വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തെ തുടര്‍ന്നുള്ള പ്രതിഷേധം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്
ടി.എൻ പ്രതാപൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസ്

തൃശൂര്‍: തൃശൂര്‍ വാടാനപ്പള്ളിയില്‍ ബിജെപിയുടെ കിറ്റ് വിവാദത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. മണലൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു.
ഇന്ന് ഉച്ചയോടെയാണ് വാടാനപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റ് തയ്യാറാക്കുന്നുണ്ടെന്ന് അറിഞ്ഞ് എല്‍ഡിഎഫ്,യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. കിറ്റുകള്‍ തയ്യാറാക്കുന്നത് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടാകുകയും ചെയ്തു. സംഭവത്തില്‍ ബിജെപി വോട്ടിന് കിറ്റ് വിതരണം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വെസ്റ്റ് പൊലീസിന്റെ നടപടി. ഒളരിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ബിജെപി കിറ്റുകള്‍ വിതരണം ചെയ്തു എന്നാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പരാതി.
വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമം ചൂണ്ടിക്കാട്ടി ബിഎന്‍എസിലെ വിവിധ വകുപ്പുകളും ജനപ്രാധിനിത്യ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസ്. സംഭവത്തില്‍ പരാതിയുമായി മുന്നോട്ടു പോകുമെന്ന് യുഡിഎഫും എല്‍ഡിഎഫും വ്യക്തമാക്കി.പ്രദേശവാസിയായ രാധാകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ് കിറ്റുകള്‍ തയ്യാറാക്കിയത് എന്നാണ് കടയുടമയുടെ മൊഴി. രാധാകൃഷ്ണന്‍ ബിജെപി പ്രവര്‍ത്തകനാണ് എന്നാണ് ആരോപണം.
Adjust Story Font
16

