Quantcast

'വനം- വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കാത്തതിനാൽ 20 ശതമാനം വോട്ട് എൽഡിഎഫിന് കുറഞ്ഞു'; വിമർശനവുമായി പി.വി അൻവർ

'അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇക്കാര്യങ്ങൾ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് ഇപ്പോൾ പറയുന്നത്'

MediaOne Logo

Web Desk

  • Updated:

    2024-09-23 10:10:04.0

Published:

23 Sept 2024 2:26 PM IST

വനം- വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കാത്തതിനാൽ 20 ശതമാനം വോട്ട് എൽഡിഎഫിന് കുറഞ്ഞു; വിമർശനവുമായി പി.വി അൻവർ
X

നിലമ്പൂർ: വനംവകുപ്പിന് രൂക്ഷ വിമർശനവുമായി പി.വി അൻവർ എംഎൽഎ. വനം- വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കാത്തതിനാൽ 20 ശതമാനം വോട്ട് LDFന് കുറഞ്ഞിട്ടുണ്ടെന്ന് അൻവർ പറഞ്ഞു. നിലമ്പൂരിൽ വനംവകുപ്പിന്റെ പരിപാടിയിൽ വനംമന്ത്രി വേദിയിലെരിക്കെയായിരുന്നു അൻവറിന്റെ വിമർശനം.

വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളുടേതിനേക്കാൾ മോശമാണെന്നും പി വി അൻവർ പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇക്കാര്യങ്ങൾ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് ഇപ്പോൾ പറയുന്നതെന്നും അൻവർ വ്യക്തമാക്കി.

പരിപാടിക്ക് ശേഷം, വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അൻവർ ശകാരിച്ചു. വാഹനം പാർക്ക് ചെയ്തിടത്തുനിന്ന് മാറ്റിയിടാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. ഇതാണ് പ്രകോപനത്തിലേക്ക് നയിച്ചത്. എന്നാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ അൻവർ ഇതിന് വിശദീകരണവുമായെത്തി.

'പരിപാടി നടക്കുന്നതിനിടയിൽ കോമ്പൗണ്ടിൽ പാർക്ക്‌ ചെയ്തിരുന്ന 'എംഎൽഎ ബോർഡ്‌' വച്ച വാഹനം ഒരു ഫോറസ്റ്റ്‌ ഉദ്യോഗസ്ഥൻ വന്ന് മൂന്ന് തവണ മാറ്റി ഇടീച്ചു. വാഹനം പാർക്ക്‌ ചെയ്യാൻ അനുവദിക്കാതെ, പരിപാടിക്കെത്തുന്നിടത്തെല്ലാം എംഎൽഎ ഇനി വാഹനം തലയിൽ ചുമന്നൊണ്ട്‌ നടക്കണമെന്നാണോ, ആണെങ്കിൽ, അതൊന്നും അംഗീകരിച്ച്‌ കൊടുക്കാൻ മനസ്സില്ല.' - എന്നായിരുന്നു അൻവറിൻ്റെ പ്രതികരണം.

പരസ്യ പ്രസ്താവന താത്കാലികമായി നിർത്തുകയാണെന്ന് ഇന്നലെ അൻവർ പറഞ്ഞിരുന്നു. തന്റെ പാർട്ടിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും, നീതി ലഭിക്കും എന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പാർട്ടിയാണ് എല്ലാത്തിനും മുകളിലെന്നും, സാധാരണക്കാരായ ജനങ്ങളാണ് പാർട്ടിയുടെ അടിത്തറയെന്നും അൻവർ തന്റെ കുറിപ്പിൽ പറയുന്നുണ്ട്.

അൻവറിന്റെ നിലപാടിൽ പാർട്ടിക്ക് യോജിക്കാൻ കഴിയില്ലെന്നും പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്നും പിന്തിരിയണമെന്ന് അഭ്യർഥിക്കുന്നതായും പാർട്ടി ഇന്നലെ പ്രസ്താവനയിലൂടെ എംഎൽഎക്ക് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് താൽകാലികമായി പരസ്യപ്രസ്താവന നിർത്തുകയാണെന്ന തീരുമാനവുമായി അൻവർ രം​ഗത്തുവന്നത്.

TAGS :

Next Story