Quantcast

പദ്ധതി നിർവഹണം: ഈ വർഷം കിഫ്ബി വിതരണം ചെയ്തത് 459.47 കോടി രൂപ മാത്രം

മുൻ സാമ്പത്തിക വർഷം വിതരണം ചെയ്തത് 5484.88 കോടി ആയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-02 15:21:07.0

Published:

2 Feb 2023 10:17 AM GMT

KIIFB fund for project implementation
X

തിരുവനന്തപുരം: പദ്ധതികളുടെ നിർവഹണത്തിന് ഈ വർഷം കിഫ്ബി വിതരണം ചെയ്തത് 459.47 കോടി രൂപ മാത്രം. മുൻ സാമ്പത്തിക വർഷം വിതരണം ചെയ്തത് 5484.88 കോടി ആയിരുന്നു. നിയമസഭയിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തുടരുമെന്നും റിപ്പോർട്ടിലുണ്ട്.

ഒന്നാം പിണറായി സർക്കാരിന്റെ പദ്ധതികൾക്കൊക്കെയും കിഫ്ബി വഴിയാണ് സംസ്ഥാന സർക്കാർ തുക ചെലവാക്കിയിരുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ ഘട്ടമെത്തുമ്പോൾ കിഫ്ബിയിലൂടെയുള്ള വലിയ പദ്ധതികൾ ഉണ്ടാവില്ലെന്ന് നേരത്തേ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു.

വലിയ വികസന പദ്ധതികൾ കിഫ്ബിയിലൂടെ നടത്തേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എത്തിയെന്നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അറിയിച്ചിരിക്കുന്നത്. കിഫ്ബിയിലൂടെ അനുവദിച്ചതിൽ വെച്ചേറ്റവും കുറഞ്ഞ തുകയാണ് ഈ കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 92 ശതമാനത്തിന്റെ കുറവാണ് ഈ വർഷം അനുവദിച്ച തുകയിൽ.

കിഫ്ബിയിലൂടെ പൂർത്തിയാക്കാനുദ്ദേശിച്ച 928 പദ്ധതികളിൽ പൂർണമായും പൂർത്തിയായത് 101 എണ്ണം മാത്രമാണ് എന്നത് സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കൂടി വ്യക്തമാക്കുന്നതാണ്. കിഫ്ബി വഴിയും മറ്റ് സ്ഥാപനങ്ങൾ വഴിയും എടുക്കുന്ന കടം സംസ്ഥാനത്തിന്റെ പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ നയവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

കിഫ്ബി വഴിയുള്ള പദ്ധതി നിർവഹണത്തിൽ നിന്ന് സർക്കാർ പിന്മാറുന്നതിന്റെ സൂചന നൽകുന്നതാണ് ധനമന്ത്രി നിയമസഭയിൽ വച്ച സാമ്പത്തിക അവലോകന റിപ്പോർട്ട്. ധനപ്രതിസന്ധിക്ക് കേന്ദ്ര സർക്കാരിന്റെ നയങ്ങളാണ് കാരണമെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോർട്ട് സാമ്പത്തിക ബുദ്ധിമുട്ട് ഈ വർഷവും തുടരുമെന്ന് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം 1.90 ലക്ഷം കോടിയായിരുന്ന സംസ്ഥാനത്തിന്റെ പൊതുകടം 2.10 ലക്ഷം കോടിയായി ഉയർന്നു.റവന്യു ചെലവിൻ്റെ 22.46% ആയിരുന്ന ശമ്പള ചെലവ് 30.44 % ആയി ഉയർന്നു. പെൻഷൻ ചെലവ് 15.35 % ൽ നിന്ന് 18.40% ആയി.ചെലവ് നിയന്ത്രിക്കണം,റവന്യു ചെലവ് യുക്തിസഹമാക്കണം,അധിക വരുമാന സമാഹരണത്തിന് നടപടി വേണമെന്നീ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.

പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച 12.86 % ആയി ഉയർന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടക്കുള്ള മികച്ച നിരക്കാണിത്. റവന്യു കമ്മിയും ആഭ്യന്തര ഉദ്പാദനവും തമ്മിലെ അനുപാതം 4.11 % ആയി കുറഞ്ഞു.റവന്യു വരുമാനം 12.86 % ആയി കൂടി.

കൊവിഡ് കാല ഉത്തജക പാക്കേജുകൾ ആഭ്യന്തര ഉദ്പാദന നിരക്കിൽ ചെറുതല്ലാത്ത ചലനമുണ്ടാക്കിയെന്നും ധനമന്ത്രി നിയമസഭയിൽ വെച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിലുണ്ട്.

TAGS :

Next Story