയിരുത്തൽ. കൂടുതൽ തെളിവുകൾ ശേഖരിച്ചുകൊണ്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, ലോൺ ആപ്പിന്റെ പേരിൽ നിതിൻ രാജ് ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരി നിഖിത പറഞ്ഞു. മരണത്തിന് പിന്നിൽ ലോൺ ആണെന്ന് എന്ന് വരുത്തി തീർക്കാനാണ് ശ്രമം. ലോൺ ആപ്പിൽ റഫറൻസ് ആയി ടീച്ചറുടെ നമ്പർ വച്ചിട്ടില്ല. ഡന്റൽ അനാട്ടമി ഡിപ്പാർട്മെന്റിലെ അധ്യാപകർ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നവരാണെന്നും നിഖിത പറഞ്ഞു. ലോൺ ആപ്പിന്റെ പേര് പറഞ്ഞ് നിതിൻ രാജിന്റെ മരണം ചുരുക്കാൻ സമ്മതിക്കില്ലെന്ന് ആരോഗ്യ സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ പ്രതികരിച്ചു. നീതി കിട്ടും വരെ പോരാടുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story