'പെട്ടി എന്ന് കേട്ടാൽ മുഖ്യമന്ത്രി ഉറക്കത്തിൽ നിന്ന് പോലും എഴുന്നേൽക്കും'; പരിഹാസവുമായി പി.വി അൻവര്‍
മകൾക്കും മരുമകനും പണം എത്തിക്കുന്നത് ട്രോളിയിൽ എന്നും അൻവർ പരിഹസിച്ചു

നിലമ്പൂര്‍: നിലമ്പൂരിലെ പെട്ടി വിവാദത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് പി.വി അൻവർ. പെട്ടി പരിശോധിക്കാൻ പറഞ്ഞത് മുഖ്യമന്ത്രിയുടെ അറിവോടെയാകുമെന്നും പെട്ടി എന്ന് കേട്ടാൽ മുഖ്യമന്ത്രി ഉറക്കത്തിൽ നിന്ന് പോലും എഴുന്നേൽക്കുമെന്നും പരിഹാസം. വീട്ടിലേക്ക് കോടികൾ കൊണ്ടുവരുന്ന ട്രോളി ബാഗുകളോട് മുഖ്യമന്ത്രിക്ക് എന്നും ഇഷ്ടം. മകൾക്കും മരുമകനും പണം എത്തിക്കുന്നത് ട്രോളിയിൽ എന്നും അൻവർ പരിഹസിച്ചു.
അതേസമയം നിലമ്പൂരിൽ ഉദ്യോഗസ്ഥർ നടത്തുന്ന വാഹന പരിശോധനകളുമായി ജനങ്ങൾ സഹകരിക്കണമെന്ന് മലപ്പുറം കലക്ടർ വി ആർ വിനോദ് ആവശ്യപ്പെട്ടു. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടപടികൾ ഉറപ്പാക്കാനാണ് പരിശോധന . 24 മണിക്കൂർ പരിശോധന തുടരുമെന്നും കലക്ടർ മീഡിയവണിനോട് പറഞ്ഞു.
നിലമ്പൂർ മണ്ഡലത്തിൽ 10 സ്റ്റാറ്റിക്ക് സർവൈലൻസ് ടീമുകൾ,9 ഫ്ലൈയിംഗ് സ്ക്വാഡുകൾ, 3 ആന്‍റി ഡിഫേഴ്സ്മെന്‍റ് സ്ക്വാഡുകൾ , 2 വീഡിയോ സർവൈലൻസ് ടീമുകൾ എന്നിവർ പരിശോധന നടത്തുന്നുണ്ട്. നിലമ്പൂരിൽ യുഡിഎഫിന് രാഷ്ട്രീയം പറയാൻ ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അനാവശ്യ വിവാദങ്ങളിലേക്കു വഴി തിരിച്ചു വിടുന്നു. എപ്പോഴും ഒരു പെട്ടിയും പിടിച്ചു ഇരിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. അജണ്ട മാറ്റി വിടാനുള്ള ശ്രമമാണ് എന്ന് വ്യാഖ്യാനിക്കുന്നതിൽ തെറ്റില്ല. ഒന്നും ഒളിച്ചുവയ്ക്കാൻ ഇല്ലെങ്കിൽ മാന്യമായ നിലപാട് സ്വീകരിക്കണം. കെ.രാധാകൃഷ്ണന്‍റെ വാഹനം പരിശോധിച്ചപ്പോൾ നിങ്ങൾ പ്രതിഷേധിച്ചില്ലല്ലോ? തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന എല്ലാ പരിശോധനയുമായും സഹകരിക്കാൻ എൽഡിഎഫ് തയാറാണ്. ഷാഫി പറമ്പിലിന്‍റെയും രാഹുലിന്‍റെയും വാഹനം മാത്രമല്ല പരിശോധിച്ചത്. നിരവധി നേതാക്കളുടെ വാഹനങ്ങൾ പരിശോധിച്ചിട്ടുണ്ട്. സാധാരണ നിലയിൽ വാഹന പരിശോധനയോട് സഹകരിച്ചു പോയാൽ പോരെ. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് പക്വമായ നിലപാടാണോ? ശരിയായ നിലപാടാണോ ? എന്നും രാമകൃഷ്ണൻ ചോദിച്ചു.
മടിയിൽ കനമുള്ളവനേ പേടിക്കേണ്ടതുള്ളൂവെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. എല്ലാവരുടെയും പെട്ടി പരിശോധിച്ചിട്ടുണ്ട്. ഒരു കൂട്ടർക്ക് മാത്രം പെട്ടിയുടെ കാര്യത്തിൽ ഇത്ര പേടി എന്താണെന്നും മന്ത്രി ചോദിച്ചു. ഞങ്ങളുടെ എല്ലാവരുടെയും പെട്ടി പരിശോധിച്ചോട്ടെ. തെരഞ്ഞെടുപ്പ് സമയത്ത് പരിശോധന സ്വാഭാവികമാണ്. താൻ സ്ഥാനാർഥിയായി മത്സരിക്കുന്ന സമയത്ത് പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

