Quantcast

ഗവർണറുടെ ചായ സൽക്കാരത്തിൽ നിന്ന് വിട്ടു നിന്ന് ആർ.ശ്രീലേഖ

എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ കൗൺസിലർമാർ ചായ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-01-10 16:23:57.0

Published:

10 Jan 2026 9:45 PM IST

ഗവർണറുടെ ചായ സൽക്കാരത്തിൽ നിന്ന് വിട്ടു നിന്ന് ആർ.ശ്രീലേഖ
X

തിരുവനന്തപുരം: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം കോർപറേഷൻ കൗൺസിലർമാർക്കായി ഗവർണർ രാജേന്ദ്ര അർലേക്കർ സംഘടിപ്പിച്ച ചായ സൽക്കാരത്തിൽ നിന്ന് വിട്ടു നിന്ന് ബിജെപി കൗൺസിലർ ആർ.ശ്രീലേഖ. ശാസ്തമംഗലം കൗൺസിലറായ ശ്രീലേഖ മേയറാക്കാത്തതിലുള്ള നീരസം മുമ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഗവർണർ സംഘടിപ്പിച്ച ചായ സൽക്കാരത്തിൽ നിന്നും വിട്ടു നിന്നത്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ കൗൺസിലർമാർ ചായ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബിജെപി ആർ.ശ്രീലേഖയെ മേയറാക്കും എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തിന് പിന്നാലെ വി.വി രാജേഷ് മേയറാവുകയായിരുന്നു. കോർപറേഷനിലെ മേയറുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്നും ആർ.ശ്രീലേഖ വിട്ടു നിന്നിരുന്നു. മേയർ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞാണ് ശ്രീലേഖ അന്നു പോയത്. ദിവസങ്ങൾക്ക് മുമ്പാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ നൽകിയ അഭിമുഖത്തിൽ ശ്രീലേഖ തന്റെ നീരസം പ്രകടിപ്പിച്ചത്. മേയർ ആക്കാമെന്ന ഉറപ്പിലാണ് താൻ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് എന്നായിരുന്നു ശ്രീലേഖ പറഞ്ഞത്. അഭിമുഖത്തിൽ ആർ.ശ്രീലേഖ പറഞ്ഞത് ഇങ്ങനെ-

'എന്നെ ഈ തെരഞ്ഞെടുപ്പിന് നിർത്തിയത് തന്നെ കൗൺലിറായി നിൽക്കാനല്ല. മേയറാകും എന്ന വാഗ്ദാനത്തിന്റെ പുറത്താണ് ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമ്മതിച്ചത്. ഞാനായിരിക്കും ഈ തെരഞ്ഞെടുപ്പിന്റെ മുഖം എന്ന് പറയുന്നത് കേട്ടപ്പോഴാണ് സമ്മതിച്ചത്. സ്ഥാനാർഥികൾക്ക് എല്ലാവർക്കുംവേണ്ടി പ്രവർത്തിക്കണമെന്ന് പറഞ്ഞു. ഞാൻ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്. പാർട്ടി അങ്ങനെ പറഞ്ഞാണ് പ്രചാരണം നടത്തിയത്. മാധ്യമങ്ങളിലും ചർച്ചകൾക്ക് വിട്ടത് എന്നെയായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിന് ശേഷം എന്തോ കാരണം സാഹചര്യംമാറി. രാജേഷിന് മേയാറായിട്ടും ആശാനാഥിന് ഡെപ്യൂട്ടി മേയാറായും കുറച്ച് കൂടി നന്നായി പ്രവർത്തിപ്പിക്കാൻ പറ്റുമെന്ന് കേന്ദ്ര നേതൃത്വത്തിന് തോന്നിയെന്നാണ് എന്റെ കണക്ക് കൂട്ടൽ. രാഷ്ട്രീയമാകുമ്പോൾ ഓരോരുത്തരുടേയും താത്പര്യംമനുസരിച്ച് മാറാം. കേന്ദ്ര നേതൃത്വത്തിൽനിന്ന് ഇങ്ങനെ പറഞ്ഞുവെന്ന് പറയുമ്പോൾ പോടാ പുല്ലേ എന്ന് പറഞ്ഞ് എതിർത്ത് ഓടാൻ എനിക്ക് പറ്റില്ല. കാരണം എന്നെ ജയിപ്പിച്ച കുറേ ആൾക്കാർ ഇവിടെയുണ്ട്. അവരോടുള്ള ആത്മാർത്ഥതയും കൂറും ഉള്ളതുകൊണ്ട് അഞ്ചുവർഷത്തേക്ക് തുടരാം എന്ന് തീരുമാനിച്ചിരിക്കുകയാണ്. ചിലപ്പോൾ അത് നല്ലതിനായിരിക്കും' ശ്രീലേഖ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ ഒപ്പിടാത്തതിനെ തുടർന്ന് ശ്രീലേഖയുടെ വോട്ട് അസാധുവായിരുന്നു. അതിന് പിന്നാലെയാണ് ഗവർണറുടെ ചായ സൽക്കാരത്തിൽ നിന്ന് ശ്രീലേഖ വിട്ടു നിന്നിരിക്കുന്നത്.

TAGS :

Next Story