'വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ഇറക്കിയ എന്റെ നേരെ ചെളി വാരി എറിഞ്ഞു'; യുഡിഎഫ് അവഗണന എണ്ണിപ്പറഞ്ഞ് അൻവർ
'ഇനി പ്രതീക്ഷ കെ.സി വേണുഗോപാലില്‍, അദ്ദേഹത്തോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്'

നിലമ്പൂര്‍: പാലക്കാട്, ചേലക്കര തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് പിന്തുണ കൊടുത്തെങ്കിലും തന്നെ അവഗണിച്ചെന്ന് തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍. പാലക്കാട് തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിച്ചു.പിൻവലിച്ച സ്ഥാനാർഥിയോട് യുഡിഎഫ് നേതൃത്വം നന്ദി പോലും പറഞ്ഞില്ല.ടിഎംസി നിർത്തിയിരുന്ന സ്ഥാനാർഥി അപമാനിതനായെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'വയനാട് യുഡിഎഫിന് നിരുപധിക പിന്തുണ കൊടുത്തു. പനമരം പഞ്ചായത്ത് എല്‍ഡിഎഫില്‍ നിന്ന് മറിച്ച് യുഡിഎഫിന്‍റെ കയ്യിൽ കൊടുത്തു.ചുങ്കത്തറ പഞ്ചായത്തും യുഡിഎഫിലേക്ക് എത്തിച്ചു.മുന്നണി പ്രവേശനത്തിന് യുഡിഎഫിന് കത്ത് കൊടുത്തിട്ട് നാല് മാസമായി.ഈ മാസം രണ്ടിന് പ്രവേശന ചുമതല യുഡിഎഫ് സതീശന് നൽകി. പിന്നീട് ഒരു മറുപടിയും ഇല്ല.ഈ മാസം 15 ന് വി ഡി സതീശൻ രണ്ട് ദിവസത്തിനകം മറുപടി പറയാം എന്ന് പറഞ്ഞു.ഒന്നും നടന്നില്ല'..അന്‍വര്‍ പറഞ്ഞു.
'ഞാന്‍ രാജിവെച്ചത് പിണറായി ഭരണത്തിന് അന്ത്യം കുറിക്കാനാണ്.അതിന് അനുസരിച്ച സ്ഥാനാർഥി ആകണ്ടേ?സ്ഥാനാർഥിയുടെ കുഴപ്പം കൊണ്ട് ഒരു വോട്ടും പോകരുത്. ഇപ്പോൾ യുഡിഎഫ് നിർത്തിയ സ്ഥാനാർഥിയെ കുറിച്ച് ഇനി ചർച്ചക്കില്ല. ഞാൻ അധികപ്രസംഗം നടത്തിയെന്നാണ് പറയുന്നത്. എവിടെയാണ് അധികപ്രസംഗം നടത്തിയത്? അന്‍വര്‍ ചോദിച്ചു.
വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ഇറക്കിയ എന്റെ നേരെ ചെളി വാരി എറിഞ്ഞു.എന്താണ് ഞാൻ ചെയ്ത തെറ്റ് ?.എന്നെ ദയാ വധത്തിന് വിട്ടിരിക്കുകയാണ്. അധികാര മോഹം ഉണ്ടെങ്കിൽ താൻ എംഎല്‍എ സ്ഥാനം രാജി വെക്കില്ലായിരുന്നെന്നും അന്‍വര്‍ പറഞ്ഞു.
'ഇനി തന്‍റെ പ്രതീക്ഷ കെ.സി വേണുഗോപാലിലാണ്. അദ്ദേഹവുമായി സംസാരിക്കും. അദ്ദേഹത്തോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.കെ.സി വേണുഗോപാലിൽ പ്രതീക്ഷയുണ്ട്.അദ്ദേഹത്തിന് നല്ല നേതൃശേഷിയുണ്ട്.മുസ്‍ലിം ലീഗ് നേതൃത്വം നിസ്സഹായരാണ്.രമേശ് ചെന്നിത്തല നിരന്തരം കാര്യങ്ങൾ സംസാരിക്കുന്നുണ്ട്.ടിഎംസി സ്ഥാനാർഥിയെ നിർത്തിയാൽ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി പ്രചാരണത്തിന് വരുമെന്ന് പറഞ്ഞിട്ടുണ്ട്. പ്രചാരണത്തിന് 10 മന്ത്രിമാരെ അയക്കാമെന്ന് പറഞ്ഞിട്ടുണ്ട്.നാണം കെട്ട തീരുമാനത്തിന് പോകേണ്ടെന്നാണ് നേതൃത്വം പറഞ്ഞത്. നോമിനേഷൻ കൊടുക്കാനും ടിഎംസി നേതൃത്വം പറഞ്ഞിട്ടുണ്ട്' പി.വി അൻവർ പറഞ്ഞു.
ആര്യാടൻ ഷൗക്കത്ത് എങ്ങനെ സ്ഥാനാർഥിയായെന്ന് തനിക്കറിയാം. അത് ഇപ്പോള്‍ പറയുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇതിൽ പൂർണമായി കുറ്റക്കാരൻ ആണെന്ന് അഭിപ്രായമില്ല. സതീശനെ കുഴിയിൽ ചാടിച്ച ചിലർ ഉണ്ടെന്നും പി.വി അൻവർ പറഞ്ഞു.
Adjust Story Font
16

