Quantcast

'പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ഫലം ഭരണ മുന്നണിക്കു ആഘാത ചികിത്സ'; ഗീവർഗീസ് മാർ കൂറിലോസ്

വ്യക്തിഹത്യകൾക്ക് തിരിച്ചടി ഉണ്ടാകും എന്നത് ഈ തെരഞ്ഞെടുപ്പ് നൽകുന്ന പ്രധാനപ്പെട്ട സന്ദേശമാണെന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-09-08 14:31:21.0

Published:

8 Sep 2023 2:05 PM GMT

Puthupally election results, Geevarghese Mar Kourilos, jacobite church, latest malayalam news, chandy oommen, jaick c thomas, പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം, ഗീവർഗീസ് മാർ കൂറിലോസ്, യാക്കോബായ സഭ, ഏറ്റവും പുതിയ മലയാളം വാർത്തകൾ, ചാണ്ടി ഉമ്മൻ, ജെയ്ക്ക് സി തോമസ്
X

കോട്ടയം: പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ഫലം ഭരണ മുന്നണിക്കു ഒരു ആഘാത ചികിത്സ കൂടെയാണെന്ന് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ഫേസ്ബുക്കിലുടെ നടത്തിയ പ്രതികരണത്തിൽ മാറ്റത്തിന് വേണ്ടി വോട്ട് ചോദിച്ചവർ എവിടെയാണ് മാറ്റം വരേണ്ടത് എന്ന് ഗൗരവമായി ചിന്തിക്കണമെന്നും കൂട്ടിച്ചേർത്തു.

'വ്യക്തിഹത്യകൾക്ക് തിരിച്ചടി ഉണ്ടാകും, സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങളിൽ അവരെ ചേർത്തുപിടിക്കുന്നതാണ് ജനഹൃദയങ്ങളിൽ ചേക്കേറുന്ന " വികസനം" എന്നതും ഈ തെരഞ്ഞെടുപ്പ് നൽകുന്ന പ്രധാനപ്പെട്ട സന്ദേശമാണ്' എന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

എന്റെ ( ഞാൻ പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടർ ആണ് ) പുതിയ എംഎൽഎ ചാണ്ടി ഉമ്മന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... കേരളം കണ്ട ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവ് ഉമ്മൻചാണ്ടി സാറിന്റെ സ്മരണ നിറഞ്ഞു നിന്ന ഒരു തെരഞ്ഞെടുപ്പിൽ ഈ വിജയം സ്വാഭാവികമാണ്. എന്നാൽ ഈ തെരഞ്ഞെടുപ്പ് ഫലം ഭരണ മുന്നണിക്കു ഒരു "ആഘാത ചികിത്സ" കൂടെയാണ്... ചില സന്ദേശങ്ങൾ ഈ ഫലം നൽകുന്നു: വ്യക്തിഹത്യകൾക്ക് തിരിച്ചടി ഉണ്ടാകും... സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങളിൽ അവരെ ചേർത്തുപിടിക്കുന്നതാണ് ജനഹൃദയങ്ങളിൽ ചേക്കേറുന്ന " വികസനം" എന്നതും ഈ തെരഞ്ഞെടുപ്പ് നൽകുന്ന പ്രധാനപ്പെട്ട സന്ദേശമാണ്... മാറ്റത്തിന് വേണ്ടി വോട്ട് ചോദിച്ചവർ എവിടെയാണ് മാറ്റം വരേണ്ടത് എന്ന് ഗൗരവമായി ചിന്തിക്കണം... ചാണ്ടി ഉമ്മന് തന്റെ പിതാവിനെപ്പോലെ ജനങ്ങളോടൊപ്പം നിന്ന് ജനങ്ങളിൽ ഒരാളായി ജീവിക്കുവാനും പ്രവർത്തിക്കുവാനും കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു...

പുതുപ്പള്ളിയിലെ 182 ബൂത്തിൽ ഒരിടത്ത് മാത്രമാണ് (ബൂത്ത് 153) എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് മേൽക്കൈ നേടാനായത്. മീനടം പഞ്ചായത്തിലെ പുതുവയലിൽ 15 വോട്ടുകളുടെ ലീഡാണ് ജെയ്കിന് കിട്ടിയത്. ഇവിടെ ജെയ്കിന് 340 വോട്ടു കിട്ടിയപ്പോൾ ചാണ്ടി ഉമ്മന് 325 വോട്ടാണ് ലഭിച്ചത്. മറ്റിടത്തെല്ലാം യുഡിഎഫ് സ്ഥാനാർത്ഥി വ്യക്തമായ മേധാവിത്വം നിലനിർത്തി. ഉമ്മൻചാണ്ടി മത്സരിച്ചപ്പോൾ 1213 വോട്ടിന്റെ ലീഡാണ് ജെയ്കിനുണ്ടായിരുന്നത്. യാക്കോബായ സഭയ്ക്ക് നിർണായക സ്വാധീനമുള്ള മേഖല ഇടതിനെ കൈവിട്ടു എന്ന് തെളിയിക്കുന്നതാണ് ജനവിധി.

വോട്ടെണ്ണിയ ആദ്യ പഞ്ചായത്തായ അയർകുന്നത്ത് ലഭിച്ച മേധാവിത്വം ഫലത്തിന്റെ സൂചനയായിരുന്നു. ഇവിടെ അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചതോടെ ഇടതു കേന്ദ്രങ്ങളുടെ പ്രതീക്ഷ മങ്ങുകയും യുഡിഎഫ് പ്രവർത്തകർ ആഹ്ലാദാരവങ്ങളുമായി തെരുവിലിറങ്ങുകയും ചെയ്തു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും എൽഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ അടുത്തെത്തിയില്ല എന്നത് കോൺഗ്രസിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തി.

പുതുപ്പള്ളിയിൽ 37719 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മന്റെ ജയം. 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33225 വോട്ടിന്റെ ഭൂരിപക്ഷമാണ് മകൻ മറികടന്നത്. ചാണ്ടി ഉമ്മന് ആകെ ലഭിച്ചത് 80,144 വോട്ടാണ്. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് 42425 വോട്ടും ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് 6558 വോട്ടും ലഭിച്ചു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ മണര്‍കാട് മാലത്ത് യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അബിൻ വർക്കി ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾക്കും നാട്ടുകാർക്കും സംഘർഷത്തിൽ പരുക്കേറ്റു. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ചാണ്ടി ഉമ്മൻ മണർകാട് ദേവീക്ഷേത്രം സന്ദർശിക്കാൻ എത്തിയതിനു പിന്നാലെയാണ് സംഘർഷം ഉണ്ടായത്.

TAGS :

Next Story